എരുമേലി കെ എസ് ആർ ടി സി ഡിപ്പോയ്ക്ക് സ്ഥലം ഏറ്റെടുത്തു നൽകണമെന്ന് ആവശ്യപ്പെട്ടു എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രമേയം പാസാക്കി

എരുമേലി കെ എസ് ആർ ടി സി ഡിപ്പോയ്ക്ക് സ്ഥലം ഏറ്റെടുത്തു നൽകണമെന്ന് ആവശ്യപ്പെട്ടു എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രമേയം പാസാക്കി.നിലവിൽ തിരുവിതാംകൂർ ദ്വേവസം ബോർഡിൽ നിന്നും പാട്ടത്തിനെടുത്ത 70 സെന്റ് സ്ഥലത്തെ പരിമിതമായ സാഹചര്യത്തിലാണ് സ്റ്റാൻഡ് പ്രവർത്തിക്കുന്നത്.

സംസ്ഥാനത്ത് ജനകീയസൂത്രണ പദ്ധതി പ്രകാരം ആദ്യമായി നിർമ്മിക്കപ്പെട്ട കെ എസ് ആർ ടി സി ഓപ്പറേറ്റിംഗ് സെന്ററിന്റെ വികസന പ്രവർത്തനങ്ങൾക്ക് സ്ഥല പരിമിതി തടസം സൃഷ്ടിക്കുന്നതായും കൂടുതൽ സർവീസുകൾ ഉൾപ്പെടെ ഓപ്പറേറ്റ് ചെയ്യുന്നതിന് സ്ഥലം ഏറ്റെടുത്തു നൽകുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കെ എസ് ആർ ടി സി അധികൃതർ കഴിഞ്ഞ ദിവസം പഞ്ചായത്ത്‌ പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടികട്ടി കത്ത് നൽകിയിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിൽ വിഷയം ചർച്ച ചെയ്യണമെന്ന് ജനപ്രതിനിധികളായ ഷാനവാസ്‌ അബ്ദുൾ ഖാദർ , ജെസ്‌ന നജീബ് എന്നിവർ ആവശ്യപ്പെട്ടതിനെ തുടർന്ന് പഞ്ചായത്ത്‌ കമ്മറ്റി വിഷയം ചർച്ചയ്ക്ക് എടുക്കുകയായിരുന്നു. തുടർന്ന് തീർത്ഥാടന കേന്ദ്രമായ എരുമേലിയിൽ ഡിപ്പോയ്ക്ക് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു പ്രമേയം പാസാക്കുകയായിരുന്നു .

ടൗണിന് സമീപം നേർച്ചപ്പാറ വാർഡിൽ തളികപ്പാറയിൽ ഭവന നിർമാണ ബോർഡിന്റെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്തിൽ ഡിപ്പൊയുടെ പ്രവർത്തനത്തിനായുള്ള നാലര ഏക്കർ ഏറ്റെടുത്തു നൽകുവാനുള്ള സാധ്യതകളാണ് തേടുന്നത്.ഇതിനായി പൊതുഭരണ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയെയും ഗതാഗത വകുപ്പ് മന്ത്രിയെയും ഉൾപ്പെടെ കാണുമെന്നും പ ഞ്ചായത്ത് പ്രസിഡണ്ട്‌ തങ്കമ്മ ജോർജ്കുട്ടി പറഞ്ഞു.ജൂൺ ആദ്യവാരം കെ എസ് ആർ ടി സി ഡിപ്പൊയുടെ വികസനം സംബന്ധിച്ച് എം എൽ എ സെബാസ്ട്യൻ കുള ത്തുങ്കലിന്റെ നേതൃത്വത്തിൽ ഡിപ്പോയിൽ നടത്തിയ യോഗത്തിൽ സ്ഥലം ഏറ്റെടുക്കുവാനുള്ള സാദ്ധ്യതകൾ സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ചായത്ത്‌ കമ്മറ്റി പ്രമേയം പാസാക്കിയത്. നിലവിൽ 11 ഫാസ്റ്റ് പാസഞ്ചർ സർവീസുകളും 14 ഓർഡിനറി സർവീസുകളും ഉൾപ്പെടെ 25 ഷെഡ്യുളുകൾ ആണ് സെന്ററിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്നത്. അന്തർ സംസ്ഥാന ദീർഘ ദൂര സർവീസുകൾ ഉൾപ്പെടെ കൂടുതൽ സർവീസുകൾക്കായി ആവശ്യം ഉയരുന്നുണ്ടെങ്കിലും ഡിപ്പൊയുടെ സ്ഥല പരിമിതിയാണ് പ്രശ്നങ്ങൾ ഉയർത്തുന്നത്.സ്ഥല പരിമിതി മൂലം മെയിൻ റോഡിലാണ് രാത്രികാലങ്ങളിൽ ബസുകൾ പാർക്ക്‌ ചെയ്യുന്നത്.ആകെയുള്ള 124 ജീവനക്കാർക്കോ ഡിപ്പോയിൽ എത്തുന്ന യാത്രക്കാർക്കോ മതിയായ സൗകര്യങ്ങൾ പോലും നിലവിൽ ഡിപ്പോയിൽ ഇല്ല.ഡിപ്പൊയുടെ വികസനം യാഥാർഥ്യമാക്കുന്നതിന് പ്രമേയം പാസ്സാക്കിയ പഞ്ചായത്തിന്റെ നടപടി സ്വാഗതം ചെയ്യുന്നുവെന്നും സ്ഥലം ഏറ്റെടുക്കൽ നടപടികൾ ത്വരിതപ്പെടുത്തണമെന്നും കെ എസ് ആർ ടി സി എംപ്ലോയീസ് അസോസിയേഷൻ (സി ഐ ടി യു ) എരുമേലി യൂണിറ്റ് കമ്മറ്റി ആവശ്യപ്പെട്ടു.

error: Content is protected !!