ലൈജുവും കുടുംബവും ആശ്വാസമേകി എസ്.എൻ.ഡി.പി. യോഗം എരുമേലി യൂണിയൻ ഗുരുകാരുണ്യം പദ്ധതിയിൽ വീട് നിർമ്മിച്ച് നൽകി
എരുമേലി: സ്വന്തമായി വീടില്ലാതെ, ഓലഷെഡിൽ ബുദ്ധിമുട്ടി ജീവിച്ചിരുന്ന മൂക്കംപെട്ടി സ്വദേശി ലൈജുവും കുടുംബവും ആശ്വാസമേകി എസ്.എൻ.ഡി.പി. യോഗം എരുമേലി യൂണിയന്റെ നേതൃത്വത്തിൽ മനോഹരമായ വീട് പണിതു നൽകി. ജൻമനാ ഒരുകൈയ്ക്ക് സ്വാധീനക്കുറവുള്ള ലൈജു ഭാര്യയ്ക്കും മൂന്ന് കുട്ടികൾക്കുമൊപ്പം മഴയിൽ ചോർന്നൊലിക്കുന്ന ഓല ഷെഡ്ഡിലായിരുന്നു താമസം.
കുടുംബത്തിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കി എരുമേലി യൂണിയന്റെ നേതൃത്വത്തിൽ ഗുരുകാരുണ്യം പദ്ധതിയിൽ വീട് നിർമിക്കുകയായിരുന്നുവെന്ന് എരുമേലി യൂണിയൻ കൺവീനർ എം.വി. അജിത്കുമാർ പറഞ്ഞു. മൂക്കംപെട്ടി ശാഖായോഗത്തിന്റെ സഹകരണത്തോടെ മൂന്നുമാസംകൊണ്ട് വീടിന്റെ നിർമാണം പൂർത്തിയാക്കി. എരുമേലി യൂണിയൻ നേതാക്കളായ എം.ആർ.ഉല്ലാസ്, കെ.ബി.ഷാജി, എം.വി.അജിത് കുമാർ, വിനോദ് എരുമേലി, സന്തോഷ് പാലമൂട്ടിൽ, വിശ്വനാഥൻ പതാലിൽ, രവി കുമാർ, മൂക്കംപെട്ടി ശാഖാ ഭാരവാഹികളായ ശശിധരൻപാറയിൽ, ശിവദാസ് പുത്തൻപുരയിൽ, റെജിമോൻ പൊടിപ്പാറ, ദിലീപ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
താക്കോൽദാനം ബുധനാഴ്ച കണിച്ചുകുളങ്ങരയിൽ നടക്കും. എസ്.എൻ.ഡി.പി. യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വീടിന്റെ താക്കോൽ ലൈജുവിന് കൈമാറും.