ഒന്നിച്ചുപൊരുതി വിജയിച്ച് മുണ്ടക്കയം
മുണ്ടക്കയം: മുന്നൊരുക്കങ്ങളും ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളും നടക്കുമ്പോഴും പഞ്ചായത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർധിക്കുന്നത് ആശങ്കയ്ക്കിടയാക്കുന്നു. ഇതിനിടയിലും സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് പ്രാദേശിക ഭരണകൂടം ഓരോവാർഡിലും നടത്തുന്നത്. മെഗാ പരിശോധന ക്യാമ്പുകൾ വാർഡുകളിലാരംഭിച്ചു.
ഓരോ വീട്ടിലുംകയറി ക്ഷേമം അന്വേഷിച്ച് അവർക്ക് ആവശ്യമുള്ളവ വീഴ്ചകൂടാതെ എത്തിച്ചു നൽകാനും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് മരുന്നും ഭക്ഷണവും പരാതിക്കിടയില്ലാത്തവിധം എത്തിച്ചുനൽകാനും പഞ്ചായത്തംഗങ്ങൾ ശ്രദ്ധ പുലർത്തുന്നു.
12-ാം വാർഡിലെ 16 വീട് ഒഴിച്ചുള്ള ബാക്കി എല്ലാ വീടുകളിലും അവരുടെ ആവശ്യം അറിഞ്ഞ് കൃത്യമായി സഹായമെത്തിക്കാനായതായി പഞ്ചായത്തംഗം കെ.എം.സോമരാജൻ പറഞ്ഞു. ഇതാടൊപ്പം ഭക്ഷ്യകിറ്റുകളും മരുന്നും എത്തിച്ചുനൽകി. കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങി നൽകാനുമായി. ലോക് ഡൗൺ തുടങ്ങിയത് മുതൽ എട്ടാംവാർഡിൽ പോഷകാഹാര കിറ്റ് വിതരണം മുടങ്ങാതെ നടക്കുന്നു. നൂറ് രൂപ വിലവരുന്ന കിറ്റ് വിതരണം ആറാം ഘട്ടത്തിലെത്തി.
സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന മൂന്ന് കുട്ടികൾക്ക് മൊബൈൽഫോൺ വാങ്ങാൻ സുമനസ്സുകൾ പണം സ്വരൂപിച്ച് നൽകി.
ചോർന്നൊലിക്കുന്ന വണ്ടൻപതാൽ എൽ.പി.സ്കൂളിന്റെ മേൽക്കൂര വൃത്തിയായി പുതുക്കി നിർമിക്കാനും കോവിഡ് കാലത്ത് കഴിഞ്ഞു.
വാർഡിലെ ജനങ്ങളും യുവജനപ്രസ്ഥാനങ്ങളും പ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തതും എടുത്തുപറയത്തക്ക നേട്ടമാണെന്ന് പഞ്ചായത്തംഗം പി.എം.ഫൈസൽ മോൻ പറഞ്ഞു.
രോഗികളുടെ എണ്ണം കൂടുതലുണ്ടായിരുന്ന ഒൻപതാം വാർഡിൽ രോഗികളും നിരീക്ഷണത്തിൽ കഴിഞ്ഞവരുമായ 50 കുടുംബങ്ങൾക്ക് പത്തുദിവസം തുടർച്ചയായി ഭക്ഷണം നൽകാനായി.
വളർത്തുമൃഗങ്ങൾ പട്ടിണിയാകാതിരിക്കാൻ പുല്ല് എത്തിച്ചു. ബിരിയാണി ചലഞ്ച്, ചക്ക ചലഞ്ച് എന്നിവ നടത്തി കുട്ടികൾക്ക് പഠനോപകരണങ്ങളും രോഗികൾക്ക് മരുന്ന വാങ്ങാനുമുള്ള പണവും സ്വരൂപിച്ചതായി പഞ്ചായത്തംഗം സിനിമോൾ തടത്തിൽ.
ഇത്തരത്തിൽ മികച്ച രീതിയിൽ അവരവരുടെ വാർഡുകളിലെ ജനങ്ങളെ കോവിഡ് കാലത്ത് സംരക്ഷണം നൽകി ശ്രദ്ധേയ പ്രവർത്തനങ്ങൾ തന്നെയാണ് അഞ്ചാം വാർഡംഗം ജിനീഷ് മുഹമ്മദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും പതിനഞ്ചാം വാർഡംഗവുമായ ബിൻസി മാനുവൽ, പതിനാറാം വാർഡംഗം കെ.ടി.റെയ്ച്ചൽ, പതിനെട്ടാം വാർഡംഗം ഷീലമ്മ ഡൊമിനിക്, ഏഴാം വാർഡംഗം ജാൻസി തൊട്ടിപ്പാട്ട്, ഇരുപത്തിയൊന്നാം വാർഡംഗം ഷിജി ഷാജി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയത്. പോലീസ്, ആരോഗ്യ വകുപ്പ്, കുടുംബശ്രീ, അങ്കണവാടി, സന്നദ്ധ സംഘടന പ്രവർത്തകർ, രാഷ്ട്രിയ സാമൂഹിക പ്രവർത്തകർ റാപ്പിഡ് റെസ്പോൺസിബിൾ ടീം എന്നിവരുടെ കൂട്ടായ പ്രവർത്തനം എല്ലാ വാർഡിലും ഉണ്ടായി.
• ബിൻസി മാനുവൽ, 15-ാംവാർഡംഗം (വിദ്യാഭ്യാസ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ), കെ.എൻ.സോമരാജൻ (പന്ത്രണ്ടാംവാർഡംഗം) , സിനിമോൾ തടത്തിൽ (ഒൻപതാംവാർഡംഗം -മുൻ പ്രസിഡന്റ്), ഫൈസൽ മോൻ പി.എം. (എട്ടാം വാർഡംഗം) കെ.ടി.റെയ്ച്ചൽ (16-ാം വാർഡംഗം), ജിനീഷ് മുഹമ്മദ് (അഞ്ചാം വാർഡംഗം), ജാൻസി തൊട്ടിപ്പാട്ട് (ഏഴാം വാർഡംഗം), ഷീലമ്മ ഡൊമിനിക് (18-ാം വാർഡംഗം), ഷിജി ഷാജി (21-ാം വാർഡംഗം)