മുണ്ടക്കയത്ത് മിണ്ടാപ്പെണ്ണിന് ഉരിയാടാചെക്കന്‍ താലികെട്ടി …

 June 6, 2016 

മുണ്ടക്കയം: മുണ്ടക്കയത്ത് ഇന്നലെ അപൂർവമായ ഒരു ചടങ്ങിനു സാക്ഷ്യം വഹിച്ചു. വൈഎംസിഎ ഹാളില്‍ വച്ച് ഇന്നലെ മിണ്ടാപ്പെണ്ണായ നയനയുടെ കഴുത്തിൽ ഉരിയാടാചെക്കന്‍ ഉണ്ണിരാജ താലി കെട്ടി. ജന്മനാ തന്നെ മിണ്ടാനും, കേള്‍ക്കുവാനും കഴിയില്ലത്ത ഇവർക്ക് ഇടയിൽ ശബ്ദങ്ങളില്ല .. ഇനി അവരുടെ ഇടയിൽ മൌനം വാചാലമാകും. 

കോരൂത്തോട് കുഴിമാവ് അമ്പലവീട്ടില്‍ പി.എ.മോഹന്‍- ബീന ദമ്പതികളുടെ മകള്‍ നയന (23)യായിരുന്നു വധു. അടൂര്‍ മാങ്കൂട്ടം ഉദയാംപിളള വീട്ടില്‍ പി.രാജന്‍-ഉഷ ദമ്പതികളുടെ മകന്‍ ഉണ്ണിരാജയാണ് (27) നയനയ്ക്ക് വരണമാല്യം ചാര്‍ത്തിയത്. രണ്ടു പേര്‍ക്കും ജന്മനാ തന്നെ മിണ്ടാനും, കേള്‍ക്കുവാനും കഴിയില്ല. 

ഇരുവരുടേയും സഹപാഠികളെക്കൊണ്ടു മംഗല്യ ഹാള്‍ നിറഞ്ഞു. വൈകല്യങ്ങള്‍ക്കെല്ലാം അവധി നല്‍കി സഹപാഠികളെല്ലാം അന്യോന്യം ആംഗ്യഭാഷയിലൂടെ ആശയവിനിമയം നടത്തി വിവാഹം ആഘോഷമാക്കി അവരുടെ ലോകം തീര്‍ത്തു. നവവധൂരന്‍ന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നു, മധുരം പങ്കുവെച്ചു.

ഹയര്‍സെക്കന്‍ഡറി ക്‌ളാസ് തലം വരെ സ്‌പെഷ്യല്‍ സ്‌ക്കൂളില്‍ പഠിച്ച നയന ബി കോം ബിരുദധാരിയാണ്. ഉണ്ണിരാജയാകട്ടെ സിവില്‍ എന്‍ജിനീയറിംഗ് ഡിഗ്രി നേടി. പത്രപരസ്യത്തിലുടെയാണ് ഇരു വീട്ടുകാരും മക്കള്‍ക്ക് അനുയോജ്യരായ പങ്കാളികളെ കണ്ടെത്തിയത്. ഇരുവരും പഠനത്തില്‍ മുന്നിലാണെന്നും, സമചിത്തതയോടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുവാന്‍ പ്രത്യേക കഴിവുളളവരാണെന്നും രക്ഷാകര്‍ത്താക്കള്‍ പറയുന്നു. 

മിണ്ടാനും, കേള്‍ക്കാനും കഴിയില്ലെങ്കിലും വൈകല്യങ്ങളെ പൂമാലകളാക്കി എല്ലാവരുടേയും അനുഗ്രഹാശിസുകളുമായി ഉണ്ണിരാജയും, നയനയും ജീവിത യാത്ര തുടങ്ങി.

error: Content is protected !!