കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ അജിത രതീഷ് പ്രസിഡന്റ്
കാഞ്ഞിരപ്പള്ളി: എൽ.ഡി.എഫിന് ഭൂരിപക്ഷമുള്ള ബ്ലോക്ക് പഞ്ചായത്തിൽ സി.പി.എമ്മിലെ അജിത രതീഷ് പ്രസിഡന്റാകും. കേരള കോൺഗ്രസ് എമ്മിനാണ് വൈസ് പ്രസിഡന്റ് സ്ഥാനം.
വനിതാ സംവരണമാണ് ഇത്തവണ പ്രസിഡന്റ് സ്ഥാനം. വണ്ടൻപതാൽ ഡിവിഷനിൽനിന്ന് രണ്ടാംതവണയാണ് അജിത രതീഷ് തിരഞ്ഞെടുക്കപ്പെടുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് കോവിഡ് ബാധിച്ച് നിരീക്ഷണത്തിലായിരുന്ന അജിത 49 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.
എൽ.ഡി.എഫിന് ഭരണം ലഭിച്ചിരിക്കുന്ന പാറത്തോട് ഗ്രാമപ്പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം കേരള കോൺഗ്രസ് എമ്മിനാണ്. 18-ാംവാർഡിൽനിന്ന് വിജയിച്ചെത്തിയ ജോണിക്കുട്ടി മഠത്തിനകം ആദ്യടേമിൽ പ്രസിഡന്റാകും. വൈസ് പ്രസിഡന്റ് സ്ഥാനം സി.പി.എമ്മിനാണ്. കേരള കോൺഗ്രസിനും സി.പി.എമ്മിനും അഞ്ചുവീതം അംഗങ്ങളുള്ള പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം സി.പി.എമ്മും ആവശ്യപ്പെട്ടിരുന്നു. കാലാവധി സംബന്ധിച്ച് ചർച്ചകൾ മുന്നണിക്കുള്ളിൽ പുരോഗമിക്കുകയാണ്. മൂന്ന് അംഗങ്ങളുള്ള സി.പി.ഐ.യുടെ നിലപാടും നിർണായകമാണ്. കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്തിൽ കെ.ആർ.തങ്കപ്പനെ പ്രസിഡന്റായി നേരത്തേതന്നെ നിശ്ചയിച്ചിരുന്നു. കേരള കോൺഗ്രസ് എമ്മിലെ റോസമ്മ തോമസ് പുളിക്കലാണ് വൈസ് പ്രസിഡന്റ്.