ചെലവ് ഭീമം : എരുമേലി പഞ്ചായത്തിന്റെ കോവിഡ് ചികിത്സാ കേന്ദ്രം (സിഎഫ്എൽടിസി) കൈമാറാൻ നീക്കം….
എരുമേലി : തൊട്ടരികിൽ ജനകീയ ഹോട്ടൽആരംഭിച്ചിട്ടും പഞ്ചായത്തിന്റെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് ദിവസവും ഭക്ഷണം നൽകിയത് അകലെയുള്ള സ്വകാര്യ ഹോട്ടലിൽ നിന്നും. കൊട്ടേഷനും ടെണ്ടറും ഇല്ലാതെ നടത്തിയ ഈ ഇടപാടിലൂടെ മാസം തോറും ചെലവായത് വൻ തുക. നഷ്ടം മൂലം ജനകീയ ഹോട്ടൽ പൂട്ടിയിട്ടും സ്വകാര്യ ഹോട്ടലിലെ ഭക്ഷണം വേണ്ടെന്നു വെച്ചില്ല. ഒടുവിൽ ഭക്ഷണം, മരുന്ന്, വെള്ളം, ശമ്പളം, അറ്റകുറ്റപ്പണി, ഉൾപ്പെടെ ചെലവ് താങ്ങാനാകാതെ ആശുപത്രി ഏറ്റെടുക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ സമിതിയോട് അഭ്യർത്ഥിക്കാൻ പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു.
എരുമേലി പഞ്ചായത്ത് നടത്തുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാണ് താങ്ങാനാവാത്ത ചെലവ് മൂലം പഞ്ചായത്തിന് ബാധ്യതയായത്. ബ്ലോക്ക് പഞ്ചായത്തിന് ആശുപത്രി കൈമാറണമെന്നാണ് ജില്ലാ കളക്ടർ അധ്യക്ഷയായ ദുരന്ത നിവാരണ സമിതിയോട് പഞ്ചായത്ത് അഭ്യർത്ഥിച്ചിരിക്കുന്നത്. ആശുപത്രിയുടെ പ്രവർത്തനം തുടങ്ങിയിട്ട് ഒരു വർഷം അടുക്കാറായി. കഴിഞ്ഞ വർഷം സെപ്റ്റംബർ 24 നാണ് പ്രവർത്തനം തുടങ്ങിയത്. ഇന്നലെ വരെ മൊത്തം 1939 കോവിഡ് രോഗികൾക്ക് ചികിത്സ ഉൾപ്പെടെ ഭക്ഷണം, താമസ സൗകര്യം നൽകി. മരണ സംഖ്യ ഏഴാണ്. ആകെ 3209437 രൂപയാണ് ഫണ്ട് ലഭിച്ചത്. അതേസമയം ചെലവാകട്ടെ ഇതിന്റെ ഇരട്ടി കടന്ന് 66 ലക്ഷം വരെ എത്തി നിൽക്കുകയാണ്. ഈ വർഷം മാർച്ച് ആറ് വരെ വാടക ഇല്ലാതെ കോട്ടയം വിജയപുരം രൂപതയുടെ മുക്കൂട്ടുതറ പ്രപ്പോസിലെ അസീസി ഹോസ്റ്റലിലാണ് ആശുപത്രി പ്രവർത്തിച്ചിരുന്നത്. തുടർന്ന് എരുമേലി പേട്ടക്കവലയിൽ വാടക വ്യവസ്ഥയിൽ സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റി. ഇവിടെ മാസം തോറും കക്കൂസ് മാലിന്യം നീക്കേണ്ട സ്ഥിതിയാണെന്ന് അധികൃതർ പറയുന്നു. കുടിവെള്ളം വില നൽകി ടാങ്കർ ലോറിയിൽ എത്തിക്കുകയാണ്. 900 രൂപ വീതം നേഴ്സുമാർക്കും 750 രൂപ വീതം ശുചീകരണ ജീവനക്കാർക്കും ദിവസ വേതനം നൽകണം. വൈദ്യുതി ചാർജ് മാത്രം കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിൽ ചെലവായത് 49668 രൂപയാണ്. ഭക്ഷണത്തിന്റെ കണക്ക് പരിശോധിച്ചാൽ ഇക്കഴിഞ്ഞ ജനുവരി അഞ്ച് മുതൽ 14 വരെയുള്ള ഒമ്പത് ദിവസത്തെ ഭക്ഷണ ചെലവ് 77529 രൂപയാണ്. സെപ്റ്റിക് ടാങ്ക് ക്ലീൻ ചെയ്യാൻ മാസം തോറും 20000 രൂപ വേണം. കഴിഞ്ഞ ദിവസം ആശുപത്രിയിലെ രണ്ട് നേഴ്സുമാർക്കും മൂന്ന് ശുചീകരണ ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. താലൂക്കിൽ മുടങ്ങാതെ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന സിഎഫ്എൽടിസി കൂടിയാണ് എരുമേലിയിലേത്. സമീപ പഞ്ചായത്തുകളിലെ രോഗികൾക്കും ഇവിടെ ചികിത്സ നൽകുന്നുണ്ട്. ആശുപത്രിയിൽ അധികം വന്ന കിടക്കകൾ മറ്റ് പഞ്ചായത്തുകളിലെ ഡിസിസി കൾക്ക് വിട്ട് നൽകുകയും ചെയ്തിരുന്നു. ഡോക്ടർ ഉൾപ്പെടെ സേവനം ലഭിച്ചുകൊണ്ടിരുന്ന ഇവിടെ ഇടയ്ക്ക് ഡിസിസി ആക്കി മാറ്റിയെങ്കിലും കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ വീണ്ടും സിഎഫ്എൽടിസി ആക്കുകയായിരുന്നു. മികച്ച ചികിത്സയും പരിചരണവും ഉൾപ്പെടെ മെച്ചപ്പെട്ട സേവനമാണ് ലഭിച്ചിരുന്നതെങ്കിലും ഇടയ്ക്ക് ഭക്ഷണ നിലവാരം സംബന്ധിച്ച് പരാതികൾ ഉയർന്നിരുന്നു. ആശുപത്രിയുടെ ദൈനംദിന ചെലവിനായി തുക വിനിയോഗിക്കുന്നത് പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നാണ്. മാസം തോറും പഞ്ചായത്ത് കമ്മറ്റി ഈ തുകയ്ക്ക് അംഗീകാരം നൽകുന്നതോടെയാണ് പാസാക്കുന്നത്. പിന്നീട് ഈ തുക ജില്ലാ ദുരന്ത നിവാരണ സമിതിയിൽ നിന്നും പഞ്ചായത്തിന് നൽകും. എന്നാൽ ചെലവായതിന്റെ പകുതിയോളം തുകയാണ് ഇങ്ങനെ ലഭിച്ചതെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. തനത് ഫണ്ട് ഉപയോഗിച്ച് മറ്റ് വികസന പദ്ധതികൾ നടത്താൻ ഫണ്ടിന്റെ അപര്യാപ്തത മൂലം തടസം നേരിട്ടതോടെയാണ് കോവിഡ് ചികിത്സാ കേന്ദ്രത്തിന് ചെലവാകുന്ന തുകയാണ് പ്രധാന പ്രശ്നമെന്ന് വ്യക്തമായത്. ബ്ലോക്ക് പഞ്ചായത്ത് നടത്തിയിരുന്ന സിഎഫ്എൽടിസി ഇപ്പോൾ പ്രവർത്തിക്കുന്നില്ല. പകരം എരുമേലിയിലെ സിഎഫ്എൽടിസി ബ്ലോക്കിന് കൈമാറുകയാണെങ്കിൽ പഞ്ചായത്ത് നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമാകുമെന്നും എരുമേലിയിൽ കോവിഡ് ആശുപത്രി നിലനിർത്താനാകുമെന്നുമാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.