ഗാന്ധിസ്മരണയിൽ ഇടക്കുന്നം ഗാന്ധിജിസ്മാരക വായനശാല

  

പാറത്തോട് ഇടക്കുന്നം ഗാന്ധിജി സ്മാരക ഗ്രന്ഥശാല

കാഞ്ഞിരപ്പള്ളി: പാറത്തോട് ഇടക്കുന്നം കൊച്ച് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഗാന്ധിജി സ്മാരകഗ്രന്ഥശാലയ്‌ക്ക് സ്വാതന്ത്ര്യ സമരപോരാട്ടങ്ങളുടെ ചരിത്രം പറയാനുണ്ട്. 75-ന്റെ നിറവിൽ നിലനിൽക്കുന്ന ഗ്രന്ഥശാല ആരംഭിക്കുന്നത് സ്വാതന്ത്ര്യസമരപോരാട്ടങ്ങളുടെ വിവരങ്ങളറിയുവാൻ ചെറിയ വായനകൂട്ടായ്മയായിട്ടാണ്. 

ഇടക്കുന്നത്ത് എൻ.എസ്.എസ്. ഓഡിറ്റോറിയം സ്ഥിതി ചെയ്യുന്ന പഴയ കെട്ടിടത്തിലാണ് പത്രം വായിക്കുന്നതിനും സ്വാതന്ത്ര്യ സമരപോരാട്ടങ്ങളുടെ വിവരങ്ങൾ അറിയുവാനുമായി പ്രദേശവാസികൾക്കായി സൗകര്യമൊരുക്കുന്നത്. സ്വാതന്ത്ര്യ സമരപോരാട്ടങ്ങൾക്കായി നാട്ടിൽനിന്ന് പോയവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലാതിരുന്ന കാലത്ത് ഈ വായനശാലയായിരുന്നു നാട്ടുകാരുടെ ഏക ആശ്രയം. മേഖലയിൽ ആദ്യമായി റേഡിയോ എത്തിച്ചതും വായനശാലയിലാണ്. റേഡിയോ കേൾവിക്കാർക്കായി റേഡിയോ ക്ലബ്ബും നിലനിന്നിരുന്നു. 

സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം പുസ്തകങ്ങൾ ശേഖരിക്കുകയും പിന്നീട് ഗ്രന്ഥശാലയായി മാറ്റുകയും ചെയ്തു. മഹാത്മാഗാന്ധിയുടെ മരണശേഷം ഗാന്ധിജിയുടെ പേര് ഗ്രന്ഥശാലയ്ക്ക് നൽകി. 1965-ൽ പുതിയ കെട്ടിടത്തിലേക്ക് ഗ്രന്ഥശാലയുടെ പ്രവർത്തനം മാറ്റി. കാഞ്ഞിരപ്പള്ളി മേഖലയിൽ സഹൃദയ ഗ്രന്ഥശാലയ്ക്ക് ശേഷം മേഖലയിൽ ആരംഭിച്ചതും ഇടക്കുന്നത്തെ ഗാന്ധിജി സ്മാരക വായനശാലയാണ്. മൂവായിരത്തോളം പേർ അംഗത്വമെടുത്ത വായനശാലയിൽ ഇന്ന് ആയിരത്തിലധികം അംഗങ്ങൾ സജീവമായി പ്രവർത്തിക്കുന്നു. 

വിവിധ വിഭാഗങ്ങളിലായി 22500 പുസ്തകങ്ങളുടെ ശേഖരം ലൈബ്രറിയിലുണ്ട്. ആശാരിപറമ്പിൽ രാഘവൻ നായർ, പ്ലാമൂട്ടിൽ ഇസ്മയിൽ, വടക്കംപറമ്പിൽ ഗോപിനാഥൻനായർ, പുതുക്കോട്ട് പി.എം. ഹസൻപിള്ള, പ്ലാമൂട്ടിൽ സെയ്ദ്മുഹമ്മദ്, കൃഷ്ണവിലാസം ബി. പദ്‌മനാഭപിള്ള, ഇ. ചന്ദ്രശേഖരൻ നായർ എന്നിവരുടെ നേതൃത്വത്തിൽ നിരവധി തദ്ദേശീയവാസികളുടെയും പ്രവർത്തനത്തിലൂടെയാണ് ലൈബ്രറി കെട്ടിപടുത്തത്. ഇന്നും യുവതലമുറയടക്കമുള്ളവർ വായനാശാലയുടെ പ്രവർത്തനത്തിൽ സജീവമാണ്.

ഇടക്കുന്നം പ്രദേശത്തെ കലാ-സാഹിത്യ-സാംസ്‌കരിക മേഖലകളിൽ പ്രധാന പങ്കുവഹിക്കാൻ ഗ്രന്ഥശാലയ്ക്കായി. 

ഇന്നും മുടങ്ങാതെ രാവിലെ പത്രവായനകളിൽ നാട്ടുകാർ രാവിലെമുതൽ ഗ്രന്ഥശാലയിൽ സജീവമാണ്. പ്രസിഡന്റ് കെ.കെ. തോമസ്, സെക്രട്ടറി ടി.ആർ. രവിചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് ലൈബ്രറിയുടെ പ്രവർത്തനം.

error: Content is protected !!