കോസ്‌വേ പാലത്തിന്റെ തകർന്ന കൈവരികൾ പുനർനിർമിച്ചു
കൈവരികൾ പുനർനിർമിച്ച കോസ് വേ പാലം
മുണ്ടക്കയം: 2018-ലെ പ്രളയത്തിൽ തകർന്ന കോസ് വേ പാലത്തിന്റെ കൈവരികൾ പുനർനിർമിച്ചു. മുണ്ടക്കയത്തുനിന്നു എരുമേലി, കോരൂത്തോട്, കുഴിമാവ്, പുഞ്ചവയൽ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരാണ് കോസ് വേ ഉപയോഗിക്കുന്നത്. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഫണ്ടിൽനിന്നു അനുവദിച്ച മൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് അറ്റകുറ്റപ്പണി നടത്തിയത്.
പ്രളയകാലത്ത് മണിമലയാർ കരകവിഞ്ഞപ്പോൾ ഒഴുകിയെത്തിയ മരവും ശിഖരങ്ങളും പാലത്തിന്റെ കൈവരികളിൽ തട്ടിയാണ് നാശമുണ്ടായത്. കൈവരികൾ സ്ഥാപിച്ച ഇരുമ്പുകമ്പികൾ ഒടിയുകയും, തൂണുകൾ പാലത്തിൽ നിന്നു അടർന്നുമാറുകയും ചെയ്‌തു. ബൈപ്പാസ് റോഡിൽനിന്നു പാലത്തിലേക്ക് കയറുന്ന ഭാഗത്തെ സംരക്ഷണഭിത്തി തകർന്നത് കാൽനടയാത്രക്കാർക്കും ബൈക്കും, ഓട്ടോറിക്ഷയും പോലുള്ള ചെറുവാഹനങ്ങൾക്കും അപകടഭീഷണിയായിരുന്നു. ഇതിന് ശേഷമാണ് നിർമാണത്തിന് ഫണ്ട് അനുവദിച്ചത്. തകർന്ന കൈവരികളും സംരക്ഷണഭിത്തിയുമാണ് പുനഃസ്ഥാപിച്ചത്. താരതമ്യേന വീതികുറഞ്ഞ കോസ്‌വേയിലൂടെ കാൽനടയാത്രക്കാർക്ക് സഞ്ചാരത്തിനായി സമാന്തരമായ നടപ്പാലം നിർമിക്കണമെന്ന ആവശ്യമുണ്ട്.