പട്ടാപ്പകൽ റോഡരികിൽ ഒറ്റയാൻ; ഭയന്ന് യാത്രക്കാർ; അതിവേഗം വണ്ടിയോടിച്ച് ഡ്രൈവർ

എരുമേലി ∙ പമ്പാവാലി–കോരുത്തോട്–മുണ്ടക്കയം പാതയിൽ പകൽ ബസ് കടന്നുപോയ സമയം കാട്ടാന ഇറങ്ങി.  യാത്രക്കാർ പേടിച്ചെങ്കിലും ഡ്രൈവർ അതിവേഗം വണ്ടി ഓടിച്ചു കൊണ്ടുപോയതിനാൽ ഒറ്റയാനിൽ നിന്നു രക്ഷപ്പെട്ടു.രാവിലെ 10.30നു കരികിലാംതോടിനു സമീപമാണു സംഭവം. കണമല നിന്നു മുണ്ടക്കയത്തേക്കു പോകുകയായിരുന്ന സ്വകാര്യ ബസ് വളവു തിരിയുന്നതിനിടെയാണു ഡ്രൈവറും യാത്രക്കാരും ആനയെ കണ്ടത്. റോഡിനോടു ചേർന്നു വനത്തിൽ നിൽക്കുകയായിരുന്ന ആന ഈ സമയം അൽപം പിന്നോട്ടു മാറി.

മുൻപു രാത്രി മാത്രമായിരുന്നു പാതയിൽ ആനയിറക്കം. വേനൽക്കാലത്ത് അഴുതയാറ്റിൽ ഇവ കൂട്ടത്തോടെ വെള്ളം കുടിക്കാൻ എത്താറുണ്ട്. ആനക്കൂട്ടങ്ങൾ പൊതുവേ അപകടകാരികളല്ലെങ്കിലും ഒറ്റയാൻ ഏതു നിമിഷവും മനുഷ്യർക്കു ഭീഷണിയാണ്.ആനയെ ഭയന്ന് ഇതുവഴി ഇപ്പോൾ വാഹനയാത്രക്കാർ രാത്രി വരാറില്ല. മുണ്ടക്കയത്തേക്കു പോകാൻ മുക്കൂട്ടുതറ റോഡിനെ ആശ്രയിക്കുന്നു.

കിഴക്കൻ മേഖലയിൽ ആനകൾ വൻതോതിലാണു കൃഷി നശിപ്പിക്കുന്നത്. ഇതിനു പുറമേ മനുഷ്യജീവനു ഭീഷണിയായി രാപകൽ വ്യത്യാസമില്ലാതെ ഇവ പുറത്തിറങ്ങുന്നതു തടയാൻ വനംവകുപ്പ് അടിയന്തര നടപടി എടുക്കണമെന്നു വനസംരക്ഷണ സമിതി പ്രസിഡന്റ് എം.എസ്.സതീഷ് ആവശ്യപ്പെട്ടു.

error: Content is protected !!