കോട്ടയത്ത് 33 പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യത; ക്യാമ്പുകളിലേക്ക് മാറാൻ നിർദേശം
കോട്ടയം ജില്ലയില്‍ 33 പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യതയെന്ന് മുന്നറിയിപ്പ്. കൂടുതല്‍ പ്രദേശങ്ങള്‍ കൂട്ടിക്കല്‍, തലനാട്, തീക്കോയ് വില്ലേജുകളിലാണ്. കൂട്ടിക്കലില്‍ പതിനൊന്നിടത്ത് മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ് പറയുന്നത്. തീക്കോയി എട്ട് ഇടത്തും തലനാടില്‍ ഏഴിടത്തുമാണ് മണ്ണിടിച്ചിലിന് സാധ്യത പറയുന്നത്.
ഈ സാഹചര്യത്തില്‍ ജനങ്ങളോട് ക്യാമ്പുകളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദേശം നല്കി. സ്വമേധയാ മാറിയില്ലെങ്കില്‍ നിര്‍ബന്ധപൂര്‍വം മാറ്റും. മലയോരമേഖലയില്‍ അീതവജാഗ്രത പാലിക്കണം. കൂട്ടിക്കൽ- മുണ്ടക്കയം മേഖലയിലും അതീവജാഗ്രത തുടരണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
ബുധനാഴ്ച മുതൽ ശനി വരെ സംസ്ഥാനത്ത് അതിശക്ത മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. മഴക്കാലത്തിന്റെ അവസാനഘട്ടത്തിൽ എത്തി നിൽക്കുന്നതിനാൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും നദികൾ കരകവിഞ്ഞൊഴുന്നതിനും സാധ്യത ഏറെയാണ്.
കുറഞ്ഞ സമയം കൊണ്ട് കുത്തിയൊലിച്ചു പെയ്യുന്ന അതിശക്തമായ മഴ തുടർച്ചയായി അപകടം വിതയ്ക്കുന്ന സാഹചര്യമുണ്ട്. ചുരുക്കം സമയം കൊണ്ട് വലിയ അപകടങ്ങൾക്ക് സാധ്യതയേറെയാണ്. നിലവിലെ സാഹചര്യം സാധാരാണ നിലയാകുന്നതു വരെ മലയോര മേഖലയിലും നദിക്കരകളിലും അതീവ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രദേശത്തെ ക്യാന്പുകളുടെ വിവരം മനസിലാക്കിവയ്ക്കണം. മഴ ശക്തിപ്പെടുന്ന ഉടൻ തന്നെ ക്യാന്പുകളിലേക്കോ മറ്റ് സുരക്ഷിത സ്ഥാനത്തേക്കോ മാറണം. അപകട സാധ്യതയുള്ള വീടുകളിൽ താമസിക്കുന്നവർ എമർജൻസി കിറ്റ് തയാറാക്കണം. പകൽ സമയത്തു മഴ മാറി നിൽക്കുന്നതു കൊണ്ട് അമിതമായ ആത്മവിശ്വാസം ദുരന്ത സാധ്യത പ്രദേശങ്ങളിലുള്ള ജനങ്ങളോ ഉദ്യോഗസ്ഥരോ കാണിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കനത്തമഴയ്ക്കുള്ള സാധ്യതയെത്തുടർന്നു വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പുണ്ട്. കൊല്ലം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകി.
വ്യാഴാഴ്ച തിരുവനന്തപുരം മുതൽ വയനാട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പാണ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ്. വെള്ളിയാഴ്ച കാസർഗോഡ് ഒഴികെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ടുമാണ് കാലാവസ്ഥ വിഭാഗം നൽകിയിരിക്കുന്നത്.