മുന്നറിയിപ്പ് തള്ളി; മണൽനിറഞ്ഞ പുല്ലകയാർ കൂടുതൽ അപകടാവസ്ഥയിലായി

കൂട്ടിക്കൽ, കൊക്കയാർ ഉരുളുകൾ ഏറ്റുവാങ്ങിയ പുല്ലകയാറിന് വിനയായത് അധികൃതർ അപകടസാധ്യതാ മുന്നറിയിപ്പ് അവഗണിച്ചത്. 2018-ലെ മഹാപ്രളയത്തിലും 2019-ലെ വെള്ളപ്പൊക്കത്തിലും 50000 ഘനമീറ്റർ മണൽ അടിഞ്ഞുകൂടിയെന്നാണ് കണക്ക്. മണൽ നീക്കത്തിന്റെ ആവശ്യകത ജില്ലാവിദഗ്ധ സമിതിയുടെ ശ്രദ്ധയിൽപ്പെടുത്തി തുടർനടപടി ഉറപ്പാക്കിയില്ലെന്ന് സംസ്ഥാന ഒാഡിറ്റ് വിഭാഗം കുറ്റപ്പെടുത്തിയിരുന്നു.

മണ്ണുനീക്കി കൊണ്ടിടാൻ സ്ഥലം കണ്ടെത്തണമായിരുന്നു. മണ്ണ് നീക്കാൻ തയ്യാറാണെന്നും എന്നാൽ ഇടാൻ സ്ഥലം വേണമെന്നും കാണിച്ച് ജലസേചനവകുപ്പ് കത്ത് നൽകി. ഇതിൽ തീരുമാനം എടുക്കാൻ ജില്ലാ കളക്ടറുടെ സഹായം തേടാൻ കൂട്ടിക്കൽ പഞ്ചായത്ത് 2020 ജൂൺ ആറിന് തീരുമാനിച്ചു. ഇത്രയേറെ മണൽ കൊണ്ടിടാൻ പഞ്ചായത്തിൽ സ്ഥലമില്ലെന്നും നിർമ്മിതി കേന്ദ്രം പോലുള്ള ഏജൻസികളുടെ സഹായം തേടുമെന്നും കളക്ടറേറ്റിൽനിന്ന് പഞ്ചായത്തിനെ അറിയിച്ചു. ഇതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയോട് അഭ്യർഥിച്ചതായും മറുപടിയിൽ പറഞ്ഞിരുന്നു. എന്നാൽ ഒന്നും സംഭവിച്ചില്ല.

രണ്ടു പഞ്ചായത്തുകൾക്ക് അതിരിട്ട് പുല്ലകയാർ

കൂട്ടിക്കൽ- കൊക്കയാർ പഞ്ചായത്തുകളുടെ അതിരുപോലെയാണ് ഒഴുക്ക്. കൂട്ടിക്കൽ മുതൽ മുണ്ടക്കയം വരെയാണ് ഇത് പുല്ലകയാർ എന്നറിയപ്പെടുന്നത്. കോലാഹലമേട്ടിൽനിന്നുള്ള തോടുകൾ തെക്കോട്ടൊഴുകി വല്യേന്ത കടന്ന് ഏന്തയാറിലൂടെ ഇളംകാട്ടിൽ എത്തും. വെംബ്ലിയിൽ ഉറുമ്പിക്കരയിൽനിന്ന് വെള്ളാപ്പാറ വെള്ളച്ചാട്ടം, പാപ്പാനിത്തോട് എന്നിവ ഇതിലേക്ക് ലയിക്കുന്നു. പെരുവന്താനത്തുനിന്ന് പുല്ലുപാറയാർ, കൊക്കയാറ്റിൽനിന്ന് കൊക്കയാർ തോട് എന്നിവയും ഇൗ പ്രവാഹത്തിലേക്ക് ചേരും. താളുങ്കൽ തോടുംകൂടി ചേരുന്നതോടെ പുല്ലകയാർ ശക്തിയുള്ള ചെറുപുഴയായി മാറും. മുണ്ടക്കയത്ത് എത്തുമ്പോൾ മണിമലയാറാകും.

error: Content is protected !!