ഓരുങ്കൽകടവ് പാലം ഗതാഗതയോഗ്യമായി

കാഞ്ഞിരപ്പള്ളി-റാന്നി സംസ്ഥാനപാതകളെ ബന്ധിപ്പിക്കുന്ന എരുമേലി ഓരുങ്കൽകടവിൽ പ്രളയശേഷം പാലത്തിൽ തങ്ങിനിന്ന മരശിഖരങ്ങളും മാലിന്യങ്ങളും എരുമേലിയിലെ ടിംബർ തൊഴിലാളികൾ നീക്കുന്നു

എരുമേലി: പ്രളയശേഷം മരച്ചില്ലകളും മാലിന്യങ്ങളും നിറഞ്ഞ് ഗതാഗതം നിലച്ച ഓരുങ്കൽകടവ് പാലം ഗതാഗതയോഗ്യമായി. എരുമേലിയിലെ ടിംബർ തൊഴിലാളികളുടെ നേതൃത്വത്തിലാണ് മരശിഖരങ്ങൾ മുറിച്ചുമാറ്റി പാലം ഗതാതയോഗ്യമാക്കിയത്. വ്യാഴാഴ്ച രാവിലെ തുടങ്ങിയ പണികൾ വൈകുംവരെ തീർന്നിട്ടില്ല. ജില്ലാ റോഡും കാഞ്ഞിരപ്പള്ളി, റാന്നി സംസ്ഥാന പാതകളെ ബന്ധിപ്പിക്കുന്ന പ്രധാന സമാന്തര പാതയുടെ ഭാഗവുമാണ് ഓരുങ്കൽകടവ് പാലം.

പ്രളയജലം ഇറങ്ങിയപ്പോൾ മരശിഖരങ്ങളും മാലിന്യങ്ങളും മുളങ്കാടുകളും നിറഞ്ഞ് പാലം കാണാനാവാത്ത നിലയിലായിരുന്നു. നാല് ദിവസമായി ഗതാഗതം മുടങ്ങിയതോടെ എരുമേലിയിലെ ടിംബർ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ 40-ൽപരം തൊഴിലാളികൾ യന്ത്രവാളിന്റെ സഹായത്തോടെ മരങ്ങൾ മുറിച്ച് പാത സഞ്ചാരയോഗ്യമാക്കുകയായിരുന്നു. പാലത്തിലേക്ക് വീണുകിടന്നവ മാറ്റി പാത സഞ്ചാരയോഗ്യമാക്കിയെങ്കിലും വശങ്ങളിലുള്ളവ മാറ്റാനുണ്ട്. തുടർപണികൾ വെള്ളിയാഴ്ചയും തുടരും. പാലത്തിലെ മറുവശത്തെ തടസ്സങ്ങൾ അഗ്നിരക്ഷാസേനയെത്തി നീക്കിയിരുന്നു.

error: Content is protected !!