പാറത്തോട്ടിൽ 50 ഹെക്ടർ സ്ഥലത്ത് കൃഷിനാശം
പാറത്തോട് പഞ്ചായത്തിലെ 15-ാം വാർഡിൽ തകർന്നബേബിച്ചൻ വട്ടപാറയലിന്റെ വീട്
പാറത്തോട് ചിറഭാഗം അങ്കണവാടിയുടെ സംരക്ഷണഭിത്തി ഇടിഞ്ഞ നിലയിൽ
പാറത്തോട്: ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും പാറത്തോട് പഞ്ചായത്തിൽ 14 വീടുകൾ വാസയോഗ്യമല്ലാതെ നശിച്ചു. നാനൂറോളം വീടുകളിൽ വെള്ളംകയറി നാശമുണ്ടായി. 50 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. 50 ലക്ഷം രൂപയ്ക്ക് മുകളിലാണ് നാശം കണക്കാക്കുന്നത്. 60 ഏക്കർ റബ്ബർ, 50 ഏക്കർ കിഴങ്ങ് വിളകൾ, 10 ഏക്കർ ജാതി, 25 ഏക്കർ കുരുമുളക് എന്നിങ്ങനെയാണ് കൃഷി നശിച്ചത്. കൃഷിവകുപ്പിന്റെ പ്രാഥമിക കണക്കുപ്രകാരമാണിത്.
നിരവധിറോഡുകളും പാലങ്ങളും കലുങ്കുകളും പ്രളയത്തിൽ തകർന്നു. പഞ്ചായത്തിൽ ഊരയ്ക്കനാട്, മാങ്ങാപ്പാറ, പഴുമല, വേങ്ങത്താനം, കൂരംതൂക്ക് മേഖലകളിലുണ്ടായ ഉരുൾപൊട്ടലിലാണ് കൂടുതൽ നാശം വിതച്ചത്. താഴ്ന്നപ്രദേശങ്ങളായ ചിറ്റടി, ചോറ്റി, പാറത്തോട് ടൗൺ, പൊടിമറ്റം, ഇരുപത്തിയാറാം മൈൽ, ആനക്കല്ല്, പൊന്മല എന്നിവിടങ്ങളിൽ നിരവധിവീടുകളിൽ വെള്ളം കയറി. പഞ്ചായത്തിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.
പഴൂമല, ഊരയ്ക്കനാട് പാറത്തോട് എന്നിവിടങ്ങളിലായി നൂറോളം പേർ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. പഴുമല, മാങ്ങാപ്പാറ എന്നിവിടങ്ങളിൽ മണ്ണിടിഞ്ഞ് നിരവധി വീടുകൾക്ക് നാശം സംഭവിച്ചിരുന്നു. പാലപ്രയിൽ പ്രവർത്തിക്കുന്ന പാറമടയിലെ ഖനനമാണ് മേഖലയിൽ ഉരുൾപൊട്ടലടക്കമുള്ള പ്രശ്‌നങ്ങൾക്ക് കാരണമാകുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. പ്രദേശത്തെ ഊട്ടുപാറ, പാലാംപാറം, എച്ചിൽപാറ പാറമടകളാണ് സ്ഥിതിചെയ്യുന്നത്. ഇതിൽ എച്ചിൽപാറ ഖനനം നടത്തി പൂർണമായും ഇല്ലാതായി. നാട്ടുകാർ കളക്ടർ, മൈനിങ് ആൻഡ് ജിയോളജി, ജില്ലാ പോലീസ് മേധാവി, പാറത്തോട് ഗ്രാമപ്പഞ്ചായത്ത് അധികൃതർ എന്നിവർക്ക് പരാതി നൽകിയിരുന്നു.
പാറമടയുടെ എതിർവശത്ത് താമസിക്കുന്നവരുടെ വീടുകൾക്ക് അടക്കം നാശം സംഭവിക്കുന്നതായി പ്രദേശവാസികൾ പറയുന്നു. പ്രദേശവാസികളായ 104 ഒപ്പിട്ട പരാതി എം.എൽ.എ. അടക്കമുള്ളവർക്ക് നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.