മണ്ണിടിച്ചിൽ മൂലം അപകടമേഖലയായ കാഞ്ഞിരപ്പള്ളി വട്ടകപ്പാറ മല ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി
കാഞ്ഞിരപ്പള്ളി : കഴിഞ്ഞ ദിവസം മണ്ണിടിച്ചിലുണ്ടായി വീടുകൾ തകർന്ന വട്ടകപ്പാറ, പിച്ചകപള്ളിമേട് പ്രദേശങ്ങൾ ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് എം.എൽ.എയും ,കാഞ്ഞിരപ്പള്ളി താസിൽദാറും, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥനും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഏതാനും ദിവസങ്ങൾക്ക് മുൻപ് പെയ്ത കനത്ത മഴയിൽ, വട്ടകപ്പാറ, പിച്ചകപള്ളിമേട് പ്രദേശങ്ങളിൽ വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടാവുകയും, ഏതാനും വീടുകൾ തകരുകയും, നിരവധി വീടുകൾ അപകടഭീഷണിയിൽ എത്തുകയും ചെയ്തിരുന്നു.
ജില്ലാ അസിസ്റ്റൻറ് ജിയോളജിസ്റ്റ് ബിജുകുമാർ ,ബ്രദറുദ്ദീൻ ,കാഞ്ഞിരപ്പള്ളി തഹസിൽദാർ ബിനു സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലാണ് സംഘം വട്ടകപ്പാറ മല സന്ദർശിച്ചത് . ജില്ലാ പഞ്ചായത്ത് അംഗം ജെസി ഷാജൻ, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ആർ തങ്കപ്പൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എൻ. രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രദേശത്തെ ദുരിത മേഖലകളെ വിലയിരുത്തുന്നതിനായി ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പഞ്ചായത്ത് ഓഫീസിൽ സർവ്വകക്ഷിയോഗം നടത്തും.മലയിടിച്ചിൽ ഉണ്ടായ വട്ടകപ്പാറ പ്രദേശത്തെ 20ഓളം കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള പാക്കേജ് നടപ്പിലാക്കണമെന്ന് സർക്കാറിനോട് വാർഡ് മെമ്പർ സുനിൽ തേനംമാക്കൽ ആവശ്യപ്പെട്ടു. കൂടാതെ ഭൗമ ശാസ്ത്രജ്ഞരെ കൊണ്ട് പഠനം നടത്തി ആശങ്കയിലായ പ്രദേശവാസികളുടെ ആശങ്കകൾ അകറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.