കാഞ്ഞിരപ്പള്ളിയിലും ഓമിക്രോൺ.. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ രണ്ടുപേർക്ക് ഓമിക്രോൺ സ്ഥിരീകരിച്ചു.. അതീവ ജാഗ്രത അത്യാവശ്യം..
കാഞ്ഞിരപ്പള്ളി : ലോകത്തെ വീണ്ടും ഭീതിയിലാക്കി, അതീവ വേഗതയിൽ പടരുന്ന കോവിഡ് ഓമിക്രോൺ വകഭേദം കാഞ്ഞിരപ്പള്ളിയിലും എത്തി. വിദേശത്തു നിന്നെത്തിയ രണ്ടുപേർക്ക് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഓമിക്രോൺ സ്ഥിരീകരിച്ചു. കറിക്കാട്ടൂർ സ്വദേശിനിയ്ക്കും, ഏറ്റുമാനൂർ ആറുമാനൂർ സ്വദേശിയ്ക്കുമാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്. രണ്ടുപേരെയും ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു ..
വിദേശത്തു നിന്നെത്തിപ്പോൾ, കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന കറിക്കാട്ടൂർ സ്വദേശിനിയ്ക്കാണ് കോവിഡ് ഓമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. ജനുവരി രണ്ടിന് യുഎ ഇ യിൽ നിന്നെത്തിയപ്പോൾ വിമാനത്താവളത്തിൽ നടന്ന പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയും തുടർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. തുടർന്നുള്ള ജനിതക പരിശോധനയിലാണ് ഓമിക്രോൺ വകഭേദം കണ്ടെത്തിയത്.
ഇതോടെ കോട്ടയം ജില്ലയിൽ ഓമിക്രോൺ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി. ജില്ലയിൽ ആദ്യം ഓമിക്രോൺ സ്ഥിരീകരിച്ചയാൾ രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടു.