കപ്യാരു കുര്യനും 5 മലയരയമൂപ്പന്മാരും; അൻപതാണ്ടിന്റെ നിറവിൽ ഇടുക്കി

ജില്ലാ രൂപീകരണത്തിന്റെ അൻപതാം വാർഷികത്തിൽ ഇടുക്കി. അൻപതിന്റെ നിറവിൽ ഇടുക്കി മിടുമിടുക്കിയായി നിൽക്കുമ്പോൾ ജില്ലയിൽ മാറ്റത്തിനു വഴിയൊരുക്കിയ കപ്യാരു കുര്യന്റെയും ഹെൻറി ബേക്കറിന്റെയും മലയരയ മൂപ്പന്മാരുടെയും കഥയിലൂടെ ഒരു സഞ്ചാരം.  

∙ അറിവു തേടിയെത്തിയ മൂപ്പന്മാർ

സിഎംഎസ് മിഷനറിയായിരുന്ന ഹെൻറി ബേക്കർ ജൂനിയർ കുടുംബസമേതം കോട്ടയത്ത് പള്ളത്തു താമസിക്കുന്ന കാലം. ഒരു ദിവസം അദ്ദേഹം പഠനമുറിയിലിരിക്കുമ്പോൾ ഇളയ മകൾ ഓടിവന്ന് വ്യത്യസ്തരായ അഞ്ചു പേർ അദ്ദേഹത്തെ കാണാൻ വന്നിരിക്കുന്നുവെന്നു പറഞ്ഞു. കോട്ടയത്തു നിന്നു 45 മൈൽ കിഴക്കു മാറി മുണ്ടക്കയത്തിനു സമീപമുള്ള പല മലകളിൽ നിന്നു വന്ന മലയര മൂപ്പന്മാരായിരുന്നു അവർ. അവരുടെ കൂടെ ഒരു സുറിയാനി കത്തോലിക്കനുമുണ്ടായിരുന്നു. 

ഈ ആദിവാസി മൂപ്പന്മാർക്കു വേണ്ട നിർദേശങ്ങൾ നൽകി അവർ അവിടെയെത്തുന്നതിനു കാരണക്കാരനായ കാഞ്ഞിരപ്പള്ളിക്കാരൻ കപ്യാരു കുര്യനായിരുന്നു അയാൾ. ഹെൻറി ബേക്കർ ഈ മലകളിലെത്തി അവരെ പഠിപ്പിക്കണമെന്ന അപേക്ഷയുമായാണ് ഈ മൂപ്പന്മാർ  എത്തിയത്. എന്നാൽ ഹെൻറി ബേക്കർ ആ ആവശ്യം നിരസിച്ച് അവരെ പറഞ്ഞയച്ചു.

45 മൈൽ അകലെ കാടിനകത്തുള്ള ഈ പ്രദേശങ്ങളിലേക്കു പോകാൻ അന്നു റോഡുകളില്ലായിരുന്നു. ആനയും കടുവയുമുള്ള കൊടുങ്കാട്. മലമ്പനിയും സർവസാധാരണം. കൂടെ പ്രവർത്തിക്കാൻ  ആൾക്കാരെ കിട്ടാനും ബുദ്ധിമുട്ട്. വളരെ ദൂരെയുള്ള പല മലകളിലായി ചിതറിക്കിടന്നിരുന്ന ഇവരെ എങ്ങനെ ഒരു കേന്ദ്രത്തിലെത്തി പഠിപ്പിക്കും? 

അതു തന്നെയുമല്ല കോട്ടയത്ത് അദ്ദേഹത്തിനു ചെയ്യാവുന്നതിൽ കൂടുതൽ ജോലിയുമുണ്ടായിരുന്നു. പക്ഷേ ഈ മലയരയമൂപ്പന്മാർ പിന്മാറാൻ തയാറല്ലായിരുന്നു. അവർ അഞ്ചു തവണ കാട്ടിലൂടെ നടന്നുവന്ന് ഒപ്പംകൂടാൻ അദ്ദേഹത്തെ നിർബന്ധിച്ചു.

∙ അഞ്ചാംവട്ടം മനംമാറ്റം

‘‘ഞങ്ങൾ അഞ്ചു തവണ അങ്ങയെ കാണാൻ വന്നു. ഞങ്ങൾക്ക് ഒട്ടും അറിവില്ല, അങ്ങു ഞങ്ങളെ പഠിപ്പിക്കില്ലേ? ഞങ്ങൾ അജ്ഞാനികളായി ജീവിച്ചു മരിക്കുന്നു. ഞങ്ങളുടെ കുടുംബങ്ങളെ കോളറയും മലമ്പനിയും ഇല്ലാതാക്കുന്നു. ഞങ്ങൾക്കു നെല്ലുണ്ട്. ഒരു സാമ്പത്തിക സഹായവും വേണ്ട. അങ്ങയുടെ പ്രവർത്തനങ്ങൾക്ക് കുറെ ഭൂമികൂടി തരാൻ ഞങ്ങൾ തയാറാണ്.’’– ഇത്രയും പറഞ്ഞ് അദ്ദേഹത്തെ കൊണ്ടുപോകാൻ അവർ കാത്തുനിന്നു.

അടുത്തയാഴ്ച അവരുടെ വാസസ്ഥലത്തിനടുത്ത് മണിമലയാറിന്റെ തീരത്ത് എത്താമെന്ന് വാക്കുകൊടുത്ത് ഹെൻറി ബേക്കർ അവരെ പറഞ്ഞുവിട്ടു. അവർ അദ്ദേഹത്തെ കാണാനെത്തിയതിനു മറ്റൊരു കാരണം കൂടി ഉണ്ടാകാമെന്നും കരുതപ്പെടുന്നു. അന്നത്തെ ഉദ്യോഗസ്ഥരും കച്ചവടക്കാരും ജന്മിമാരും അവരെ വളരെ ചൂഷണം ചെയ്തിരുന്നു. ഒരു ഇംഗ്ലിഷ് മിഷനറിയുടെ സംരക്ഷണം ഈ ചൂഷണങ്ങളിൽ നിന്നു കൂടി രക്ഷപ്പെടുത്തുമെന്ന് അവർ കരുതിയിരിക്കണം.

അടുത്ത ദിവസംതന്നെ പറഞ്ഞ വാക്കുപാലിച്ച് സഹോദരനെയും കൂട്ടി ഹെൻറി ബേക്കർ കാട്ടിലൂടെ മലയരയഗ്രാമങ്ങൾ ലക്ഷ്യമാക്കി യാത്ര തിരിച്ചു. അതൊരു വലിയ യാത്രയുടെ തുടക്കമായിരുന്നു. ആദിവാസികൾ മാത്രമുണ്ടായിരുന്ന, വനനിബിഡമായിരുന്ന ഇടുക്കി ഭൂപ്രദേശം ജനവാസകേന്ദ്രങ്ങളായി മാറുന്നതിന്റെ തുടക്കം.

∙ മുണ്ടക്കയത്തിനു പേരിട്ട ബേക്കർ

എറണാകുളം ജില്ലയുടെ സ്വഭാവമുള്ള തൊടുപുഴ താലൂക്കിനെ മാറ്റി നിർത്തിയാൽ മറയൂർ, പെരുവന്താനം, മൂന്നാർ തുടങ്ങി ഏതാനും ചില  മേഖകളിലേ ആദിവാസിയിതരവിഭാഗങ്ങൾ വസിച്ചിരുന്നുള്ളൂ. മുണ്ടക്കയം കേന്ദ്രമാക്കി മിഷൻ പ്രവർത്തനങ്ങൾ ആരംഭിച്ച അദ്ദേഹം കൊമ്പുകുത്തി, കോപ്പാറ, മാങ്ങാപ്പേട്ട തുടങ്ങിയ സ്ഥലങ്ങളിൽ ക്ലാസുകൾ തുടങ്ങിയശേഷം കൂട്ടിക്കലിലേക്കും പിന്നീട് പൂഞ്ഞാറിനു വടക്കുള്ള മേലുകാവിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. 

idukki 3
പോത്തൻമല

മുണ്ടക്കയമെന്ന് ഈ സ്ഥലത്തിനു പേരു നൽകിയതും ബേക്കറാണ്. മലയരയ മൂപ്പന്മാരെ ബേക്കറിന്റ അടുത്തെത്തിച്ച കപ്യാർ കുര്യൻ പ്രവർത്തനങ്ങളിൽ സഹായിച്ച്  ബേക്കറിന്റെ പ്രധാന ഉപദേശിമാരിൽ ഒരാളായി. ഇക്കാലത്ത് ബേക്കർ താമസിച്ചിരുന്നത് മണിമലയാറിന്റെ  തീരത്തുള്ള വേങ്ങക്കുന്നിലായിരുന്നു. 

അവിടെ അദ്ദേഹം ആരാധനാലയവും താമസിക്കാനൊരു വീടും  നിർമിച്ചു. വന്യമൃഗങ്ങളിൽ നിന്നും രക്ഷനേടാൻ വീടിനു ചുറ്റും കല്ലുകൾ കൊണ്ട് ഉയരമുള്ള മതിലുകൾ കെട്ടിയതു കൂടാതെ മരത്തിനു മുകളിലുള്ള ഏറുമാടത്തിലായിരുന്നു താമസം .

∙ പ്ലാന്റേഷൻ എന്ന മാറ്റം

ഹെൻറി ബേക്കറെ പിൻതുടർന്നെത്തിയ അദ്ദേഹത്തിന്റെ ബന്ധുക്കളും പരിചയക്കാരുമായ ഇംഗ്ലിഷുകാരാണ് മുണ്ടക്കയത്തിന് കിഴക്ക് പീരുമേട്ടിൽ ആദ്യം തോട്ടവ്യവസായം ആരംഭിക്കുന്നത്. ബേക്കറിന്റെ സഹോദരന്മാരായ ജോർജ്, റോബർട്ട് എന്നിവരും മകൻ ഹാരിയും ഇതിൽ പങ്കാളികളായി.

ആദ്യം കാപ്പി, അതിനു ശേഷം തേയില എന്നിവയായിരുന്നു കൃഷി. അദ്ദേഹത്തിന്റെ മകളുടെ ഭർത്താവായ ജോൺ ഡാനിയേൽ മൺറോ 1877 ൽ പൂഞ്ഞാർ രാജാവിൽ നിന്നു കണ്ണൻദേവൻ മലകൾ പാട്ടത്തിനെടുത്ത് കൂട്ടാളികളെ ചേർത്ത് മൂന്നാറിൽ പ്ലാന്റേഷൻ തുടങ്ങിയതോടെ മൂന്നാർ തോട്ടമേഖലയുടെ കേന്ദ്രമായി. ജെ.ഡി.മൺറോ മൂന്നാറിലാദ്യമെത്തുമ്പോൾ മുതുവാന്മാരെ കൂടാതെ അപൂർവമായി മറ്റു പല വിഭാഗക്കാരുടെ കുടുംബങ്ങളും അവിടുണ്ടായിരുന്നു.

ഇടുക്കിയുടെ പല ഭാഗങ്ങളിലും കാപ്പി, തേയില, ഏലം, റബർ തുടങ്ങിയവയുടെ തോട്ടങ്ങൾ വ്യാപിച്ചതോടെ പുതിയ റോഡുകൾ നിർമ്മിക്കപ്പെടുകയും വനമായിരുന്ന ഇടുക്കിയുടെ പല ഭാഗങ്ങളിലേക്കും കുടിയേറ്റകർഷകർ എത്തുകയും ചെയ്തു. ഏതാണ്ട് നൂറു വർഷം കൊണ്ടാണ് കാടായ അന്നത്തെ ഇടുക്കിയുടെ വിവിധ ഭാഗങ്ങൾ ജനവാസകേന്ദ്രങ്ങളായത്.

∙ കപ്യാരുകുര്യനും ഇടുക്കിയും

ചില നിമിത്തങ്ങളാണ് ചരിത്രത്തിന്റെ ഗതിമാറ്റത്തിനു കാരണമാകുന്നത്. മലയരയമൂപ്പന്മാരുടെ അഭ്യർത്ഥനയെ തുടർന്നുണ്ടായ ഹെൻറി ബേക്കറുടെ വരവാണ് ഇടുക്കിയുടെ വലിയ മാറ്റത്തിനു കാരണമായിത്തീർന്നത്. അതിനു വഴിയൊരുക്കിയതോ കപ്യാരു കുര്യനും.

ആരായിരുന്നു അദ്ദേഹം? എന്തിനായിരുന്നു  മലയരയ മൂപ്പന്മാരുമായി ബേക്കറെ കാണാൻ അദ്ദേഹം കോട്ടയത്ത് പോയത്? കുര്യനെക്കുറിച്ച് പല പുസ്തകങ്ങളിലും സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ വിവരങ്ങൾ നമുക്കു ലഭിക്കുന്നത് ഹെൻറി ബേക്കറുടെ ആത്മകഥ പാലാക്കുന്നേൽ മത്തായി മറിയം കത്തനാരുടെ ഡയറിക്കുറിപ്പുകളായ ‘നാളാഗമം’, റവ.പാമർ സായ്പ് എഴുതിയ ‘ഹെൻറി ബേക്കറുടെ ജീവചരിത്രം’ എന്നീ കൃതികളിൽ നിന്നുമാണ്.

ഹെൻറി ബേക്കറും പാലാക്കുന്നേലച്ചനും കുര്യന്റെ  കാര്യത്തിൽ വ്യത്യസ്ത വീക്ഷണമാണ് നടത്തിയിരിക്കുന്നത്. അന്ന് പ്രൊട്ടസ്റ്റന്റുകാരും കത്തോലിക്കരും തമ്മിലുണ്ടായിരുന്ന അഭിപ്രായഭിന്നത ഇക്കാര്യത്തിലുമുണ്ടായി എന്നു വേണം അനുമാനിക്കാൻ.

കാഞ്ഞിരപ്പള്ളി പള്ളിയുടെ കപ്യാരായിരുന്ന കപ്യാരു കുര്യൻ ആണ്ടുകുമ്പസാരമില്ലാതെ പല സർക്കാരു വ്യാജങ്ങൾ ചെയ്ത് നടക്കുമ്പോൾ ഒരാനക്കൊമ്പുകേസിൽ പ്രതിയാക്കപ്പെട്ടു. നാട്ടിൽ പുറത്തിറങ്ങി നടക്കാൻ കഴിയാതെ മുണ്ടക്കയത്ത് ചെന്ന് മലയരയന്മാരെക്കൂട്ടി ഹെൻറി ബേക്കർ സായ്പിനെ പോയി കാണുകയും അദ്ദേഹത്തിന് സഭ സ്ഥാപിക്കാനുള്ള എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കാമെന്നു പറഞ്ഞ് അദ്ദേഹത്തിന്റെ അനുയായിയായി. 

ഇങ്ങനെയാണ് കുര്യനെക്കുറിച്ച്  ‘നാളാഗമ’ത്തിൽ പറയുന്നത്. അതു തന്നെയുമല്ല, കാഞ്ഞിരപ്പള്ളിയുടെ വളർച്ച തടസ്സപ്പെടുകയും മുണ്ടക്കയം ഒരു ജനപഥമായി തീരുകയും  ചെയ്തതിന് കാരണക്കാരനായ കുര്യനെതിരെ കാഞ്ഞിരപ്പള്ളിയിൽ സംസാരമുണ്ടായിരുന്നെന്നും കുര്യനെപ്പോലെ ചിലരെയല്ലാതെ മറ്റു സുറിയാനി കത്തോലിക്കരെ കൂടെ കൂട്ടാൻ ഹെൻറി ബേക്കർ സായ്പിനു കഴിഞ്ഞില്ലെന്നും മത്തായി മറിയം കത്തനാർ അഭിപ്രായപ്പെടുന്നുണ്ട്. 

പ്രൊട്ടസ്റ്റന്റ് സഭയോടുള്ള വിയോജിപ്പ് അദ്ദേഹത്തിന്റെ ‘ നാളാഗമ’ത്തിൽ കാണാം. എന്നാൽ കപ്യാരു കുര്യന്റെ കാര്യത്തിൽ വാത്സല്യപൂർണമായ അനുഭാവമാണ് ഹെൻറി ബേക്കർ പുലർത്തിയിരുന്നത്.1852 ഡിസംബർ 12ന് കപ്യാരു കുര്യൻ മരിച്ച വിവരം വളരെ ഹൃദയസ്പർശിയായി ഹെൻറി ബേക്കർ തന്റെ ആത്മകഥയിൽ പറയുന്നു.

രോഗം അലട്ടിയിരുന്നെങ്കിലും ബേക്കർ വന്ന കാലം മുതൽ കുര്യൻ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ബേക്കറോടൊപ്പം ചേർന്ന വർഷം തന്നെ കുര്യന്റെ  സ്വഭാവത്തിന് ചില മാറ്റങ്ങൾ സംഭവിച്ചു. സമതലങ്ങളിൽ താമസിക്കുന്നവരുടെ പൊതുസ്വഭാവമായിരുന്ന നുണപറച്ചിൽ ഇയാൾക്കുണ്ടായിരുന്നെന്നും എന്നാൽ ആ സ്വഭാവം ഇയാൾ ഉപേക്ഷിച്ചെന്നും കുര്യനെ ഉപേക്ഷിച്ചുപോയ ഭാര്യയ്ക്ക് ഇപ്പോൾ ചെലവിനു കൊടുക്കുന്നുണ്ടെന്നും ബേക്കർ ഇതിൽ രേഖപ്പെടുത്തുന്നു.

idukki 2
നദിയുടെ അക്കരെയാണ് കപ്യാരു കര്യനെ അടക്കിയത്

വർഷങ്ങളോളം കാട്ടിലൂടെയും മേട്ടിലൂടെയുമുള്ള യാത്രയിൽ വഴികാട്ടിയായിരുന്ന കുര്യന്റെ മരണം ബേക്കറെ വളരെ വ്യസനിപ്പിച്ചിരുന്നു. കപ്യാരുടെ സംസ്കാരത്തെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നുണ്ട്. ഭവനത്തിലാരംഭിച്ച ശവസംസ്കാര ശുശ്രൂഷയിൽ എല്ലാ പ്രദേശത്തുമുള്ളവർ പങ്കെടുത്തു. തുടർന്ന് ശവശരീരം ഒരു ചെറുവള്ളത്തിൽ കയറ്റി മണിമലയാറിന്റെ അക്കരെയെത്തിച്ചു. 

സൂര്യൻ അസ്തമിക്കാറായതു കൊണ്ട് പോത്തൻ മലയുടെ നിഴൽ നദിയിൽ കാണാമായിരുന്നു. അദ്ദേഹത്തെ അടക്കിയ സ്ഥലം നദീതീരത്ത് അൽപം ഉയർന്ന ഭാഗത്തും ശക്തമായ ഒഴുക്കിന്റെ തൊട്ടു മുകളിലുമായിരുന്നു. മിഷന്റെ സ്ഥലം തന്നെയായിരുന്നു. അടയാളത്തിനായി ഒരു വലിയ കല്ല്, കല്ലറയുടെ മുകളിൽ വയ്ക്കാനും ബേക്കർ നിർദേശിച്ചു. 

മുണ്ടക്കയത്ത് ഇപ്പോളുള്ള ചെക്ക് ഡാമിന്റെ സമീപത്താണീ സ്ഥലം. തന്നോട് ഏറ്റവും അടുപ്പമുണ്ടായിരുന്ന സാധുമനുഷ്യൻ എന്നാണ് ഹെൻറി ബേക്കർ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. കപ്യാരു കുര്യന്റെ മകനെക്കുറിച്ച് ഹെൻറി ബേക്കർക്കും റവ.പാമർക്കും നല്ല അഭിപ്രായമില്ലായിരുന്നു. അക്കാലത്ത് സമതലങ്ങളിലെ യജമാനന്മാരിൽ നിന്നു ക്രൂര മർദനങ്ങളേറ്റ് ഒളിച്ചോടിവന്ന ഒട്ടേറെ അടിമകൾ മുണ്ടക്കയത്ത് വനങ്ങളിലുണ്ടായിരുന്നു. 

ബേക്കർ ഈ പാവങ്ങൾക്ക് സംരക്ഷണം നൽകിയിരുന്നു. എന്നാൽ കുര്യന്റെ മകൻ യജമാനൻമാരെ വിളിച്ചു കൊണ്ടുവന്ന് ഇവരെ ഒറ്റിക്കൊടുത്തായി പറയുന്നു. കുര്യൻ മരിച്ചു കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ മകനും മരിച്ചു.  ഇടിവെട്ടേറ്റാണ് ഇയാൾ മരണമടഞ്ഞതെന്ന് ബേക്കറും റവ. പാമറും പറയുന്നുണ്ട്. ഒരു ദിവസം ഏതാനും ആളുകളുടെകൂടെ. ചെണ്ടയും കൊട്ടി കിളച്ചുകൊണ്ടിരിക്കുമ്പോൾ വലിയൊരു മഴയോടുകൂടി വന്ന ഇടിമിന്നലേറ്റ് ഇയാൾ മരിച്ചതെന്നാണ്  പാമർ വിവരിക്കുന്നതും.

error: Content is protected !!