കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയിലെ തിരുനാളിന് കൊടിയേറി, നാളെ പഴയപള്ളിയിലെ തിരുനാളിന് കൊടിയേറും..
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക് കത്തീഡ്രലിലും മേജർ ആർക്കി എപ്പിസ്‌കോപ്പൽ മരിയൻ തീർഥാടനകേന്ദ്രമായ പഴയപള്ളിയിലും (അക്കരപ്പള്ളി) പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ ഡൊമിനിക്കിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് തുടക്കമായി . സെന്റ് ഡൊമിനിക് കത്തീഡ്രലിൽ വിശുദ്ധ ഡൊമിനിക്കിന്റെ തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് വികാരി ഫാ. വർഗീസ് പരിന്തിരിക്കൽ തിരുനാൾ കൊടിയേറ്റ് നിർവഹിച്ചു.
ബുധനാഴ്ച 26-ന് വൈകീട്ട് നാലിന് കത്തീഡ്രൽ പള്ളിയിൽ കുർബാന നടക്കും, തുടർന്ന് കത്തീഡ്രലിൽ നിന്ന് പുത്തനങ്ങാടി ചുറ്റി പഴയപള്ളിയിലേക്ക് പ്രദക്ഷിണം. തുടർന്ന് പഴയപള്ളിയിൽ കൊടിയേറ്റ് നടക്കും.
27 മുതൽ 31 വരെ രാവിലെ 5.30-നും ഏഴിനും ഒൻപതിനും ഉച്ചയ്ക്ക് 12-നും വൈകീട്ട് 4.30-നും 6.45-നും കുർബാന. 31-ന് വൈകീട്ട് ആറിന് തിരുസ്വരൂപങ്ങൾ വാഹനത്തിൽ വഹിച്ചുകൊണ്ടുള്ള പട്ടണപ്രദക്ഷിണം. കോവിഡ് മാനദണ്ഡങ്ങള്‍ ഉള്ളതിനാല്‍ തിരുസ്വരൂപങ്ങള്‍ വാഹനത്തില്‍ വഹിച്ചുകൊണ്ടായിരിക്കും പട്ടണപ്രദക്ഷിണം നടത്തുക. ഭക്തജനങ്ങൾക്ക് റോഡിന്റെ ഇരുവശങ്ങളിലായി അകലം പാലിച്ച് നിന്ന് പ്രദക്ഷിണത്തിൽ പങ്കെടുക്കാവുന്നതാണ്. വാഹനം കടന്നു പോയതിനു ശേഷം ആളുകൾക്ക് വീടുകളിലേക്ക് മടങ്ങാവുന്നതാണ്. ആരും പ്രദക്ഷിണത്തിൽ വാഹനത്തെ പിന്തുടർന്ന് പള്ളിയിലേക്ക് വരേണ്ടതില്ല എന്ന് അറിയിച്ചിട്ടുണ്ട് . തിരുനാൾ നേർച്ചയായി അരിവറുത്ത് ഉള്ള നേർച്ച മാത്രമേ പള്ളിയിൽ കൊണ്ടുവരേണ്ടതുള്ളൂ എന്നും അറിയിപ്പുണ്ട്.
ഇത്തവണ വാർഡുകളിൽ നിന്നുള്ള കഴുന്ന് പ്രദക്ഷിണം ഉണ്ടായിരിക്കുന്നതല്ല. തിരുനാള്‍ ദിവസങ്ങളില്‍ ഭക്തജനങ്ങള്‍ പഴയപള്ളിയില്‍ എത്തി കഴുന്ന്, സമര്‍പ്പണം എന്നീ നേര്‍ച്ചകള്‍ നടത്തുന്നതിനുവേണ്ടിയുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍നിന്ന് എത്തുന്ന ഭക്തജനങ്ങള്‍ നിര്‍ബന്ധമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു മാത്രമേ തിരുക്കര്‍മങ്ങളില്‍ സംബന്ധിക്കാവൂ.