പമ്പാവാലിയിൽ എല്ലാവർക്കും കരം അടയ്ക്കാമെന്ന് കളക്ടറും എംഎൽഎ യും.
കണമല : പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശങ്ങളിലെ എല്ലാ ഭൂമിയ്ക്കും കരം അടയ്ക്കാമെന്ന് കോട്ടയം ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീയും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യും അറിയിച്ചു. ജില്ലാ കളക്ട്രേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പട്ടയം ലഭിച്ച കൃഷിക്കാരുടെ കൈവശ ഭൂമിയ്ക്ക് നിയമ കുരുക്കുകൾ മൂലം കരം സ്വീകരിക്കാതിരുന്നത് പുന പരിശോധിച്ച്, കരം സ്വീകരിക്കാൻ നടപടി ഇതോടെ ആരംഭിക്കും. കർഷകരുടെ ഭൂമി സർവേ റിക്കാർഡുകൾ പത്തനംതിട്ടയിൽ റാന്നി താലൂക്കിലെ കൊല്ലമുള വില്ലേജിൽ.നിലനിന്നു വരികയായിരുന്നു. തൻമൂലം, കരം സ്വീകരിക്കൽ ഓൺലൈൻ ആയി മാറിയെങ്കിലും പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശങ്ങൾ കോട്ടയം ജില്ലയിലെ ഇതുമായി ബന്ധപ്പെട്ട റിലീസ് സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഈ തടസം പരിഹരിച്ച് പ്രസ്തുത പ്രദേശങ്ങളിലെ ഭൂമി റീ സർവേ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് കോട്ടയം ജില്ലയിൽ എരുമേലി തെക്ക് വില്ലേജിൽ ഉൾപ്പെടുത്തുന്നതിന് യോഗം നിർദേശം നൽകി. ഇതിനായി റീ സർവേ നടപടികൾ ത്വരിതപ്പെടുത്തുവാനും തീരുമാനിച്ചു. നിലവിൽ പട്ടയം ലഭിച്ചിരുന്ന എല്ലാ കൃഷിക്കാർക്കും മാനുവൽ ആയി കരം അടച്ച് നൽകാൻ തീരുമാനമായിരുന്നു. യോഗത്തിൽ അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ജിനു പുന്നൂസ്, ജില്ലാതല റവന്യു ഉദ്യോഗസ്ഥർ, കോടതിയിൽ നൽകിയ കേസിലെ ഹർജിക്കാർ, ഉൾപ്പെടെ പങ്കെടുത്തു.
