പൊൻകുന്നം സിവിൽ സ്റ്റേഷൻ വൃത്തിയാക്കി
പൊൻകുന്നം: കാഞ്ഞിരപ്പള്ളി ജോയിന്റ് ആർടി ഓഫീസ്, ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ പൊൻകുന്നം സിവിൽ സ്റ്റേഷൻ ശുചീകരിച്ചു. വെറ്ററിനറി, വില്ലേജ് ഓഫീസുകളിലെ ജീവനക്കാരും ശുചീകരണത്തിൽ പങ്കെടുത്തു.
എംഎൽഎയുടെ ശ്രമഫലമായി ഏതാനും വർഷം മുമ്പ് പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് കോടികൾ ചെലവഴിച്ച് പണിതീർത്തതാണ് മിനി സിവിൽ സ്റ്റേഷൻ. പതിറ്റാണ്ടുകളായി വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന ഒട്ടേറെ സർക്കാർ ഓഫീസുകൾ ഒറ്റ കുടക്കീഴിൽ കൊണ്ടുവന്ന് ജനങ്ങൾക്ക് ഉപകാര പ്രദമാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, മനോഹരവും അത്യാവശ്യം സൗകര്യങ്ങളുമുള്ള സിവിൽ സ്റ്റേഷൻ സമുച്ചയവും പരിസരവും സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ട ജീവനക്കാർ ഇല്ലാതായതോടെ തുടക്കംമുതലേ വൃത്തിഹീനമായ സ്ഥിതിയാണ്. ചപ്പും ചവറും പൊടിയും മാറാലകളും മാത്രമല്ല ശുചിമുറി പരിസരത്തേക്ക് ദുർഗന്ധംമൂലം അടുക്കാൻ പോലും പറ്റില്ല.
പൊറുതി മുട്ടിയതോടെയാണ് കാഞ്ഞിരപ്പള്ളി ജോയിന്റ് ആർടിഓഫീസ്, ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ മിനിസിവിൽ സ്റ്റേഷനും പരിസരം കഴിഞ്ഞദിവസം ആദ്യഘട്ട ശുചീകരണ പ്രവർത്തികൾ നടത്തിയത്. സ്ഥലം എംഎൽഎ ഡോ. എൻ. ജയരാജിന്റെ ആഭ്യർഥന പ്രകാരമായിരുന്നു മാതൃകാപരമായ ശുചീകരണ പ്രവർത്തനം.
ശുചീകരണ പ്രവർത്തികൾ എംവിഐ കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ചിറക്കടവ് വില്ലേജ് ഓഫീസർ ഹാരീസ് ഇസ്മായിൽ, ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ പ്രസിഡന്റ് സെന്റ് ജൂഡ് സണ്ണി, സെക്രട്ടറി സലിം വിക്ടറി, നാഷണൽ റെജി, അപ്പു രാജേശഖരൻപിള്ള തുടങ്ങിയവർ നേതൃത്വം നൽകി. എന്നാൽ ഇവിടെ പ്രവർത്തിക്കുന്ന മറ്റു വകുപ്പുകളിലെ ജീവനക്കാർ തിരിഞ്ഞു നോക്കിയില്ലെന്നും ആക്ഷേപമുണ്ട്.