എരുമേലി മൃഗാശുപത്രിയിൽ ചികിത്സയില്ല
എരുമേലി: എരുമേലി സർക്കാർ മൃഗാശുപത്രിയിലെ ഏക ഡോക്ടർ വിരമിച്ചതോടെ പകരം ചുമതല ലഭിച്ചത് താലൂക്കിലെ ആനിമൽ ഹസ്ബെന്ററി സെന്ററിലെ അഡീഷണൽ പ്രൊജക്ട് ഡയറക്ടർക്ക്. ഈ ഡോക്ടർക്കാകട്ടെ ആനിമൽ ഹസ്ബെന്ററി സെന്ററിന്റെയും താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലും വാക്സിനേഷന്റെയും മുഴുവൻ സബ് സെന്ററുകളുടെയും ചുമതലയും നിർവഹിക്കേണ്ടതിന് പുറമെയാണ് എരുമേലി ആശുപത്രിയുടെ ചുമതലയും. ഇതോടെ കാഞ്ഞിരപ്പള്ളി താലൂക്കിൽ മൃഗ സംരക്ഷണ വകുപ്പിലെ സേവന പ്രവർത്തങ്ങൾ അവതാളത്തിലായി.
ദിവസേന നിരവധിപ്പേർ മൃഗങ്ങൾക്കായി ചികിത്സ തേടിയെത്തുന്ന തിരക്കേറിയ ആശുപത്രിയാണ് എരുമേലിയിലേത്. ആഴ്ചയിൽ അഞ്ഞൂറോളം പേർ ഒപി വിഭാഗത്തിൽ എത്തുന്നുണ്ടെന്നാണ് കണക്ക്. ആശുപത്രിയിലെ ഏക ഡോക്ടറായ സീനിയർ സർജൻ കഴിഞ്ഞയിടെയാണ് വിരമിച്ചതെങ്കിലും മാസങ്ങളായി അവധിയിലായിരുന്നു. വിരമിക്കുമ്പോൾ പുതിയ ഡോക്ടർ എത്തുമെന്ന് കരുതി അവധി കഴിയാൻ കാത്തിരുന്നത് ഒട്ടേറെ പേരാണ്. എന്നാൽ, ഡോക്ടർ വിരമിച്ചപ്പോൾ പകരം പുതിയ നിയമനം നൽകാഞ്ഞത് എരുമേലിയിലെ മാത്രമല്ല താലൂക്കിലെയും സേവനങ്ങൾ അവതാളത്തിലെത്തിച്ചിരിക്കുകയാണ്.
23 വാർഡുകളുള്ള വിസ്തൃതമായ എരുമേലി പഞ്ചായത്തിൽ മൃഗ സംരക്ഷണ മേഖലയിൽ ഡോക്ടർ നിർവഹണ ഉദ്യോഗസ്ഥനായി ഒട്ടേറെ പദ്ധതികളാണുള്ളത്. എന്നാൽ, ഡോക്ടർ ഇല്ലാത്തതിനാൽ പദ്ധതികളെല്ലാം മുടങ്ങുന്ന അവസ്ഥയിലാണ്. എരുമേലിയിൽ മറ്റൊരു മൃഗാശുപത്രിയുള്ളത് മുക്കൂട്ടുതറയിലാണ്. ഫലത്തിൽ ഇത് ആശുപത്രിയാണെങ്കിലും മൊബൈൽ ക്ലിനിക് ആയിട്ടാണ് രേഖയിലുള്ളത്. ഇക്കാരണത്താൽ പദ്ധതി നിർവഹണ ചുമതല കൈമാറാൻ കഴിഞ്ഞിട്ടില്ല. രേഖയിൽ മൊബൈൽ ക്ലിനിക് ആയിട്ടും മുക്കൂട്ടുതറയിലെ ആശുപത്രിക്ക് വാഹനം അനുവദിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഡോക്ടർ സ്വന്തം ചെലവിൽ എത്തി ചികിത്സ നൽകേണ്ട സ്ഥിതിയാണ്.
എരുമേലി ആശുപത്രിയുടെ അധിക ചുമതല ലഭിച്ച താലൂക്കിലെ ആനിമൽ ഹസ്ബെന്ററി സെന്ററിലെ അഡീഷണൽ പ്രൊജക്ട് ഡയറക്ടർക്ക് 14 സബ് സെന്ററുകളുടെ ചുമതല കൂടിയുണ്ട്. താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലും മൃഗരോഗ പ്രതിരോധ വാക്സിൻ കുത്തിവയ്പ് നടത്തേണ്ട ചുമതലയും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.
എരുമേലി ആശുപത്രിയിൽ ഡോക്ടറെ നിയമിച്ചാൽ നിലവിലുള്ള പ്രതിസന്ധി ഒഴിയുമെന്നിരിക്കേ വകുപ്പിൽ നടപടികൾ വൈകുകയാണ്. തിരക്കേറെയുള്ള ആശുപത്രിയിൽ ജോലി ചെയ്യാൻ പലർക്കും വിമുഖതയാണെന്നാണ് നിയമനം വൈകുന്നതിന് പിന്നിൽ ആക്ഷേപമായി ഉയർന്നിരിക്കുന്നത്. സാമ്പത്തിക വർഷം അവസാനിക്കാനിരിക്കേ എരുമേലിയിലെ മൃഗ സംരക്ഷണ പദ്ധതികൾ മുടങ്ങുമെന്നുള്ളതിനാൽ അടിയന്തരമായി ഡോക്ടറെ നിയമിക്കണമെന്ന് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടു.