എരുമേലി ഗവ. ആശുപത്രി: രാത്രി പ്രവർത്തനം നിലച്ചു
എരുമേലി ∙ ശബരിമല സീസൺ കഴിഞ്ഞതോടെ സർക്കാർ ആശുപത്രിയിൽ രാത്രി പ്രവർത്തനം അവസാനിച്ചു. വൈകുന്നേരമായാൽ ഡോക്ടർമാരുടെ സേവനം ലഭ്യമാവുന്നില്ല. കോവിഡ് കാലത്ത് ആരോഗ്യ വകുപ്പ് കാട്ടുന്ന അലംഭാവത്തിനെതിരെ പ്രതിഷേധമുയർന്നു. കോടികൾ മുടക്കി കെട്ടിടങ്ങൾ നിർമിക്കുന്നതൊഴിച്ചാൽ രോഗികൾക്ക് അടിയന്തര സന്ദർഭങ്ങളിൽ മെച്ചമുണ്ടാവുന്നില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു.
60 വർഷം മുൻപ് പ്രവർത്തനം തുടങ്ങിയ എരുമേലി സർക്കാർ ആശുപത്രിയിൽ ഓപ്പറേഷൻ തീയറ്റർ, ഗൈനക്കോളജി അടക്കമുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നു. 7 ഡോക്ടർമാർ ഉണ്ടായിരുന്ന ആശുപത്രിയാണ് ഇപ്പോൾ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ അവസ്ഥയിലായത്. വൈകുന്നേരത്തോടെ ആശുപത്രിയുടെ ഗേറ്റ് അടയ്ക്കും. രാത്രി അത്യാഹിതമുണ്ടായി എത്തുന്നവരും ജീവനക്കാരും തമ്മിൽ ബഹളം പതിവാണ്.
മകരവിളക്കു സീസണിൽ മാത്രമാണ് ആശുപത്രി 24 മണിക്കൂറും പ്രവർത്തിക്കുന്നത്. പ്രവർത്തനം സ്ഥിരമാക്കണമെന്ന് ആവശ്യപ്പെട്ടു രാഷ്ട്രീയ സംഘടനകൾ സമരം നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.എരുമേലി, മണിമല, വെച്ചൂച്ചിറ, പെരുനാട് പഞ്ചായത്തുകളിലെ നൂറുകണക്കിനാളുകളാണു ദിവസേന ഇവിടെ എത്തുന്നത്. മതിയായ ചികിത്സ ലഭ്യമല്ലാത്തതിനാൽ പലപ്പോഴും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തേണ്ട അവസ്ഥയിലാണു ജനം.