സ്ഥലം കൈയേറിയെന്ന പരാതി: സബ് കളക്ടർ റിപ്പോർട്ട് തേടി
ഇളങ്ങുളം: എലിക്കുളം പഞ്ചായത്ത് വെള്ളാങ്കാവ് കുടിവെള്ള പദ്ധതിയുടെ കുളത്തിനരികിൽ പഞ്ചായത്തിന്റെ സ്ഥലം മണ്ണിട്ട് നികത്തി കൽക്കെട്ട് നിർമിച്ച സംഭവത്തിൽ സബ് കളക്ടർ പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ട് തേടി.
വെള്ളാങ്കാവ് കുടിവെള്ള പദ്ധതി സംരക്ഷണസമിതി കൺവീനർ ചെരിയംപ്ലാക്കൽ സി.ജി.സോമശേഖരൻ നായർ നൽകിയ പരാതിയെ തുടർന്നാണ് നടപടി. പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലുള്ള സ്ഥലത്തുകൂടിയുള്ള റോഡ് നിർമാണം കയേറ്റമെന്ന് സൂചിപ്പിച്ചാണ് സോമശേഖരൻ നായർ, കളക്ടർ, ആർ.ഡി.ഒ. എന്നിവർക്ക് പരാതി നൽകിയിരുന്നത്.
മഞ്ഞപ്പള്ളിൽ അവിനാശ് യു.കൃഷ്ണൻ എന്നയാൾ കുടിവെള്ള പദ്ധതിക്കായി പഞ്ചായത്തിന് വിട്ടുനൽകിയ സ്ഥലമാണിത്. സർക്കാരിന്റെ സ്ഥലം ഇപ്രകാരം വിട്ടുകൊടുക്കാനാവില്ലെന്ന വാദമാണ് പരാതിക്കാരന്റേത്. മാത്രമല്ല, ഇതുവഴി റോഡ് അനുവദിച്ചാൽ കുടിവെള്ള പദ്ധതിയുടെ കുളത്തിലേക്ക് വെള്ളമെടുക്കാൻ ഇറങ്ങാനാവില്ല.
ഒരു നിർധനകുടുംബം ആശുപത്രിയാത്രകൾക്കും മറ്റും വാഹനമെത്താൻ റോഡ് വേണമെന്ന് സൂചിപ്പിച്ച് നൽകിയ അപേക്ഷയിൽ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്താണ് ആവശ്യമായ ക്രമീകരണത്തിന് നിർദേശം നൽകിയതെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി വിശദീകരിച്ചത്.
പഞ്ചായത്തിന്റെ സ്ഥലം വിട്ടുകൊടുക്കുകയോ െെകയേറുകയോ ചെയ്തിട്ടില്ല.
വ്യക്തിയുടെ ബന്ധു ഒരുലക്ഷം രൂപ മുടക്കി അവിടെ കെട്ടിസംരക്ഷിച്ച് മണ്ണിട്ട് റോഡ് സൗകര്യമൊരുക്കുമെന്ന് അറിയിച്ചപ്പോൾ അനുവാദം കൊടുക്കുകയായിരുന്നുവെന്നാണ് വിശദീകരണം.