ലക്ഷങ്ങള്‍ അണിനിരന്ന വനിതാ മതിൽ ചരിത്ര സംഭവമായി
January 1, 2019
ലക്ഷങ്ങൾ അണിനിരന്ന വനിതാ മതിൽ ചരിത്ര സംഭവമായി (VIDEO)
സ്ത്രീ സമത്വത്തിന്റെ നവോത്ഥാന സന്ദേശവുമായി ലക്ഷങ്ങൾ അണിനിരന്ന വനിതാ മതിൽ ചരിത്ര സംഭവമായി. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനായി വിവിധ സംഘടനകളുടെയും ഇടതുപാര്‍ട്ടികളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച വനിതാ മതിലിൽ അഭൂതപൂർവമായ സ്ത്രീകളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി മാറി. കേരളത്തെ ഭ്രാന്തലയമാക്കരുത് എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തുന്ന മതിലിൽ ഏതാണ്ട് 50 ലക്ഷം വനിതകളാണ് പങ്കെടുത്തത്. കാസർഗോഡ് മുതല്‍ വെള്ളയമ്പലം വരെ 620 കിലോമീറ്റർ ദൂരത്തിലാണ് മതിൽ തീർത്തത്.
പല സ്ഥലങ്ങളിലും രണ്ടും മൂന്നും വരികളായി സ്ത്രീകൾ അണിനിരന്നതോടെ ചില സ്ഥലങ്ങളിൽ വനിതാ മതിൽ വനിതാ കോട്ടയായി മാറി. കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നുമുള്ള വനിതകൾ വനിതാ മതിലിന്റെ ഭാഗമാകുവാൻ അണിചേർന്നത് ആലപ്പുഴയിലാണ്. കാഞ്ഞിരപ്പള്ളിയിൽ നിന്നും നൂറോളം ബസ്സുകളിലാണ് വനിതകൾ ആലപ്പുഴയിൽ എത്തിച്ചേർന്നത്. ഗതാഗത കുരുക്കിൽ അകപ്പെട്ടതിനാൽ പലർക്കും സമയത്തു സ്ഥലത്തു എത്തിച്ചേരുവാൻ കഴിയാതെപോയെങ്കിലും വൻ ജനപങ്കാളിത്തമാണ് ആലപ്പുഴ ഭാഗത്തു കാണപ്പെട്ടത്.
ആലപ്പുഴ ജില്ലയിൽ അരൂർ മുതൽ ഓച്ചിറ വരെ110 കിലോമീറ്റർ നീളത്തിൽ തീർത്ത മതിലിൽ ലക്ഷക്കണത്തിന് വനിതകൾ പങ്കാളികളായി. ആലപ്പുഴ ജില്ലയിലെ വനിതാ മതിലിൽ നാല് ലക്ഷത്തിലധികം പേരാണ് അണിനിരന്നത്.
വനിതാ മതിലിന്റെ മുഖ്യ സംഘാടകനും എസ്എന്‍ഡിപി യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശന്‍, മുന്‍ എംപി സിഎസ് സുജാത, വിപ്ലവ ഗായിക പികെ മേദിനി, എഴുത്തുകാരി ശാരദക്കുട്ടി എന്നിവര്‍ ജില്ലയിലെ പ്രധാന കേന്ദ്രമായ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ മതിലിന്റെ ഭാഗമായി. വനിതാ മതില്‍ സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ വെള്ളാപ്പള്ളി നടേശന്‍, മന്ത്രിമാരായ ജി.സുധാകരന്‍, പി തിലോത്തമന്‍, കെ രാജു എന്നിവര്‍ ആലപ്പുഴ ജില്ലയിലെ വിവിധയിടങ്ങളില്‍ വനിതാ മതിലിന് പിന്തുണയുമായി എത്തി.
ഇടത് സംഘടനകളും സര്‍ക്കാറും പ്രതീക്ഷിച്ചതിനേക്കാള്‍ വളരെക്കൂടുതല്‍ സ്ത്രീകളാണ് മതിലിലേക്ക് ഒഴുകിയെത്തിയത്. പലയിടത്തും ഒരുനിര എന്നത് മാറി മൂന്നും നാലും നിരവരെ സ്ത്രീകളെക്കൊണ്ട് നിറഞ്ഞു. അനുഭാവവും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച് പുരുഷന്മാര്‍ റോഡിന്റെ മറുവശത്തും നിറഞ്ഞതോടെ കേരളം വനിതകളുടെ ഒരു മുന്നേറ്റത്തിന് സാക്ഷ്യംവഹിച്ചു.
നാല് മണിയോടെയാണ് വനിതാ മതില്‍ രൂപപ്പെട്ടത്. 15 മിനുട്ടാണ് വനിതാ മതില്‍ അണിനിരന്നത്. കാസര്‍ഗോഡ് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ മതിലിന്റെ ആദ്യ കണ്ണിയും തിരുവനന്തപുരത്ത് വൃന്ദാ കാരാട്ട് അവസാന കണ്ണിയുമായി. സാമൂഹ്യ സാഹിത്യ രംഗത്തെ നിരവധി പ്രമുഖര്‍ വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പങ്കുചേര്‍ന്നു.