അപൂർവ സുന്ദരനിമിഷങ്ങൾ സമ്മാനിച്ച AKJM പൂർവവിദ്യാർഥി മഹാസംഗമം..

 December 26, 2018അപൂർവ സുന്ദരനിമിഷങ്ങൾ  സമ്മാനിച്ച  AKJM  പൂർവവിദ്യാർഥി മഹാസംഗമം..

കാഞ്ഞിരപ്പള്ളി : ” അറ്റെൻഷൻ.. ” പരിപാടിയുടെ അവതാരകനായ 1977 ബാച്ചിലെ ജോ സ്കറിയയുടെ ശബ്ദം മൈക്കിലൂടെ മുഴങ്ങിയപ്പോൾ തൊണ്ണൂറു വയസ്സ് പിന്നിട്ട ആന്റണി സാർ മുതൽ കഴിഞ്ഞ വർഷം പാസ്സ് ഔട്ട് ആയ കുട്ടികൾ വരെ അടങ്ങുന്ന പ്രൗഢഗംഭീര സദസ്സ് നിമിഷങ്ങൾക്കകം അറ്റെൻഷൻ ആയി നിന്നു. തുടർന്ന് എ.കെ.ജെ. എം. സ്കൂൾ ആരംഭിച്ച 1961 മുതൽ തുടച്ചയായി എന്നും രാവിലെ സ്കൂൾ അസ്സംബ്ലിയിൽ മുഴങ്ങിയിരുന്ന ” ലീഡ് കൈന്റലി ലൈറ്റ് ” എന്ന പ്രശസ്ത സ്കൂൾ ആന്തം ഒറ്റ സ്വരത്തിൽ എല്ലാവരും ചേർന്ന് വീണ്ടും ഏറ്റുപാടിയതോടെ എ.കെ.ജെ. എം. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ മഹാസംഗമത്തിനു തുടക്കമായി. 

ഇൻകം ടാക്സ് കമ്മിഷണർ ( ചെന്നൈ സർക്കിൾ ) ഡോ. സിബിച്ചന്‍ മാത്യു ഐ.എ.എസ്., യുറോപ്പ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന WPA -വേൾഡ് സൈക്യാട്രി അസോസിയേഷന്റെ സെക്ക്രട്ടറി ജനറലായ അന്താരാഷ്ട്ര പ്രശസ്ത മനശാസ്ത്ര വിദഗ്ധന്‍ ഡോ റോയി കള്ളിവയലിൽ, ഹൈകോടതി ജഡ്ജി ജസ്റ്റിസ് ഹൗറുണ്‍ അൽ റഷീദ്, , ഇന്ത്യൻ എക്സ്പ്രസ്സ് , എക്കണോമിക് ടൈംസ്, ഗൾഫ് ന്യൂസ് മുതലായ മാധ്യമങ്ങളിലൂടെ അന്താരാഷ്ട്ര തലത്തിൽ പ്രസിദ്ധനായ പത്രപ്രവർത്തകൻ ജോ സ്കറിയ തുടങ്ങിയവർ ഉൾപ്പെടുന്ന എ.കെ.ജെ. എം പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പ്രൗഢ ഗംഭീര സദസ്സ് നിമിഷങ്ങൾക്കകം പതിറ്റാണ്ടുകൾ പിറകിലേക്ക് സഞ്ചരിച്ച് ആ പഴയ സ്‌കൂൾ കുട്ടികളായി മാറി, എടാ പോടാ വിളികളുമായി കളംനിറഞ്ഞു . 

കാഞ്ഞിരപ്പള്ളിയുടെ സമീപ പ്രദേശങ്ങളിൽ മഴ തകർത്തു പെയ്തെങ്കിലും കാഞ്ഞിരപ്പള്ളി പട്ടണത്തിൽ നിന്നും മഴ മാറി നിന്ന് കാഞ്ഞിരപ്പള്ളിയിൽ അപൂർവ ചരിത്രം എഴുതിയ, എ.കെ.ജെ. എം. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ മഹാസംഗമം ഭംഗിയായി നടത്തുന്നതിന് വേദി തയ്യാറാക്കികൊടുത്തു. എ.കെ.ജെ. എം. സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ (AKJM FSA) യുടെ നേതൃത്വത്തിലാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ മഹാസംഗമം നടത്തിയത്. 1961 -ൽ സ്ഥപിതമായ എ.കെ.ജെ. എം.  സ്‌കൂലെ ആദ്യ എസ് എസ് എൽ സി ബാച്ച് 1964 – ൽ പുറത്തിറങ്ങി. അന്നുമുതൽ കഴിഞ്ഞ 54 വർഷങ്ങളിൽ എ.കെ.ജെ. എം. സ്‌കൂളിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ ഒരുമിച്ചുള്ള സംഗമമാണ് അരങ്ങേറിയത്. സ്കൂളിലെ ആദ്യ ബാച്ച് വിദ്യാർഥിയും എഫ്എസ്എ പ്രസിഡന്റുമായ മാത്യു ഡൊമിനിക് കരിപ്പാപറമ്പിലിന്റെ അധ്യക്ഷതയിൽ സ്കൂൾ മാനേജർ ഫാ.ജോസഫ് ഇടശേരി ഉദ്ഘാടനം ചെയ്തു.

സമൂഹത്തിന്റെ വിവിധ മേഖലകളിൽ തങ്ങളുടെ വ്യ്ക്തിമുദ്ര പ്രകടിപ്പിച്ചവരും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള
നിരവധി രാജ്യങ്ങളിൽ നിന്നും എത്തിയവർ ഉൾപ്പെടെ എണ്ണൂറോളം പൂർവ വിദ്യാർത്ഥികൾ പങ്കെടുത്ത എ.കെ.ജെ. എം. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ മഹാസംഗമം ഡിസംബർ 23 ലെ സയാംസന്ധ്യയിൽ കാഞ്ഞിരപ്പള്ളിയിൽ നടന്നപ്പോൾ അതൊരു ചരിത്ര സംഭവമായി. തൊണ്ണൂറു വയസ്സ് പിന്നിട്ട ആന്റണി സർ, അതിനടുത്ത പ്രായമുള്ള, മുസോളിനി സർ, ദേവസ്യ സർ, ടി പി ജോസഫ് സാർ, വൈദികനായ ഇടശ്ശേരിയച്ചൻ, കണ്ണാടനച്ചൻ മുതലായവർ തങ്ങളുടെ ശിഷ്യരുടെ ആദരവുകൾ ഏറ്റുവാങ്ങിയപ്പോൾ സന്തോഷാശ്രുക്കൾ പൊഴിച്ചു. 27 വർഷങ്ങൾ തുടർച്ചയായി എ.കെ.ജെ. എം സ്‌കൂളിൽ അധ്യാപകനായിരുന്ന ഫാദർ മാത്യു കണ്ണാടൻ 1991 – ൽ സ്‌കൂളിൽ നിന്നും വിരമിച്ചുവെങ്കിലും, തന്റെ പഴയ വിദ്യാർത്ഥികളെ ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞു പേരുചൊല്ലി വിളിച്ചപ്പോൾ പലരും സ്നേഹത്തോടെ കണ്ണാടനച്ചനെ കെട്ടിപിടിച്ചു ആ കരവലയത്തിൽ ഒതുങ്ങിനിന്നു. ഇപ്പോൾ നാല്പതിലും, അൻപതിലും അറുപതിലും എത്തിയവർ , വീണ്ടും പഴയകുട്ടികളായി അധ്യാപകരുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. 

എ.കെ.ജെ. എം സ്‌കൂളിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥികളായ 74 വയസ്സുള്ള രവീന്ദ്രനോടും, ഡോക്ടർ ജോസ് കല്ലറക്കയലിനോടുമൊപ്പം ഏറ്റവും പുതിയ ബാച്ചിലെ LKG വിദ്യാർത്ഥികളായ ആരോണും ഷിന്റോയും ചേർന്നപ്പോൾ 68 വയസ്സ് പ്രായവ്യതാസമുള്ള ഒരേ സ്കൂൾ വിദ്യാർഥികൾ ഒരുമിച്ചു എന്ന അപൂർവ സുന്ദര നിമിഷങ്ങൾക്കും സദസ്സ് സാക്ഷ്യം വഹിച്ചു. അവരുടെ പഠനകാലത്തിലുള്ള വ്യത്യാസം 57 വർഷങ്ങൾ.. 1964 – ൽ ഡോക്ടർ ജോസ് കല്ലറക്കയലും രവീന്ദ്രനും എ.കെ.ജെ. എം സ്‌കൂളിൽ നിന്നും പഠനം പൂർത്തിയാക്കി. 57 വർഷങ്ങൾക്കു ശേഷം ആരോണും ഷിന്റോയും 2018 – ൽ എ.കെ.ജെ. എം സ്‌കൂളിൽ തങ്ങളുടെ പഠനം തുടങ്ങി. 

അടുത്ത കാലത്തു എ.കെ.ജെ. എം സ്‌കൂളിൽ നിന്നും പാസ്സ് ഔട്ട് ആയ ന്യൂജൻ വിദ്യാർത്ഥികൾ പ്രധാനമായും അടിച്ചുപൊളിക്കുവാൻ വേണ്ടിയാണ് മഹാസംഗമത്തിനു എത്തിയെതെങ്കിലും, അവരെ നിഷ്പ്രഭരാക്കുന്ന തരത്തിൽ തങ്ങളുടെ അപ്പന്റെയും അപ്പൂപ്പന്റെയും പ്രായമുള്ള പൂർവ വിദ്യാർത്ഥികൾ അടിച്ചുപൊളിക്കുന്നതു അവർ അത്ഭുതത്തോടെയും കൗതുകത്തോടെയും നോക്കിക്കണ്ടു. മനസ്സിന് ചെറുപ്പമുണ്ടെകിൽ സന്തോഷ ജീവിതത്തിനു പ്രായമൊരു തടസമല്ല എന്ന മഹത്തായ പാഠം അവിടെവച്ചു അവർ നേരിട്ട് കണ്ടു മനസ്സിലാക്കി. സ്‌കൂൾ ജീവിതമാണ് ഒരു മനുഷ്യനറെ ജീവിതത്തിലെ സുവർണ കാലം എന്ന സത്യവും, ഏറ്റവും മികച്ച രീതിയിൽ അടിസ്ഥാന വിദ്യഭ്യാസം നേടുന്നവർ ജീവിതവിജയത്തിൽ ഇപ്പോഴും മുൻപന്തിയിൽ ആയിരിക്കും എന്നും അവർ തിരിച്ചറിഞ്ഞു. 

” ഈ പരിപാടിയിൽ പങ്കെടുത്തു കഴിഞ്ഞപ്പോൾ ഒരു പത്തു വർഷങ്ങൾ പിറകിലുള്ള ആരോഗ്യം വീണ്ടും ലഭിച്ചതുപോലെ തോന്നുന്നു “. തൊടുപുഴ കോർട്ടിലെ സീനിയർ അഡ്വക്കേറ്റായ 1984 ബാച്ചിലെ സാബു ജേക്കബ് പറഞ്ഞു. ” ജീവിത പ്രശ്നങ്ങളിൽ പെട്ട് നട്ടം തിരിയുന്നവർക്കു മനസ്സിന്റെ ഭാരം ലഘൂകരിക്കുവാൻ ഇത്തരം കൂടിച്ചേരലുകൾ അനിവാര്യമാണ്.” അഡ്വ. മാർട്ടിൻ മാത്യു അഭിപ്രായപ്പെട്ടു. ” ഞങളുടെ സ്വഭാവരൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ച പഴയ അധ്യാപകരെ വീണ്ടും കണ്ടുമുട്ടുവാൻ സാധിച്ചത് വലിയയൊരു ഭാഗ്യമാണ്. “. ഡോക്ടർ ലെനികുമാർ പറഞ്ഞു. ” ഞങ്ങൾ പഠിച്ചിറങ്ങിയ സ്കൂൾ ഇത്ര വലിയ മഹനീയ സ്ഥാപനമായിരുന്നുവെന്നു ഇപ്പോഴാണ് മനസ്സിലായത്. എ.കെ.ജെ. എം സ്‌കൂളിന്റെ മേൽവിലാസം ഉറപ്പായും ഞങ്ങളുടെ മുന്പോട്ടുള്ള ജീവിതത്തിൽ ഒത്തിരി ഗുണം ചെയ്യുമെന്നുറപ്പാണ് ” അടുത്ത കാലത്തു എ.കെ.ജെ. എം സ്‌കൂളിൽ പഠിച്ചിറങ്ങിയ കുട്ടികൾ അഭിമാനത്തോടെ പറഞ്ഞു. 

മൂന്ന് വർഷങ്ങൾക്കു ശേഷം എ.കെ.ജെ. എം സ്‌കൂളിന്റെ അറുപതാം വർഷ ജൂബിലി ആഘോഷിക്കുമ്പോൾ വീണ്ടും ഒരു മഹാസംഗമത്തിനു ഒത്തുചേരാം എന്ന് തീരുമാനിച്ചാണ് എല്ലാവരും നിറഞ്ഞ മനസ്സോടെ പിരിഞ്ഞുപോയത്. 

സ്‌കൂള്‍ മാനേജര്‍ ഫാ ജോസഫ് ഇടശ്ശേരി എസ്.ജെ. മുഖ്യ പ്രഭാഷണം നടത്തുകയും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ സാൽവിന്‍ അഗസ്റ്റിന്‍ എസ്.ജെ. ആമുഖ പ്രഭാഷണം നടത്തുകയും ചെയ്തു. കരോള്‍ ഗാനവും സംസ്ഥാന തലത്തിൽ സമ്മാനം നേടിയ പരിചമുട്ടു കളിയും ചടങ്ങിനു മോടികൂട്ടി. ഇരുപതു വര്‍ഷത്തിലധികം സേവനം നടത്തിയ ഇപ്പോഴത്തെ അദ്ധ്യാപകരെയും സ്‌കൂളിൽ നിന്നും സര്‍വ്വീസിൽ നിന്നും റിട്ടയര്‍ ചെയ്ത അദ്ധ്യാപകരെയും സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിളായ വൈദികരെയും പൊന്നാട അണിയിട്ട് ആദരിച്ചു. പൂര്‍വ്വ അദ്ധ്യാപകനും പ്രിന്‍സിപ്പാളുമായിരുന്ന ശ്രീ പി.എം. മാത്യു, എഫ്.എസ്.എ. പ്രതിനിധികളായ ശ്രീ ശ്രീകുമാര്‍, ശ്രീ പ്രദീപ് എന്നിവർ ആശംസകള്‍ അര്‍പ്പിച്ചു. പ്രിൻസിപ്പൽ ഫാ.സാൽവിൻ അഗസ്റ്റിൻ, ഫോർമർ സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് മാത്യു ഡൊമിനിക് കരിപ്പാപറമ്പിൽ, ജോ സ്കറിയ പുലിക്കുന്നേൽ, ജിജി പുത്തനങ്ങാടി, സംഘാടക സമിതി ഭാരവാഹികളായ ടോമി കരിപ്പാപറമ്പിൽ, വി.എ.ഷാജി, ബെന്നി കുന്നത്ത്, സാജു ജേക്കബ്, ബോണി ഫ്രാൻസിസ്, ഫാ.ആന്റു സേവ്യർ മുതലായവർ പരിപാടികൾക്കു നേതൃത്വം നൽകി.

error: Content is protected !!