ഇരുപത്താറാംമൈല്‍ പാലം തുറക്കും; ആശ്വാസത്തിൽ യാത്രക്കാരും ബസ് ജീവനക്കാരും
കാഞ്ഞിരപ്പള്ളി: ഇരുപത്താറാംമൈല്‍ പാലം അടുത്തയാഴ്ച തുറക്കുമെന്ന പ്രഖ്യാപനത്തെത്തുടർന്ന് ആശ്വാസത്തിൽ ബസ് ജീവനക്കാർ. ഇതോടെ മൂന്നു മാസത്തെ ദുരിതയാത്രയ്ക്കാണ് അറുതിയാകുന്നത്. കഴിഞ്ഞ പ്രളയത്തിലാണ് ഇരുപത്താറാംമൈല്‍ പാലം അപകടവാസ്ഥയിലായത്. തൂണിന്റെ അടിവശത്തെയും സംരക്ഷണഭിത്തിയുടെയും കല്ലുകള്‍ ഇളകിയാണ് കേടുപാടുകള്‍ സംഭവിച്ചത്. റോഡില്‍ പാലവും റോഡും ചേരുന്ന ഭാഗത്ത് കുഴിയും രൂപപ്പെട്ടു.
പാലം തകരാറിലായതോടെ ചെറിയ വാഹനങ്ങള്‍ മാത്രമാണ് പാലത്തിലൂടെ കടത്തിവിടുന്നത്.
ബസുകള്‍ ഉള്‍പ്പെടെ വലിയ വാഹനങ്ങള്‍ പൂതക്കുഴി-പട്ടിമറ്റം റോഡ് വഴിയാണ് എരുമേലിയിലേക്കു പോകുന്നത്. വലിയ വാഹനങ്ങൾ ഉൾപ്പെടെ ഇതുവഴി കടന്നുപോയതിനെത്തുടർന്ന് റോഡ് തകര്‍ന്ന് അതീവ ശോചനീയാവസ്ഥയിലായിരുന്നു. കുഴികളില്‍ ചാടി ബസുകളുടെ ലീഫ് സ്പ്രിംഗുകള്‍ ദിവസവും ഒടിയുകയും ഇളകിക്കിടക്കുന്ന മെറ്റിലില്‍ കയറി ടയറുകള്‍ പഞ്ചറാകുകയും ചെയ്തതോടെ ബസ് ജീവനക്കാർ എരുമേലിയിലേക്കുള്ള സര്‍വീസ് നിര്‍ത്തി പ്രതിഷേധിക്കാനും തീരുമാനിച്ചിരുന്നു.
19.6 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. എന്നാൽ, പുതിയ പാലം നിർമിക്കുമെന്ന് ജനപ്രതിനിധികളുടെ വാഗ്ദാനം ഇതുവരെ നടപ്പായില്ലെന്നും അതിനുള്ള നടപടികൾ ആരംഭിച്ചിട്ടില്ലെന്നും നാട്ടുകാർ ആരോപിച്ചു.