ലോക കാഴ്ചദിനത്തിൽ വിദ്യാർത്ഥികൾ കണ്ണുകെട്ടി നടത്തത്തിലൂടെ അന്ധത അനുഭവിച്ചറിഞ്ഞു … (വീഡിയോ)
October 11, 2018
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഹോളി ഏയ്ഞ്ചൽസ് കോളേജിലെ നൂറ്റമ്പതോളം വിദ്യാർത്ഥികൾ കണ്ണുകൾ കറുത്ത തുണികൊണ്ടു കട്ടി പൂർണമായ അന്ധത സ്വയം ഏറ്റുവാങ്ങി പരസ്പരം തോളിൽ പിടിച്ചുകൊണ്ടു ഒരു കിലോമീറ്ററോളളം നടന്നപ്പോൾ അന്ധരുടെ വിഷമം നേരിട്ട് അനുഭവിച്ചറിഞ്ഞു… കാഴ്ചയുടെ മഹത്വം തിരിച്ചറിഞ്ഞു.. തങ്ങൾ അനുഭവിക്കുന്ന കാഴ്ച എന്ന മഹനീയ സൗഭാഗ്യത്തിന് അവർ കൈകൾ കൂപ്പി ദൈവത്തിനു നന്ദി പറഞ്ഞു. തങ്ങളുടെ മരണശേഷം കണ്ണുകൾ ദാനം ചെയ്യുമെന്ന ഉറച്ച തീരുമാനം അപ്പോൾത്തന്നെ കുട്ടികൾ എടുത്തു കഴിഞ്ഞിരുന്നു. ജീവിതത്തില്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല ദാനം നേത്ര ദാനമാണ് എന്ന് അവർ ഒറ്റസ്വരത്തിൽ പറഞ്ഞു. തുടർന്നു നേത്രദാന പ്രതിജ്ഞയും നേത്രദാന സമ്മതപത്ര സമർപ്പണവും നടന്നു.
ലോക കാഴ്ച ദിനമായ ( World Sight Day ) ഒക്ടോബർ പതിനൊന്നു കാഞ്ഞിരപ്പള്ളി ഹോളി ഏയ്ഞ്ചൽസ് കോളേജിലെ വിദ്യാർഥികൾ നടത്തിയ, ബ്ലൈൻഡ് വാക്ക് എന്ന കണ്ണുകെട്ടി നടത്തം പരിപാടിയിലാണ് വിദ്യാർത്ഥികൾ കാഴ്ചയുടെ മഹത്വം അനുഭവിച്ചറിഞ്ഞത്. അന്ധർ നടക്കുന്നതുപോലെ വടികൾ ഉപയോഗിച്ച് പാത തിരിച്ചറിഞ്ഞാണ് അവർ നടന്നത്. ചിലർ മുൻപിൽ നടന്നവരുടെ തോളിൽ പിടിച്ചു ഒരു കിലോമീറ്റർ ദൂരം നടന്നു.
ഹോളി എയ്ഞ്ചല്‍സ് കോളജജില്‍ ലോക കാഴ്ച ദിനാചരണത്തോട് അനുബന്ധിച്ചു നടത്തിയ റാലിയും സമ്മേളനവും അഡ്വ. സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി വിദ്ധാർത്ഥികൾ നൽകിയ നേത്രദാന സമ്മതപത്രം ഏറ്റുവാങ്ങി. . പ്രൊജക്റ്റ് വിഷൻ കോ ഓർഡിനേറ്റർ ബേബിച്ചന്‍ എര്‍ത്തയിലും സെബാസ്റ്റിയന്‍ മണ്ണംപ്ലാക്കലും വിദ്ധാർത്ഥികൾക്കു സന്ദേശം നൽകി. പ്രിന്‍സിപ്പല്‍ സിസ്റ്റ്ര്‍ മേഴ്‌സി വളയം, വൈസ് പ്രിന്‍സിപ്പല്‍ മേഴ്‌സി തോമസ്, ഫിലിപ്പ് ഡേവിഡ്, അധ്യാപകര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ലോകമാസകലം വിവിധ രാജ്യങ്ങളിൽ ക്ടോബർ പതിനൊന്നിന് ബ്ലൈൻഡ് വാക്ക് നടത്താറുണ്ട്. ബോധവല്‍കരണ ക്ലാസ്, നേത്രദാന സന്ദേശം, കണ്ണുകെട്ടി നടത്തം, നേത്രദാന സമ്മത പത്രങ്ങള്‍ ഒപ്പിട്ടുകൈമാറല്‍, സൗജന്യ നേത്രശസ്ത്രക്രിയ എന്നിവയൊക്കെ പലയിടത്തും സംഘടിപ്പിച്ചിട്ടുണ്ട്. പരമാവധി ആളുകളെ നേത്രദാനത്തിനായുള്ള പ്രതിജ്ഞയില്‍ പങ്കാളിയാക്കാനും സമ്മതപത്രം നല്‍കിയവരുടെ കണ്ണുകള്‍ ദാനം ചെയ്യാന്‍ വീട്ടുകാരെ പ്രേരിപ്പിക്കുകയുമാണ് ബ്ലൈന്റ് വോക്കിന്റെ ലക്ഷ്യം.
ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രൊജക്റ്റ് വിഷൻ എന്ന സംഘടനയുടെ കേരളത്തിലെ കൺവീനർ ആയ ബേബിച്ചന്‍ എര്‍ത്തയിൽ കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും ഇതിനോടകം 24 പേരുടെ കണ്ണുകൾ സ്വീകരിച്ചു 48 പേർക്ക് കാഴ്ച നൽകുന്നതിന് മുൻകൈ എടുത്തിട്ടുണ്ട്. ഒരാൾ മരിച്ചു കഴിഞ്ഞാൽ ആറു മണിക്കൂറിനുള്ളിൽ നേത്രദാനം നൽകുവാൻ സാധിക്കും. കടുത്തുരുത്തി എം എൽ എ മോൻസ് ജോസഫിന്റെ പന്ത്രണ്ടു വയസ്സുള്ള മകൻ അകാലത്തിൽ മരിച്ചപ്പോൾ ദാനം ചെയ്ത കണ്ണുകൾ എരുമേലിയിലുള്ള ഗോപിക എന്ന പെൺകുട്ടിയ്ക്ക് ലഭിച്ചതും ബേബിച്ചന്‍ എര്‍ത്തയിൽ മുൻകൈ എടുത്തിട്ടാണ്.
ലോകത്തെ 730 കോടി ജനങ്ങളില്‍ 3.9 കോടി പേര്‍ അന്ധരും 21.7 കോടി പേര്‍ കാഴ്ച വൈകല്യമുള്ളവരുമെന്നാണ് ഇന്റര്‍നാഷനല്‍ ഏജന്‍സി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ബ്ലൈന്റ്‌സിന്റെ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ 130 കോടി ജനങ്ങളില്‍ 130ലക്ഷം പേര്‍ അന്ധരാണ്. പ്രതിവര്‍ഷം 84 ലക്ഷം പേര്‍ മരിക്കുമ്പോഴും 25,000-30,000 നേതൃപടലം (കൃഷ്ണമണി) മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ മാത്രമാണ് രാജ്യത്ത് നടക്കുന്നത്. 70 ശതമാനം അന്ധതയും മരുന്നും ശസ്ത്രക്രിയയും മുഖേന മാറ്റാനാവുന്നതാണ്. കൃഷ്ണമണി മാറ്റിവെച്ചാല്‍ കാഴ്ച ലഭിക്കുന്ന 20ലക്ഷത്തോളം അന്ധരും രാജ്യത്തുണ്ടെന്നാണ് കണക്കുകള്‍. ശ്രീലങ്കയില്‍ മരിക്കുന്നവരുടെ കണ്ണുകള്‍ സര്‍ക്കാറിന്റെ സ്വത്തായി മാറ്റുന്നതിന് നിയമം ഉണ്ട്. ശ്രീലങ്കയില്‍ ആവശ്യം കഴിഞ്ഞ് 57 രാജ്യങ്ങളിലേക്ക് കണ്ണുകള്‍ കയറ്റി അയക്കാന്‍ കഴിയുന്നുണ്ട് ഇന്ത്യയിലാകട്ടെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ണുകള്‍ ലഭിക്കാതെ അന്ധതയില്‍ കഴിയേണ്ടി വരുന്നത്. കാഴ്ചയില്ലാത്തവരെ കൂടി വെളിച്ചത്തിന്റെ ലോകത്തിലേക്ക് നയിക്കാന്‍ എല്ലാവര്‍ക്കും കടമയുണ്ടെന്നു പ്രൊജക്റ്റ് വിഷൻ കൺവീനർ ആയ ബേബിച്ചന്‍ എര്‍ത്തയിൽ സന്ദേശത്തിൽ പറഞ്ഞു.
മരണശേഷം നശിച്ചുപോകുന്ന കണ്ണുകള്‍ ദാനം ചെയ്യാന്‍ കൂടുതലാളുകള്‍ മുന്നോട്ടു വന്നാല്‍ മാത്രമേ അന്ധരുടെ ജീവിതത്തില്‍ വെളിച്ചം കടന്നുചെല്ലുകയുള്ളു. നേത്ര ദാനത്തെക്കുറിച്ച് വ്യക്തമായ ഒരു ധാരണ പൊതു ജനങ്ങള്‍ക്ക് ഇല്ലെന്നു മാത്രമല്ല, പല തെറ്റിധാരണകള്‍ നിലനില്‍ക്കുന്നുമുണ്ട്. പൊതുവേ ആളുകള്‍ കരുതുന്നതു നേത്രഗോളം അപ്പാടേ മാറ്റിവയ്ക്കുന്നു എന്നാണ്. എന്നാൽ കണ്ണിന്‍റെ മുന്‍ഭാഗത്തുള്ള സുതാര്യമായ നേത്രപടലം അഥവാ കോര്‍ണിയ മാത്രമേ മാറ്റിവയ്ക്കപ്പെടുന്നുള്ളു.
നേത്രം ദാനം ചെയ്യുന്നത് ജീവിച്ചിരിക്കുമ്പോഴാണെങ്കിലും സമ്മത പത്രം പ്രാവര്‍ത്തികം ആകുന്നത് മരണ ശേഷം മാത്രമാണ്. ജീവിച്ചിരിക്കുന്ന വ്യക്തിയില്‍ നിന്ന് ഒരു കാരണവശാലും കണ്ണ് സ്വീകരിക്കില്ല. മരണശേഷം കണ്ണ് എടുക്കാന്‍ കണ്ണിന്‍റെ ഉടമതന്നെ നേരത്തേ സമ്മതപത്രം ഒപ്പിട്ടു നല്‍കിയിരിക്കണം എന്നു നിര്‍ബന്ധമില്ല. മരിച്ചയാളിന്‍റെ അടുത്ത ബന്ധുക്കളുടെ, അതായത് അമ്മ, അച്ഛന്‍, ഭാര്യ, ഭര്‍ത്താവ്, മകന്‍, മകള്‍, സഹോദരന്‍, സഹോദരി മുതലായവരുടെ സമ്മതമുണ്ടെങ്കില്‍ കണ്ണ് എടുക്കാം. നേത്രദാന സമ്മതപത്രം നല്‍കിയിരുന്ന വ്യക്തിയാണെങ്കിലും അടുത്ത ബന്ധുക്കളുടെ രേഖാമൂലമുള്ള സമ്മതം വേണമെന്നു കോര്‍ണിയ ട്രാന്‍സ്പ്ലാന്‍റേഷന്‍ ആക്റ്റില്‍ വ്യവസ്ഥയുണ്ട്.
കണ്ണുകള്‍ നീക്കംചെയ്താല്‍ മൃതദേഹം വികൃതമാകുമോ എന്നു പലരും സംശയിക്കുന്നു. ഇങ്ങനെ ഒരിക്കലും സംഭവിക്കില്ല. കണ്ണിന്റെ അറ്റത്തുള്ള വളരെ ചെറിയ ഒരു പാട മാത്രമാണ് എടുക്കുന്നത്. അതിനാൽ തന്നെ കണ്ണുകൾക്ക് യാതൊരു ഭാവമാറ്റവും കാണുവാൻ സാധിക്കില്ല.
ഏതു പ്രായത്തിലുള്ളവര്‍ക്കും നേത്രം ദാനം ചെയ്യാം. ഏറ്റവും നല്ലത് 16നും 65നും ഇടയില്‍ പ്രായമുള്ളവരുടെ കണ്ണുകളാണ്. തിമിര ശസ്ത്രക്രിയ കഴിഞ്ഞവരുടെയും കണ്ണുകള്‍ ദാനം ചെയ്യാം. എന്നാല്‍, മഞ്ഞപ്പിത്തം, പേ വിഷബാധ, എയ്ഡ്സ്, തലച്ചോറിനെ ബാധിക്കുന്ന ചില പ്രത്യേക വൈറസ് രോഗങ്ങള്‍ എന്നിവ ബാധിച്ചവരുടെ കണ്ണ് എടുക്കാറില്ല.
മരണം നടന്നു ആറു മണിക്കൂറിനകം(ഏറ്റവും നല്ലത് 2 മണിക്കൂറിനകം) കണ്ണുകള്‍ നീക്കം ചെയ്തു ശീതീകരിച്ചു സൂക്ഷിച്ചാല്‍ മാത്രമേ അവ പ്രയോജനപ്പെടുകയുള്ളു. മരണവിവരം ഉടന്‍തന്നെ അടുത്തുള്ള നേത്രബാങ്കില്‍ അറിയിച്ചാലേ നിശ്ചിത സമയപരിധിക്കുള്ളില്‍ ഡോക്റ്റര്‍മാര്‍ക്കു വന്നു നേത്രം സ്വീകരിക്കാന്‍ കഴിയൂ. നേത്ര ബാങ്കിന്‍റെ സേവനം തികച്ചും സൌജന്യമാണ്.
ഒരാള്‍ മരിച്ചാല്‍ അടുത്ത ബന്ധുക്കള്‍ ദുഃഖാവസ്ഥയില്‍ നേത്രബാങ്കില്‍ വിവരമറിയിക്കാന്‍ ഓര്‍മിച്ചെന്നു വരുകയില്ല. നേത്രദാനത്തിന്‍റെ കാര്യം ബന്ധുക്കളെ ഓര്‍മിപ്പിക്കാനും ഉടനേ ഏറ്റവും അടുത്തുള്ള നേത്രബാങ്ക് അധികൃതരെ അറിയിക്കാനും നേത്രദാനം സ്വീകരിക്കാന്‍ വരുന്ന ടീമിനു വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കാനും സുഹൃത്തുക്കള്‍ക്കും, സ്ഥലത്തെ സാമൂഹിക സംഘടനകള്‍ക്കും റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കുമാണു ഏറ്റവും സഹായം ചെയ്യാന്‍ സാധിക്കുന്നത്.
നേത്ര ദാന സമ്മത പത്രം ഒപ്പിട്ടട്ടുള്ള വ്യക്തികള്‍ അതിന്റെ ഒരു കോപ്പി വീട്ടില്‍ ഫ്രെയിം ചെയ്തു വെച്ചാല്‍ നേത്ര ദാനതെക്കുരിച്ചു ബന്ധുക്കളും സുഹൃത്തുക്കളും ഓര്‍ക്കുന്നതിന് സഹായകമാവും. മരണശേഷം കണ്ണുകള്‍ ദാനം ചെയ്യുന്നതു വലിയ പുണ്യ പ്രവൃത്തിയായാണു ജൈനമതക്കാരും ബുദ്ധമത വിശ്വാസികളും കരുതുന്നത്. മരണശേഷം നശിച്ചുപോകുന്ന കണ്ണുകള്‍ ഒരാള്‍ ദാനം ചെയ്താല്‍ രണ്ടു പേര്‍ക്കു കാഴ്ച ലഭിക്കാന്‍ ഉപകരിക്കും
ജീവിതത്തില്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല ദാനം നേത്ര ദാനമാണ്, എന്നാല്‍ അത് പ്രാവര്‍ത്തികം ആകുന്നതോ മരണത്തിനു ശേഷവും. ഒരാള്‍ക്ക് കാഴ്ച ദാനം ചെയ്യുക എന്നത് അയാള്‍ക്ക് പുതിയ ഒരു ജീവിതം കൊടുക്കുന്നതിനു തുല്യമാണ്. നിങ്ങളിലൂടെ മറ്റുള്ളവര്‍ ഈ ലോകത്തെ കാണട്ടെ. ഈ ഭൂമി അവര്‍ക്കും കൂടിയുള്ളതാണ്. പ്രൊജക്റ്റ് വിഷൻ കോ ഓർഡിനേറ്റർ ആയ ബേബിച്ചന്‍ എര്‍ത്തയിൽ സന്ദേശത്തിൽ പറഞ്ഞു.