റബറിന്റെ തറവില കൂട്ടാൻ കർഷകരുടെ മുറവിളി

 October 30, 2018 

കാഞ്ഞിരപ്പള്ളി : റബർ വിലസ്ഥിരതാ ഫണ്ടിലെ തറവില വർധിപ്പിക്കണമെന്ന് റബർ കർഷകർ. 150 രൂപ തറവില നിശ്ചയിച്ചിരിക്കുന്നത് 180 രൂപയെങ്കിലുമായി വർധിപ്പിക്കണമെന്നാണ് ആവശ്യം. തറവില വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആർപിഎസുകൾ റബർ ബോർഡിനു നിവേദനം നൽകിയിരിക്കുകയാണ്. പ്രതിമാസ കിലോഗ്രാമിലും വർധന വരുത്തണമെന്ന് കാർഷകർ ആവശ്യപ്പെടുന്നു. റബറിന്റെ വിലസ്ഥിരതാ ഫണ്ടിനായുള്ള പ്രതിമാസ കിലോഗ്രാം 150 ആണ്. 

വിപണിവിലയും അടിസ്ഥാനവിലയും തമ്മിലുള്ള അന്തരം കർഷകർക്കു വിലസ്ഥിരതാ ഫണ്ടിൽ നിന്നു നൽകുകയാണ് ചെയ്യുന്നത്. പ്രതിമാസം 150 കിലോഗ്രാം റബറിനു മാത്രമേ ഈ വിലവ്യത്യാസം ലഭിക്കൂ. അതിൽ കൂടുതൽ റബറുണ്ടെങ്കിൽ കുറഞ്ഞ വിലയ്ക്കു തന്നെ വിൽക്കേണ്ടി വരും. അതിനാൽ റബർ കർഷകർക്കു പദ്ധതിയുടെ പ്രയോജനം ഫലപ്രദമായി ലഭിക്കുന്നില്ലെന്നാണ് കർഷർ പറയുന്നത്. റബർബോർഡിന്റെ കണക്കു പ്രകാരം ഒരു ഹെക്ടറിൽ 375 കിലോഗ്രാമാണ് പ്രതിമാസം ഉൽപാദനം.

ആർപിഎസുകളിൽ റജിസ്റ്റർ ചെയ്ത കർഷകർക്കാണ് അക്കൗണ്ടിൽ വിലയുടെ അന്തരമായി വരുന്ന തുക ലഭിക്കുന്നത്. കടകളിലോ സൊസൈറ്റികളിലോ റബർ വിറ്റതിന്റെ രസീത് ഹാജരാക്കിയാണ് ആനുകൂല്യം നൽകുന്നത്. 50,000 കർഷകർ ജില്ലയിൽ വിലസ്ഥിരതാ പദ്ധതിയിൽ അംഗങ്ങളായിട്ടുണ്ടെങ്കിലും ആനുകൂല്യം കിട്ടുന്നത് 15,000 താഴെ കർഷകർക്കു മാത്രമാണ്. ചെറുകിട കർഷകർ പദ്ധതിക്കു പുറത്തുതന്നെയാണെന്ന് ആക്ഷേപമുണ്ട്. 

കൂട്ടത്തിൽ വ്യാജന്മാരും

ആർപിഎസുകളിൽ ഭൂമിയുടെ കരമടച്ച രസീത് ഹാജരാക്കി റജിസ്റ്റർ ചെയ്താൽ റബർ കൃഷിയില്ലെങ്കിലും ആനുകൂല്യം നേടാമെന്നു കർഷകർ പറയുന്നു. റബർ വിറ്റതായി കടകളിൽ നിന്ന് ബിൽ വാങ്ങി നൽകിയാൽ മതി. മിക്ക കടകളിലും ബിൽ വാങ്ങാതെ റബർഷീറ്റ് വിൽക്കുന്നവരുണ്ട്. അവരുടെ റബർഷീറ്റിന്റെ തൂക്കവും വിലയും രേഖപ്പെടുത്തിയ ബിൽ വാങ്ങിയാണു വിലസ്ഥിരതാ ഫണ്ടിനായി സമർപ്പിക്കുന്നത്. ആർപിഎസുകൾ ഇത്തരം പ്രവണതകളെ നിരുത്സാഹപ്പെടുത്തുന്നുണ്ട്. അവർ യഥാർഥ കർഷകരാണെന്ന് ഉറപ്പു വരുത്തിയാണ് ആനുകൂല്യത്തിനു ശുപാർശ ചെയ്യുന്നത്.

error: Content is protected !!