തമ്പി കണ്ണന്താനത്തിനു കണ്ണീരോടെ ജന്മനാടിന്റെ യാത്രമൊഴി .. (വീഡിയോ)
October 4, 2018
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയുടെ അഭിമാനായിരുന്ന അന്തരിച്ച, മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് സംവിധായകനും തിരക്കഥാകൃത്തും നടനും, ഗാനരചയിതാവും, നിർമാതാവുമായ തമ്പി കണ്ണന്താനത്തിനു കണ്ണീരോടെ ജന്മനാട് യാത്രമൊഴി ചൊല്ലി. കനത്ത മഴയിലും തങ്ങളുടെ പ്രിയ സിനിമാക്കാരൻ തമ്പിച്ചായനെ അവസാനമായി ഒരുനോക്കു കാണുവാൻ ആയിരങ്ങൾ കാത്തുനിന്നു
.
എറണാകുളത്തെ പൊതുദര്‍ശനത്തിന് ശേഷം ജന്മനാടായ പാറത്തോട് തറവാട്ടു വീട്ടില്‍ ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം എത്തിച്ചത്. സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും കലാ, രാഷ്ര്ടീയ രംഗത്തെയും സാമൂഹ്യ, സാമുദായിക നേതാക്കന്‍മാരും അതിമോചാരം അർപ്പിക്കുവാൻ എത്തിച്ചേര്‍ന്നു. നടനും എം. പിയുമായ സുരേഷ് ഗോപി, ഭാര്യ രാധിക, ചാലി പാലാ, സിനിമ സംവിധായകരായ കിരീടം ഉണ്ണി, രഞ്ജിത്ത്, കല്ലൂര്‍ ശശി, ഭദ്രന്‍, സുകൃതം ഹരിഹരന്‍, ജി. എസ്. വിജയന്‍, ഡെന്നീസ് ജോസഫ്, നിര്‍മാതാക്കളായ മാണി സി. കാപ്പന്‍, സജി നന്തികാട്ട്, രജപുത്ര രഞ്ജിത്ത്, ജോയി തോമസ് ജൂബിലി, കോണ്‍ഗ്രസ് വക്താവ് പി. സി. ചാക്കോ, ആന്റോ അന്റണി എം.പി, എം. എല്‍. എമാരായ എന്‍. ജയരാജ്, പി. സി. ജോര്‍ജ്, സുരേഷ് കുറുപ്പ്, കെ രാജേഷ്, കെ ജെ തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആശ ജോയി മുതലായവർ വീട്ടിലെത്തി അന്തിമോചാരം അർപ്പിച്ചു.
ഉച്ചകഴിഞ്ഞ് രണ്ടിന് വസതിയിലെയും സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തോലിക്കേറ്റ് സെന്ററിലെയും സംസ്‌ക്കാര ശുശ്രൂഷകള്‍ക്ക് കോട്ടയം ഭദ്രാസന സഹായ മെത്രാന്‍ യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്, റവ. ഫാ. ജോസഫ് ഒ. ഐ. സി റമ്പാന്‍, കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ. പി.കെ. കുര്യാക്കോസ് എന്നിവര്‍ കാര്‍മികത്വം വഹിച്ചു. തുടന്ന് മൃതദേഹം പാറത്തോട് ഗ്രേസി മെമ്മോറിയല്‍ സെന്റ് ജോര്‍ജ് പള്ളിയിലെ കുടുംബ കല്ലറയില്‍ സംസ്‌കരിച്ചു.