കാഞ്ഞിരപ്പള്ളി നൈനാർ പള്ളിയിലെ റംസാൻ നോമ്പുതുറ ( വീഡിയോ)
May 25, 2018
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി നൈനാർ പള്ളിയിൽ, പുണ്യങ്ങൾ പെയ്തിറങ്ങുന്ന റമദാൻ കാലങ്ങളിൽ, സന്ധ്യാസമയത്തെ മഗ് രിബ് ബാങ്ക് വിളിക്കു ശേഷം നടക്കുന്ന നോമ്പുതുറ ഇഫ്താറുകളിൽ നൂറുകണക്കിന് ആളുകൾ പങ്കെടുക്കാറുണ്ട് . പതിനാലു മണിക്കൂർ സമയം ജലപാനവും ഭക്ഷണവും ഒഴിവാക്കിയാണ് വിശ്വാസികൾ വൃതം അനുഷ്ടിക്കുന്നത്. പുലർച്ചെയുള്ള സുബ്ഹി ബാങ്കിനു മുന്നേ ആരംഭിക്കുന്ന റമദാൻ വൃതം സന്ധ്യാസമയത്തെ മഗ്രിബ് ബാങ്ക് വിളിയോടെയാണ് അവസാനിക്കുക.
നൈനാർ പള്ളിയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് നോമ്പുതുറ നടക്കുന്നത്. നോമ്പുതുറക്കായുള്ള മഗ്രിബ് ബാങ്കിന് പത്തു മിനിട്ട് മുമ്പ് പള്ളി ഇമാം മതബോധനം നടത്തും. ബാങ്കിന് മുന്നോടിയായി നിയ്യത്ത് പറഞ്ഞു കൊടുക്കും.ഇതിന്റെ പിന്നാലെ ബാങ്കുവിളി ഉയരും. ഇതോടെ നോമ്പനുഷ്ടിച്ചവർ ഈന്തപ്പഴം കഴിച്ചാണ് നോമ്പുതുറക്കുക .ഇതിനു ശേഷം ഉലുവാക്കഞ്ഞിയും ചമ്മന്തിയും ചായയും പഴവും മുട്ട റോസ്റ്റും കഴിക്കും.ഇതിന്നു ശേഷമാണ് മഗ്രിബ് നമസ്ക്കാരം.
നമസ്ക്കാരത്തിനു ശേഷം വീടുകളിലെത്തിയാണ് ആഹാരം കഴിക്കുക. പത്തിരി ,അപ്പം, ഇടിയപ്പം, ചപ്പാത്തി, കപ്പ കൊത്തി ചുഴുങ്ങി’യത് ദോശ തുടങ്ങിയ ഐറ്റങ്ങൾ മാറി മാറി ഉണ്ടാകും. ആട് , പോത്ത്, കോഴി ഇറച്ചികൾ, മുട്ട റോസ്റ്റ്, കടല കറി, മീൻ കറിയും പൊരിച്ചതും ,റവ കൊണ്ട് ഉണ്ടാക്കിയ തരികഞ്ഞി, വിവിധ തരം ജുസുകൾ ,ഉലുവാ കഞ്ഞി, വിവിധ തരം പഴങ്ങൾ എന്നിവയും മിക്ക ഭവനങ്ങളിലും ഉണ്ടാകും
നൈനാർ പള്ളിയിലെ ഉലുവാ കഞ്ഞി പ്രതേകമായി തയ്യാറാക്കുന്നത് കാഞ്ഞിരപ്പള്ളി പൂതക്കുഴി വളവനാപാറയിൽ ഉമ്മർ കട്ടിയാണ്. പച്ചരി, തേങ്ങ, വെളിച്ചെണ്ണ, മുളക്, വെളുത്തുള്ളി, ഉലുവാ- ജീരകം, ആശാളി, ചുമന്നുളളി, തക്കാളി പഴം, മല്ലിയില, പൊതിന, ഇഞ്ചി, വെളുത്തുള്ളി, എന്നിവയാണ് ഉലുവാ കഞ്ഞിയുടെ ചേരുവകൾ ഉലുവാ കഞ്ഞിക്ക് കൂട്ടാനായി വാളം പുളിചേർത്തള്ള തേങ്ങാ ചമ്മന്തിയും ഉണ്ടാകും. കൂടാതെ മുട്ട റോസ്റ്റും. ചായയും പഴവും ഈത്തപ്പഴവും ഇതോടൊപ്പം വിളമ്പും. ആയിരത്തോളം പേർക്കാണ് ദിവസവും ഉലുവാ കഞ്ഞി തയ്യാറാക്കുന്നത്.
കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. പള്ളി ഭരണ സമിതിയുടെ അംഗങ്ങളും വാളണ്ടിയർമാരും ചേർന്ന് ഇത് വിതരണം ചെയ്യും. പള്ളി വളപ്പിൽ പ്രത്യേകം തയ്യാർ ചെയ്ത പന്തലിൽ വെച്ചാണ് വിതരണവും മറ്റും പ്രത്യേകതരത്തിലുള്ള സ്റ്റീറ്റീൽ പാത്രത്തിലാണ് ഇത് വിളമ്പി നൽകുക. അതിഥികളായി എത്തുന്നവരെ സ്നേഹപൂർവ്വം സ്വീകരിച്ചു ഭക്ഷണം നൽകുന്നതിൽ ഭാരവാഹികൾ വളരെ ശ്രദ്ധാലുക്കളാണ് .
നോമ്പുകാലത്തു വിശ്വാസികൾ പ്രധാനമായും രണ്ടു നേരമാണു ഭക്ഷണം കഴിക്കുന്നത് ഇഫ്താർ – സന്ധ്യയ്ക്കു നോമ്പു തുറക്കുമ്പോൾ കഴിക്കുന്ന ഭക്ഷണമാണ് ഇഫ്താർ. മഗ്‌രിബ് ബാങ്ക് മുഴങ്ങുമ്പോഴാണിത്. അത്താഴം – സൂര്യോദയത്തിനു മുമ്പു പുലർച്ചെ അത്താഴം കഴിച്ചാണു വിശ്വാസികൾ നോമ്പ് ആരംഭിക്കുന്നത്. സുബ്‌ഹി ബാങ്കിനു മുൻപാണിത്. മഗ്‌രിബ് മുതൽ സുബ്‌ഹി വരെയുള്ള രാത്രിസമയത്തു പതിവുപോലെ ഭക്ഷണം കഴിക്കാം.