ആയിരങ്ങൾ പങ്കെടുത്ത കർഷകറാലിയോടെ ഇന്‍ഫാം ദേശീയ സമ്മേളനം കാഞ്ഞിരപ്പള്ളിയിൽ സമാപിച്ചു

 April 27, 2018

കാഞ്ഞിരപ്പള്ളി : ഒരിക്കൽ ഇന്ത്യയിൽ വമ്പിച്ച കർഷകമുന്നേറ്റം നടത്തി ദേശീയ ശ്രദ്ധ ആകർഷിച്ച, കൊടുങ്കാറ്റായി കേരളസമൂഹത്തിൽ ആഞ്ഞടിച്ച ഇന്‍ഫാം വീണ്ടും ഫീനക്‌സ് പക്ഷിയെപ്പോലെ ഉയര്‍ന്നു പൊങ്ങുന്നതിനു കാഞ്ഞിരപ്പള്ളി സാക്ഷ്യം വഹിച്ചു. ദേശീയ സംസ്ഥാന സർക്കാരുകളുടെ വികലമായ കർഷക നയങ്ങളാൽ പൊറുതിമുട്ടിയ കർഷകർ ആവേശത്തോടെ ഒരേ കുടക്കീഴിൽ വീണ്ടും അണിചേർന്നപ്പോൾ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നറിയിപ്പായി കര്‍ഷകറാലി മാറി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകവിരുദ്ധ നിലപാടുകള്‍ തിരുത്തണമെന്നും വിലത്തകര്‍ച്ചയും കടക്കെണിയും അതിജീവിക്കാനും കര്‍ഷകരെ സംരക്ഷിക്കാനും ഭരണനേതൃത്വങ്ങള്‍ തയ്യാറാകണമെന്നും റാലിയിലുടനീളം കര്‍ഷകര്‍ ആവശ്യപ്പെട്ടു.

കാഞ്ഞിരപ്പള്ളിയിൽ നടന്ന ഇന്ത്യന്‍ ഫാര്‍മേഴ്‌സ് മൂവ്‌മെന്റ് (ഇന്‍ഫാം) ദേശീയ നേതൃസമ്മേളനവും കര്‍ഷകറാലിയും വമ്പിച്ച കർഷക പങ്കാളിത്തത്താൽ ശ്രദ്ധേയമായി. നിരവധി വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇന്‍ഫാം ദേശീയ നേതൃസമ്മേളനത്തിന് കാഞ്ഞിരപ്പള്ളി ആതിഥേയത്വം വഹിക്കുന്നത്. അയ്യായിരത്തോളം കർഷകർ ആവേശത്തോടെ മുദ്രാവാക്യം വിളിച്ചു അണിനിരന്ന റാലി കാഞ്ഞിരപ്പള്ളിയെ കര്‍ഷക കടലാക്കി മാറ്റി. 

കൂവപ്പള്ളി സെന്റ് ജോസഫ് ചര്‍ച്ചിൽ അന്ത്യവിശ്രമം കൊള്ളുന്ന ഇന്‍ഫാം സ്ഥാപക ചെയര്‍മാന്‍ ഫാ.മാത്യു വടക്കേമുറിയുടെ കബറിടത്തിങ്കൽ നിന്നും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 1.45 ന് കാഞ്ഞിരപ്പള്ളി രൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കൽ പ്രാര്‍ത്ഥനാശുശ്രൂഷ നടത്തി ദേശീയ സമ്മേളന ദീപശിഖാപ്രയാണത്തിന് തുടക്കം കുറിച്ചു. 

കാഞ്ഞിരപ്പള്ളി അക്കരപ്പള്ളി മൈതാനിയിൽ നിന്നും . 2 മണിക്ക് ആരംഭിച്ച കര്‍ഷകറാലി പേട്ടക്കവലയിൽ ദീപശിഖാപ്രയാണത്തോട് സംഗമിച്ചു. കര്‍ഷകറാലി മഹാജൂബിലി ഹാളിൽ (ഫാ.മാത്യു വടക്കേമുറി നഗര്‍) എത്തിച്ചേര്‍ന്നപ്പോള്‍ സമ്മേളനം ആരംഭിച്ചു. 

ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ.ജോസഫ് ഒറ്റപ്ലാക്കലിന്റെ അദ്ധ്യക്ഷതയിൽ ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. മാര്‍ ജോസ് പുളിക്കൽ അനുഗ്രഹപ്രഭാഷണവും ഇന്‍ഫാം കാഞ്ഞിരപ്പള്ളി രൂപതാ ഡയറക്ടര്‍ ഫാ.തോമസ് മറ്റമുണ്ടയിൽ ആമുഖപ്രഭാഷണവും നടത്തി. ദേശീയ സെക്രട്ടറി ജനറ. ഷെവലിയാര്‍ അഡ്വ.വി,സി.സെബാസ്റ്റന്‍ ഇന്‍ഫാം ബദൽ കാര്‍ഷികനയവും കര്‍ഷക അവകാശരേഖയും പ്രഖ്യാപിച്ചു. ദേശീയ പ്രസിഡന്റ് പി.സി.സിറിയക്, ദേശീയ വൈസ് ചെയര്‍മാന്‍ കെ.മൈതീന്‍ ഹാജി, ദേശീയ ട്രസ്റ്റി ഡോ.എം.സി.ജോര്‍ജ്, സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസ് മോനിപ്പള്ളി, കണ്‍വീനര്‍ ജോസ് എടപ്പാട്ട്, രൂപതാ പ്രസിഡന്റ് അഡ്വ.എബ്രഹാം മാത്യു എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ വച്ച് ഇന്‍ഫാം ആഗ്രോ ഇന്നോവേഷന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. 

error: Content is protected !!