ജസ്‌നയുടെ തിരോധാനം: മൂക്കൂട്ടുതറയില്‍ ജനപക്ഷം ദേശീയപാത ഉപരോധിച്ചു
April 20, 2018
മുക്കൂട്ടുതറ : മുക്കൂട്ടുതറ കുന്നത്തുവീട്ടില്‍ ജെസ്‌ന മരിയ എന്ന വിദ്യാര്‍ഥിയെ കാണാതായിട്ട് ഒരു മാസം ആകാറായിട്ടും കണ്ടെത്താന്‍ കഴിയാത്ത പോലീസ് നിഷ്‌ക്രിയത്വത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ചരാവിലെ പത്തരയ്ക്ക് മുക്കൂട്ടുതറയില്‍ കേരള ജനപക്ഷം പ്രവർത്തകർ മുണ്ടക്കയം ഭരണിക്കാവ് ദേശീയ പാത ഉപരോധിച്ചു . ജനപക്ഷം പാർട്ടിയുടെ ഉന്നത നേതാക്കൾക്കൊപ്പം നൂറുകണക്കിന് പ്രവർത്തകർ ഉപരോധത്തിൽ പങ്കെടുത്തു.
പ്രകടനമായെത്തിയ നൂറ് കണക്കിന് പ്രവർത്തകർക്കൊപ്പം പ്രദേശവാസികളും കൂടിയതോടെ ശക്തമായ രോഷപ്രകടനമായി ഉപരോധസമരം മാറി. ജസ്‌നയെ കണ്ടെത്തുവാനും കേരളത്തിലെ പെൺകുട്ടികളെ സംരക്ഷിക്കാനും ഈശ്വരൻ സഹായിക്കണമെന്ന പ്രാർത്ഥന ചൊല്ലിയാണ് സമരം ഉദ്ഘാടനം ചെയ്തത്. ആകാശത്തിലേക്ക് കൈകളുയർത്തി സമരത്തിൽ പങ്കെടുത്തവർ ആ പ്രാർ്ത്ഥന ഏറ്റു ചൊല്ലി.
യുവജനപക്ഷം സംസ്ഥാനപ്രസിഡന്റ് ഷൈജോ ഹസൻ സമരം ഉദ്ഘാടനം ചെയ്തു. അന്വേഷണം ഉടൻ ക്രൈം ബ്രാഞ്ചിനെ എൽപ്പിക്കണമെന്നും കേരളത്തിൽനിന്നും കാണാതാകുന്ന കുട്ടികളുടെ കണക്കും സത്യസന്ധമായ വിവരങ്ങളും പുറത്തുവിടാൻ ഗവണ്മെന്റ് തയാറാകണമെന്നും ഷൈജോ ഹസൻ ആവശ്യപ്പെട്ടു.
വിദ്യാര്‍ഥികളുടെ തിരോധാനവും ദുരൂഹമരണവും കേരളത്തില്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ ജെസ്‌നയെ കണ്ടെത്തുവാനുള്ള ഉത്തരവാദിത്വം പോലീസ് ശരിയായി വിനിയോഗിക്കുന്നില്ലെങ്കിൽ ജനപക്ഷം പ്രവർത്തകർ ജെസ്‌ന മരിയായെ കണ്ടെത്തും വരെ സംസ്ഥാനത്താകമാനം പ്രക്ഷോപ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജനപക്ഷം ജില്ലാ പ്രസിഡന്റ് ആന്റണി മാര്‍ട്ടിന്‍ പറഞ്ഞു . ഉപരോധത്തെ തുടർന്ന് അരമണിക്കൂറോളം ടൗണിൽ ഗതാഗതം സ്തംഭിച്ചു.
ജനപക്ഷം സംസ്ഥാന വൈസ്ചെയർമാൻ പി.ഇ. മുഹമ്മദ് സക്കീർ, ജില്ലാ പ്രസിഡന്റ് ആന്റണി മാർട്ടിൻ, ഷോണ്‍ ജോർജ്, പ്രഫ. ജോസഫ് ടി. ജോസ്, ഉമ്മച്ചൻ കൂറ്റനാൽ, ബേബി പാറക്കാടൻ, ലിസി സെബാസ്റ്റ്യൻ, റിജോ വാളന്തറ, ടിജോ സ്രാന്പിയിൽ, സണ്ണി ഞള്ളക്കാടൻ, ബാബുക്കുട്ടൻ, പി.എസ്.എം. റംലി, പി.ഡി. ജോണ്‍ പവ്വത്ത്, സെബാസ്റ്റ്യൻ വിളയാനി, ജോഷി മുട്ടത്ത്, ഷൈനി സന്തോഷ്, സലാഹൂദീൻ ഏരുമേലി, ജീവൻ പനയ്ക്കൽ, മിഥിലാജ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനി ജസ്‌ന മരിയ ജയിംസിനെ കാണാതായി ഒരു മാസം കഴിഞ്ഞിട്ടും പൊലീസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നുവെന്ന് ആരോപണം. അന്വേഷണത്തിൽ ലോക്കൽ പൊലീസിന്റെ ഭാഗത്തും വീഴ്ചയുണ്ടായിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘം നടത്തുന്ന അന്വേഷണം തൃപ്തികരമല്ലാത്തതിനാൽ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
ജെസ്നയുടെ തിരോധാനത്തിലെ അന്വേഷണം ഇഴയുന്നതിൽ പ്രതിഷേധിച്ച് സെന്റ് ഡോമിനിക്‌സ് കോളേജിലെ വിദ്യാർത്ഥികളുടെ നേത്യത്വത്തിൽ മനുഷ്യച്ചങ്ങലയും ഒപ്പുശേഖരണവും നടത്തിയിരുന്നു. അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപെട്ട് മുഖ്യമന്ത്രിക്ക് വിദ്യാർത്ഥികൾ നിവേദനവും നൽകിയിരുന്നു .
കഴിഞ്ഞ 22 ന് രാവിലെ 9.30 ഓടെ ഓട്ടോറിക്ഷയിൽ മുക്കൂട്ടുതറയിലെത്തുകയും പിന്നെ എവിടേക്കോ ജസ്‌ന അപ്രത്യക്ഷയാവുകയായിരുന്നു. അധികം ആരോടും സംസാരിക്കാത്ത പ്രക്യതം. അതുകൊണ്ടു തന്നെ ജെസ്നയ്ക്ക് സുഹ്യത്തുകളും കുറവായിരുന്നു. പക്ഷേ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും അയൽവാസികൾക്കും ജെസ്നയെക്കുറിച്ച് മോശമായ ഒരു അഭിപ്രായമില്ലായിരുന്നു. ഒൻപതു മാസങ്ങൾക്ക് മുൻപ് ന്യുമോണിയ ബാധിച്ച് ജെസ്നയുടെ അമ്മ മരിച്ചിരുന്നു. തുടർന്ന് ഹോസ്റ്റൽ ജീവിതം അവസാനിപ്പിച്ച് ജെസ്ന വീട്ടിൽ എത്തിയിരുന്നു. പീന്നിടാണ് ജെസ്നയെ കാണാതാവുന്നത്.
മുണ്ടക്കയം പുഞ്ചവയലിൽ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജസ്‌ന അവിടെ എത്തിയിട്ടില്ലന്ന് വീട്ടുകാർ അറിയുന്നത് വൈകിട്ടാണ്.പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ അന്വേഷിച്ചതിനൊടുവിൽ രാത്രി പത്ത് മണിയോടെ എരുമേലി പൊലീസിലും പിറ്റേന്ന് രാവിലെ വെച്ചൂച്ചിറ പൊലീസിലും അറിയിക്കുകയും പരാതി നൽകുകയും ചെയ്തു. അന്വേഷണത്തിൽ പ്രണയബന്ധമില്ലെന്നും തട്ടി ക്കൊണ്ടുപോകലിന് സാധ്യത ഉണ്ടോയെന്നും അന്വേഷിച്ചറിഞ്ഞ ലോക്കൽ പൊലീസിന് കൂടുതൽ അന്വേഷണത്തിന് അധികാര പരിമിതികൾ തടസമായി. ചൈൽഡ് പ്രൊട്ടക്ഷൻ ഫോറം ഇടപെട്ട് ജെസ്‌നയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചതിന് പിന്നാലെ സ്‌പെഷ്യൽ ടീം അന്വേഷണം ഏറ്റെടുക്കുന്നതിന് ജസ്‌നയുടെ പിതാവിന്റെ പരാതിയിൽ മുഖ്യമന്ത്രി നിർദ്ദേശം നൽകുകയും ചെയ്തു.