സ്വത്ത് തർക്കത്തെ തുടർന്ന് കാഞ്ഞിരപ്പള്ളിയിൽ നടന്ന വെടിവയ്പ്പിൽ മരണം രണ്ടായി ,
കാഞ്ഞിരപ്പള്ളി : സ്വത്ത് തർക്കത്തെ തുടർന്ന് പെട്ടെന്നുള്ള പ്രകോപനത്താൽ നടന്ന വെടിവയ്പ്പിൽ മരണം രണ്ടായി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന കൂട്ടിക്കൽ , പൂച്ചക്കല്ല് പൊട്ടംകുളം കെ.ടി. മാത്യു സ്‌കറിയ(78) ഇന്ന് വെളുപ്പിന് ഒന്നരയോടെ മരണമടഞ്ഞു . ഇന്നലെ കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പനാൽ വീട്ടിൽ വച്ച് നടന്ന കൈയേറ്റത്തിലും, വെടിവയ്‌പ്പിലും കരിമ്പനാൽ ജോർജ് കുര്യന്റെ വെടിയേറ്റ് സഹോദരൻ രഞ്ചു കുര്യൻ (49 ) മരണപ്പെടുകയായിരുന്നു. ജോർജിന്റെ വെടിയേറ്റ് മാതൃസഹോദരൻ മാത്യു സ്‌കറിയ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുകയായിരുന്നു. അദ്ദേഹവും മരണത്തിന് കീഴടങ്ങിയതോടെ മരണം രണ്ടായി.
പ്രതിയായ ജോർജ് കുര്യൻ എറണാകുളത്ത് റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുകയാണ്. തോട്ടമുടമയായ മരണപ്പെട്ട രെഞ്ചു കുര്യൻ, ഊട്ടിയിൽ കുടുബത്തോടൊപ്പം കഴിയുകയായിരുന്നു. വലിയ കടബാധ്യതയുള്ള ജോർജ് കാഞ്ഞിരപ്പള്ളിയിലുള്ള തന്റെ വീതത്തിലുള്ള കുടുബസ്വത്ത് വിൽക്കുവാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.
വീടിനോട് ചേർന്നുള്ള രണ്ടരയേക്കർ സ്ഥലത്തിന്റെ വിൽപ്പനയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ജോർജ് കുര്യന് പിതാവ് ഇഷ്ടദാനം നൽകിയ സ്ഥലം ചെറിയ പ്ലോട്ടുകളായി പൊട്ടിച്ചു വിൽക്കുവാൻ ശ്രമിച്ചതോടെ, അത് ഇഷ്പ്പെടാതെ എതിർത്ത ബന്ധുക്കളുമായി തർക്കത്തിലും, തുടർന്ന് കൈയേറ്റത്തിലും, വെടിവയ്പിലും കലാശിക്കുകയായിരുന്നു.
രണ്ടു ദിവസം മുൻപ് വീട്ടിലെത്തിയ ജോർജ് കുര്യൻ ഇതേചൊല്ലി പിതാവുമായി വാക്കുതർക്കം ഉണ്ടാക്കിയിരുന്നു. തുടർന്ന് വീട് വിട്ടുപോയ ജോർജിനെ മാതൃ സഹോദരൻ മധ്യസ്ഥ ചർച്ചയ്ക്ക് വീട്ടിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. ഊട്ടിയിൽ നിന്നും രെഞ്ചുവും വീട്ടിൽ എത്തിയിരുന്നു.
ചർച്ചയ്ക്കായി വീട്ടിലെത്തിയ ജോർജ് കുര്യൻ, കാര്യങ്ങൾ കൈവിടുന്നത് കണ്ട് പ്രകോപിതനായി സഹോദരനെയും, മാതൃസഹോദരനെയും കൈയിൽ കരുതിയ റിവോൾവർ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. രണ്ടുപേരുടെയും നെഞ്ചിനും, തലയ്ക്കുമാണ് വെടിയേറ്റത്. സഹോദരൻ രഞ്ചു സംഭവ സ്ഥത്തു വച്ചുതന്നെ മരണപെട്ടു. മാതൃസഹോദരൻ മാത്യു സ്‌കറിയ ഇന്ന് വെളുപ്പിന് മരണമടഞ്ഞു . വെടിവച്ച ശേഷം ജോർജ് പോലീസ് എത്തുന്നതുവരെ വീട്ടിൽ കഴിയുകയായിരുന്നു. പോലീസ് എത്തി ജോർജ് കുര്യനെ അറസ്റ്റ് ചെയ്തിരുന്നു.