കാഞ്ഞിരപ്പള്ളി പൊള്ളുന്നു. അതികഠിനം പകൽച്ചൂട് .. പുറംജോലിക്കാർ ദുരിതത്തിൽ..
കാഞ്ഞിരപ്പള്ളി : ഇടമഴകൾ മാറിനിന്നതോടെ പ്രദേശത്തെ പകലുകൾ വെന്തുരുകുന്നു. ജനുവരി ആദ്യം തുടങ്ങിയ ചൂട് മാർച്ചിലേക്കു കടന്നതോടെ കാഠിന്യമേറി. ഏപ്രിൽ, മെയ് മാസങ്ങളിലും താപനില ഇനിയും ഉയരുമെന്നാണ് കാലാവസ്ഥാ വിദഗ്‌ധരുടെ നിഗമനം. വേനൽ മഴകൾ വിട്ടുനിന്നതോടെ ദിവസം ചെല്ലുന്തോറും ചൂട് കൂടിവരികയാണ്. കുടിവെള്ള ക്ഷാമവും കൂടിവരികയാണ്.
വീട്ടിലായാലും ജോലി സ്ഥലത്തായാലും ഫാനില്ലാതെ ഇരിക്കാനാകാത്ത അവസ്ഥയാണ് നിലവിൽ. കെട്ടിടം പണിക്കാർ ഉൾപ്പെടെ പുറം ജോലികൾ ചെയ്യുന്ന തൊഴിലാളികൾ കൊടുംചൂട് താങ്ങാനാവാതെ ദുരിതത്തിലാണ്.
അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സൂര്യാഘാതത്തിന് ഉൾപ്പെടെ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പകൽ 12 മുതൽ മൂന്നുവരെ പുറംസ്ഥലങ്ങളിൽ ജോലി ചെയ്യരുതെന്നും ചൂട് നേരിട്ട് ഏൽക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിർദേശമുണ്ട്. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. കട്ടി കുറഞ്ഞതും വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്. കാറ്റുകടന്ന് ചൂട് പുറത്തു പോകത്തക്ക രീതിയിൽ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക എന്നിങ്ങനെയെന്ന് നിർദേശങ്ങൾ.
അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. ഇതോടെ ശരീരത്തിലുണ്ടാവുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടും. തുടർന്ന് പല അവയവങ്ങളുടെയും പ്രവർത്തനം തകരാറിലായേക്കാം.
സൂര്യാഘാതമേറ്റാൽ ശരീരഭാഗങ്ങൾ ചുവന്നു തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാകുകയും ചെയ്യാം. പൊള്ളിയ കുമിളകൾ ഉണ്ടെങ്കിൽ പൊട്ടിക്കരുത്. ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയും ഇതേ തുടർന്നുള്ള അബോധാവസ്ഥയും സൂര്യാഘാതം മൂലം ഉണ്ടായേക്കാം.
ചൂട് കൂടുമ്പോൾ ശരീരം കൂടുതലായി വിയർക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം തുടങ്ങിയവ ധാരാളം കുടിച്ച് വിശ്രമിക്കണം. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ ചികിത്സ തേടണം.