സ്വത്ത് തർക്കം : കാഞ്ഞിരപ്പള്ളിയിൽ സഹോദന്റെ വെടിയേറ്റ് ഒരാൾ മരിച്ചു, മാതൃസഹോദരൻ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ
കാഞ്ഞിരപ്പള്ളി : സ്വത്ത് തർക്കം മൂലം കാഞ്ഞിരപ്പള്ളിയിൽ സഹോദരന്റെ വെടിയേറ്റ് ഒരാൾ മരിച്ചു. മാതൃസഹോദരൻ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ.
കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പനാൽ വീട്ടിലാണ് വെടിവയ്പ്പ് നടന്നത് . കരിമ്പനാൽ ജോർജ് കുര്യന്റെ വെടിയേറ്റ് സഹോദരൻ രഞ്ചു കുര്യൻ (49 ) മരണപ്പെടുകയായിരുന്നു. വെടിവയ്‌പ്പിൽ പരിക്കേറ്റ മാതൃസഹോദരൻ കൂട്ടിക്കൽ , പൂച്ചക്കല്ല് പൊട്ടംകുളം കെ.ടി. മാത്യു സ്‌കറിയയെ(78) ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . പ്രതിയായ ജോർജ് കുര്യൻ എറണാകുളത്ത് ഫ്ലാറ്റ് ബിസിനസ് നടത്തുകയാണ്. തോട്ടമുടമയാണ് മരണപ്പെട്ട രെഞ്ചു കുര്യൻ
വീടിനോട് ചേർന്നുള്ള രണ്ടരയേക്കർ സ്ഥലത്തിന്റെ വിൽപ്പനയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ജോർജ് കുര്യന് പിതാവ് ഇഷ്ടദാനം നൽകിയ സ്ഥലം ചെറിയ പ്ലോട്ടുകളായി പൊട്ടിച്ചു വിൽക്കുവാൻ ശ്രമിച്ചതോടെ, അത് ഇഷ്പ്പെടാതെ ബന്ധുക്കളുമായി തർക്കത്തിലും, തുടർന്ന് കൈയേറ്റത്തിലും, വെടിവയ്പിലും കലാശിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ജോർജ് കുര്യൻ ഇതേചൊല്ലി പിതാവുമായി വാക്കുതർക്കം ഉണ്ടാക്കിയിരുന്നു. തുടർന്ന് വീട് വിട്ടുപോയ ജോർജിനെ മാതൃ സഹോദരൻ മധ്യസ്ഥ ചർച്ചയ്ക്ക് വീട്ടിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. ചർച്ചയ്ക്കായി വീട്ടിലെത്തിയ ജോർജ് കുര്യൻ, കാര്യങ്ങൾ കൈവിടുന്നത് കണ്ട് പ്രകോപിതനായി സഹോദരനെയും, മാതൃസഹോദരനെയും കൈയിൽ കരുതിയ റിവോൾവർ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. നെഞ്ചിനും, തലയ്ക്കുമാണ് വെടിയേറ്റത്. സഹോദരൻ രഞ്ചു സംഭവ സ്ഥത്തു വച്ചുതന്നെ മരണപെട്ടു. വെടിവച്ച ശേഷം ജോർജ് പോലീസ് എത്തുന്നതുവരെ വീട്ടിൽ കഴിയുകയായിരുന്നു. പോലീസ് എത്തി ജോർജ് കുര്യനെ അറസ്റ്റ് ചെയ്തു.
വെടിയേറ്റ അബോധാവസ്ഥയിലായ മാത്യുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. രഞ്ജുവിന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.