എരുമേലിയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി നേടി കോൺഗ്രസ്
എരുമേലി: പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ്
കമ്മിറ്റി അധ്യക്ഷസ്ഥാനത്തേക്ക് വോട്ടെടുപ്പിൽ കോൺഗ്രസിന്
വിജയം. പൊരിയന്മല വാർഡ് അംഗം ലിസി സജിയാണ് വിജയിച്ചത്.
അഞ്ച് അംഗങ്ങളുള്ള സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ യുഡിഎഫിലെ ലിസി ഉൾപ്പെടെ മൂന്ന് പേർ ലിസിക്ക് അനുകൂലമായി വോട്ട് ചെയ്തു. രണ്ട് അംഗങ്ങളാണ് എൽഡിഎഫിൽ. എതിർ സ്ഥാനാർഥിയായി മത്സരിച്ച ജെസ്ന നജീബിന് ഇവരുടെ ഉൾപ്പെടെ രണ്ട് വോട്ടുകൾ കിട്ടി. ലിസി സജി, സുനിൽ ചെറിയാൻ, പി.എസ്. സുനിമോൾ എന്നിവരാണ് യുഡിഎഫ് അംഗങ്ങൾ. ജെസ്ന നജീബ്, ഷാനവാസ് പുത്തൻവീട് എന്നിവരാണ് എൽഡിഎഫ് അംഗങ്ങൾ.
യുഡിഎഫിലെ സുനിമോളാണ് ചെയർപേഴ്സൺ പദവി നേരത്തെ വഹിച്ചിരുന്നത്. ആശാ വർക്കറായ സുനിമോൾ ഈ ജോലിയിൽ തുടരാൻ വേണ്ടി ചെയർപേഴ്സൺ പദവി രാജിവച്ചതോടെയാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ ഷമീർ വരണാധികാരി ആയിരുന്നു. സെക്രട്ടറി രേണുകാദേവി അമ്മാൾ തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.