ടയര്‍ പൊട്ടി നിയന്ത്രണംവിട്ട് കാർ തലകീഴായി മറിഞ്ഞു
കാഞ്ഞിരപ്പള്ളി: കെകെ റോഡില്‍ ഇടച്ചോറ്റിക്ക് സമീപം മുൻവശത്തെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് കാർ വൈദ്യുതി പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു. അപകടത്തിൽ രണ്ടു പേര്‍ക്ക് പരിക്കേറ്റു. തിടനാട് അമ്പാട്ടുകുന്നേല്‍ ചാക്കോ (64), കുമ്മണ്ണൂര്‍ സുരേഷ് ബാബു (58) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ പാറത്തോട് ഹൈറേഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 4.20 ഓടെയായിരുന്നു അപകടം. മുണ്ടക്കയത്തുനിന്ന് കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്ന കാറിന്റെ ടയര്‍ പൊട്ടിയതാണ് അപകടത്തിനു കാരണം.