വെടിയേറ്റ് മരിച്ച പൊട്ടംകുളം മാത്യു സ്കറിയ എന്നരാജുച്ചായൻ നാടിന് പ്രിയപ്പെട്ടവൻ
കൂട്ടിക്കൽ പഞ്ചായത്തിലെ പ്രളയബാധിതർക്ക് ഭൂമി കൈമാറുന്നതിനുള്ള സമ്മതപത്രം മാത്യു സ്കറിയ, എം.എൽ.എ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, പഞ്ചായത്ത് പ്രസിഡൻറ് പി.എസ്. സജിമോൻ എന്നിവർക്ക് കൈമാറിയപ്പോൾ (ഫയൽ ചിത്രം)
മുണ്ടക്കയം: പൊട്ടംകുളം മാത്യു സ്കറിയ എന്ന രാജുച്ചായൻ നാട്ടുകാർക്ക് നന്മയുടെ ആൾരൂപമായിരുന്നു. സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരീപുത്രന്റെ വെടിയേറ്റ് മരിച്ച മാത്യു, നാട്ടിലെ വിവിധ വിഷയങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു. കഴിഞ്ഞ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ആളുകൾക്ക് വീട് നിർമിക്കുവാൻ രണ്ട് ഏക്കർ പത്ത് സെന്റ് സ്ഥലമാണ് അദ്ദേഹം പഞ്ചായത്തിന് സൗജന്യമായി വിട്ടുനൽകിയത്.
കൂട്ടിക്കൽ ചപ്പാത്തിന് സമീപമുള്ള വില പിടിപ്പുള്ള ഭൂമിയാണ് വിട്ടുനൽകിയത്. ഇവിടെ ആറ് കുടുംബങ്ങൾക്ക് വീടുവെച്ച് നൽകണമെന്ന് അദ്ദേഹം അധികൃതരോട് പറഞ്ഞിരുന്നു. ആധാരം കൈമാറുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കും മുമ്പേ രാജുച്ചായൻ വിട പറഞ്ഞത് നാടിനെയാകെ ദുഃഖത്തിലാക്കി.
സഹോദരിയുടെ മക്കളുടെ സ്വത്ത് തർക്കം സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുവാൻ കാഞ്ഞിരപ്പള്ളിക്ക് പോയ മാത്യൂസ് സ്കറിയ, സഹോദരി പുത്രൻ കരിമ്പനാൽ രഞ്ജു കുര്യന്റെ വെടിയേറ്റാണ് മരിച്ചത്.ഭാര്യ: ആനി. മക്കൾ: രേണു, അഞ്ചു, അന്നു, നീതു. മരുമക്കൾ: മാത്തൻ ചാക്കോള, മാത്യു കുരുവിനാക്കുന്നേൽ, സൻജു ആനത്താനം, ഔസേപ്പ് പുളിക്കൽ. സംസ്കാരം വ്യാഴാഴ്ച 11-ന് കൂട്ടിക്കൽ സെൻ്റ്ജോർജ് പള്ളിസെമിത്തേരിയിൽ.