കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകം; അന്വേഷണത്തിന് പ്രത്യേക സംഘം
കാഞ്ഞിരപ്പള്ളി: സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ വാക്കേറ്റത്തിൽ ജ്യേഷ്ഠന്റെ വെടിയേറ്റു സഹോദരനും മാതൃസഹോദരനും കൊല്ലപ്പെട്ട സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ. ബാബുക്കുട്ടന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി എസ്എച്ച്ഒ റിജോ പി. ജോസ്, പള്ളിക്കത്തോട് എസ്എച്ച്ഒ പി. പ്രദീപ്, മുണ്ടക്കയം എസ്എച്ച്ഒ ഷൈൻകുമാർ, കാഞ്ഞിരപ്പള്ളി സബ് ഇൻസ്പെക്ടർമാരായ അരുണ് തോമസ്, ജോർജ്കുട്ടി കുരുവിള, കെ.കെ. വിജയമ്മ, എഎസ്ഐ കെ.ആർ. സുരേഷ്, ഷൈമ ബീഗം, രാജേഷ് മോഹൻ, പി. പ്രദീപ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
പ്രതി ജോർജ് കുര്യൻ താമസിച്ചിരുന്ന ക്ലബിൽ അന്വേഷണസംഘം പരിശോധന നടത്തി. കട ബാധ്യതയും സ്വത്ത് സംബന്ധിച്ചുള്ള മറ്റ് വിവരങ്ങളും പോലീസിനു പരിശോധനയിൽ ലഭിച്ചു. എറണാകുളത്ത് താമസിച്ചിരുന്ന ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ ക്ലബിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. കൂടുതൽ അന്വേഷണത്തിനു പാലാ സബ്ജയിലിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിന് കോടതിൽ അപേക്ഷ നൽകുമെന്ന് അന്വേഷണസംഘം ഉദ്യോഗസ്ഥർ അറിയിച്ചു. ബന്ധുക്കളെയും സംഭവ സമയത്ത് വീട്ടിൽ ജോലിക്കുണ്ടായിരുന്നവരെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. കുടുംബ വീടിനോട് ചേർന്നുള്ള രണ്ടരയേക്കർ സ്ഥലത്തെ സംബന്ധിച്ചുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. വെടിയേറ്റ് മരിച്ച കരിന്പനാൽ രഞ്ജു കുര്യന്റെ സംസ്കാരം കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയിൽ നടത്തി. മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം മാത്യു സ്കറിയായുടെ (രാജു, 78) സംസ്കാരം ഇന്ന് രാവിലെ 11ന് കൂട്ടിക്കൽ സെന്റ് ജോർജ് പള്ളിയിൽ നടക്കും.