ഭക്തിയിൽ മുങ്ങിയ ആറാട്ടോടെ പുതിയകാവിലമ്മയുടെ തിരുവുത്സവത്തിനു സമാപനമായി (വീഡിയോ)

February 23, 2018 

പൊൻകുന്നം : വ്യാഴാഴ്ച വെളുപ്പിന് സമാപിച്ച ആറാട്ട് ഘോഷയാത്രയോടെ പൊന്‍കുന്നം പുതിയകാവ് ദേവിക്ഷേത്രത്തിലെ തിരുവുത്സവം സമാപിച്ചു. നൂറുകണക്കിന് ഭക്തജനങ്ങൾ ആറാട്ടിൽ പങ്കെടുത്തു. നിറപറയൊരുക്കി വഴിയിലുടനീളം ഭക്തര്‍ അമ്മയെ സ്വീകരിച്ചു. ആറാട്ട് ഘോഷയാത്രയ്ക്ക് വിവിധ സ്ഥലങ്ങളിൽ ഭക്തിനിർഭരമായ സ്വീകരണം നല്‍കി. 

ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ ആറാട്ടുചിറയിൽ നടന്ന പുതിയകാവിലമ്മയുടെ ആറാട്ട് ഭക്തിനിർഭരമായി. കുളത്തിൽ പ്രത്യേകം സജ്ജമാക്കിയ ആറാട്ടു കടവിൽ ഉത്സവബിംബത്തെ ഒരു പീഠത്തിൽവച്ച് തന്ത്രി പീഠത്തെ പൂജിച്ച്‌ ആവാഹിച്ച്‌ പഞ്ചവാരുന്ന ജപം നടത്തി ബിംബത്തെ എടുത്ത്‌ ആചാര്യൻ നാഭിയോളം വെള്ളത്തിലിറങ്ങി നിന്നു ബിംബവുമായി മൂന്നുതവണ മുങ്ങി ഉയർന്നു. 

ക്ഷേത്രത്തിൽനിന്നു മൂലകുന്നുവഴിയാണ് ആറാട്ടുപുറപ്പാട് ആറാട്ടുകടവിലെത്തിയത്. ആറാട്ടിനുശേഷം പൊൻകുന്നം-മണിമല റോഡുവഴി നടന്ന തിരിച്ചെഴുന്നള്ളിപ്പ് ഭക്തിനിർഭരവും വർണാഭവുമായി. താലപ്പൊലിവാദ്യമേളങ്ങളുടെ അകമ്പടിയിൽ നടന്ന തിരിച്ചെഴുന്നള്ളിപ്പിനു മുൻപിൽ ചിറക്കടവ് വടക്കുംഭാഗത്തിന്റെ വേലകളി അരങ്ങേറി.

വഴിയരുകിൽ ഭക്തർ നിറച്ചുവച്ചിരുന്ന പറയെടുത്ത് അനുഗ്രഹം ചൊരിഞ്ഞായിരുന്നു പുതിയകാവിലമ്മയുടെ യാത്ര. തിരിച്ചെഴുന്നള്ളിപ്പിനു വിവിധ സ്ഥലങ്ങളിൽ ഭക്തിനിർഭരമായ സ്വീകരണം നൽകി

error: Content is protected !!