തീപന്തവുമായി കാണികളുടെ ഇടയിലേക്ക് .. നവ്യാനുഭവുമായി അംബരീഷ ചരിതം കഥകളി (വീഡിയോ)
February 24, 2018
എരുമേലി : രസച്ചരട് പൊട്ടാതെ, കഥകളിയിൽ ലയിച്ചിരുന്ന കാണികളുടെ ഇടയിലേക്ക്, സ്റ്റേജിൽ നിന്നും ദുർവാസാവ് മഹർഷി “രക്ഷിക്കണേ” എന്ന് നിലവിളിച്ചുകൊണ്ട് ഓടിയെത്തി. തൊട്ടുപിറകെ രണ്ടു കൈകളിലും തീപന്തവുമായി സുദർശനചക്രവും … കാണികളുടെ ഇടയിൽ പമ്മിയൊളിക്കുവാൻ ശ്രമിച്ച ദുർവ്വാസാവിനെ സുദർശൻ തീപന്തവുമായി കുത്തുവാൻ ശ്രമിച്ചു.. പേടിച്ചു നിലവിളിച്ചുകൊണ്ട് ദുർവാസാവ് കാണികളുടെ ഇടയിൽ നിന്നും ഇറങ്ങി ഓടി. അമ്പലത്തിന്റെ പിറകുവശത്തൂടെ ഓടിമറഞ്ഞ ദുർവ്വാസാവിന്റെ പിറകെ പന്തവുമായി ആക്രോശിച്ചുകൊണ്ടു സുദർശനനും.
അന്തവിട്ടിരുന്ന കാണികളെ അമ്പരപ്പിച്ചുകൊണ്ടു അമ്പലം ചുറ്റി ഓടി കിതച്ചെത്തിയ ദുർവാസാവ് വീണ്ടും കാണികളുടെ ഇടയിലെത്തി ഒളിക്കുവാൻ ശ്രമിച്ചു. തീപന്തവുമായി കലിയടങ്ങാതെ അലറിക്കൊണ്ട് സുദർശനൻ പിന്നാലെയും .. തന്നെ തീപ്പന്തം കൊണ്ട് കുത്തുവാൻ ശ്രമിക്കുന്ന സുദര്ശനിനിൽ നിന്നും രക്ഷനേടുവാൻ കാണികളുടെ ഇടയിൽ നിന്നും ഒരു കുട്ടിയെ പൊക്കിയെടുത്ത് തീപന്തത്തിന്റെ നേരെ നിർത്തി ദുർവാസാവ് നേരിട്ടൂ . അതുകണ്ടു നിലവിളിയോടെ പേടിച്ചരണ്ട ചില കുട്ടികൾ അമ്മമാരുടെ അടുത്തക്കു ഓടിചെന്ന് കെട്ടിപ്പിച്ചു ….ഒടുവിൽ സുദര്ശനനിൽ നിന്നും രക്ഷപെടുവാൻ മാർഗമില്ലാതെ ദുർവാസാവ് തിരികെ എത്തി അംബരീഷിനോട് മാപ്പിരന്നു.. അതോടെ സുദർശൻ തീപ്പന്തം കെടുത്തി ശാന്തനായി.. സദസ്സിലിരുന്ന കാണികൾക്കു ആശ്വാസമായി.. കുട്ടികളുടെ ചുണ്ടുകളിൽ വീണ്ടും ചിരി പടർന്നു..
എരുമേലി ധർമശാസ്താ ക്ഷേത്രത്തിൽ നടക്കുന്ന ഉൽസവത്തിന്റെ രണ്ടാം ദിവസം അരങ്ങേറിയ അംബരീഷ ചരിതം കഥകളിയുടെ ചില രംഗങ്ങൾ ആയിരുന്നു അത്. മഹാമുനിയായ ദുർവ്വാസാവിന്റെ അഹങ്കാരം തീർക്കുവാൻ മഹാവിഷ്ണു സുദർശന ചക്രം അയക്കുന്നതാണ് രംഗം. ആ മനോഹര രംഗങ്ങൾ ഇവിടെ കാണുക.
കഥകളി വിദ്യാലയം കുടമാളൂർ അവതരിപ്പിച്ച കഥകളിയിൽ കലാമണ്ഡലം ഭാഗ്യനാഥ് ദുർവ്വാസാവിനെ അവതരിപ്പിച്ചു. കലാകേന്ദ്രം വിഷ്ണു മുരളീധരൻ സുദർശനനെയും. ദുർവ്വാസാവിന്റെ വിടാതെ പിന്തുടരുന്ന സുദർശനചക്രത്തെ വിഷ്ണു മുരളീധരൻ വളരെ തന്മയത്തോടെയാണ് അവതരിപ്പിച്ചത് .. കഥകളി സമാപിച്ചപ്പോൾ കാണികൾ കരഘോഷത്തോടെയാണ് അഭിനന്ദനം അറിയിച്ചത് ..