ഡയസ്നോണിന് പുല്ലുവില ; കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിലെ 23 ഓഫീസുകളിലും കൂടി ഹാജരായവർ മൂന്നുപേർ മാത്രം
കാഞ്ഞിരപ്പള്ളി : ഡയസ്നോൺ പ്രഖ്യാപിച്ച് സമരം ചെയ്യുന്ന സർക്കാർ ജീവനക്കാരെ പിന്തിരിപ്പിക്കാമെന്നു കരുതിയത് തെറ്റി. വിവിധ ട്രേഡ് യൂണിയൻ നേതൃത്വത്തിൽ നടത്തിയ പൊതു പണിമുടക്കിൽ കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിലെ 23 ഓഫീസുകളിലും കൂടി ഹാജരായവർ മൂന്നുപേർ മാത്രം. ഭൂരിഭാഗം ഓഫിസുകളും അടഞ്ഞുകിടന്നു. കാഞ്ഞിരപ്പള്ളി തഹസീൽദാരെ കൂടാതെ ദേശീയപാത വിഭാഗം ഓഫീസിലെ രണ്ടുപേർ മാത്രമേ പണിമുടക്ക് ദിവസമായ ചൊവ്വാഴ്ച ജോലിക്ക് ഹാജരായുള്ളൂ. ഹാജരാകാത്തവർക്കെതിരെ ഡയസ്നോൺ പ്രഖ്യാപിച്ചെങ്കിലും അതിന് വിലകല്പിക്കാതെയാണ് ജീവനക്കാർ ഒന്നടങ്കം പണിമുടക്ക് നടത്തിയത്.
ഇന്ന് ഓഫിസുകൾ തുറന്നേക്കും എന്ന് കരുതി, അത്യാവശ്യ കാര്യങ്ങൾക്കായി സിവിൽ സ്റ്റേഷനിൽ പല ഓഫീസുകളിലും എത്തിയ പലരും ഓഫീസുകൾ അടച്ചുപൂട്ടിയ നിലയിൽ കാണപ്പെട്ടതിനാൽ കാര്യങ്ങൾ നടത്താനാവാതെ നിരാശരായി മടങ്ങേണ്ടി വന്നു. സാമ്പത്തിക വർഷ വർഷ അവസാനദിനങ്ങൾ ആയതിനാൽ അടിയന്തരമായി പല സർട്ടിഫിക്കറ്റുകളും വാങ്ങാൻ ആവാതെ ജനം
ബുദ്ധിമുട്ടി. പണിമുടക്ക് ദിനമായ ഇന്നലെ ഏതാനും പെട്രോൾ പമ്പുകളും , ബേക്കറികളും തുറന്നു പ്രവർത്തിച്ചിരുന്നു.സമരക്കാർ കടകൾ അടക്കണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും ചില കടക്കാർ തുറന്ന് പ്രവർത്തിച്ചു. . സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി എങ്കിലും ബസ്സുകൾ ഒന്നും തന്നെ ഓടിയില്ല.