പൊതുപണിമുടക്ക് രണ്ടാം ദിനം പൊതുഗതാഗതം മുടങ്ങി; ഹാജർനില കുറവ്

കാഞ്ഞിരപ്പള്ളി∙ പൊതുപണിമുടക്ക് 2-ാം ദിവസവും മേഖലയിൽ പൂർണം. കെഎസ്ആർടിസി ഉൾപ്പെടെ ബസുകളും ഓട്ടോ, ടാക്സി വാഹനങ്ങളും ഓടിയില്ല. നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങളെ തടഞ്ഞില്ല. മിനി സിവിൽ സ്റ്റേഷനിൽ ഇന്നലെ തുറന്ന താലൂക്ക് ഓഫിസിൽ തഹസിൽദാരും ദേശീയപാതാ വിഭാഗം ഓഫിസിൽ 2 ജീവനക്കാരും മാത്രം ജോലിക്കെത്തി. മറ്റു സർക്കാർ ഓഫിസുകൾ തുറന്നില്ല. താലൂക്കിലെ 13 വില്ലേജ് ഓഫിസുകളും തുറന്നില്ല. ദേശസാൽകൃത ബാങ്കുകളും സഹകരണ ബാങ്കുകളും പ്രവർത്തിച്ചില്ല. മേഖലയിലെ പഞ്ചായത്ത് ഓഫിസുകളും തുറന്നില്ല.

ജനറൽ ആശുപത്രിയിൽ ഡോക്ടർമാരും ജീവനക്കാരും സ്വകാര്യ വാഹനങ്ങളിലും ആംബുലൻസിലും ഡ്യൂട്ടിക്ക് എത്തിയതിനാൽ ആശുപത്രിയുടെ പ്രവർത്തനത്തെ പണിമുടക്ക് ബാധിച്ചില്ല. ഇന്നലെ ഉച്ചവരെ 476 പേരാണ് ഒപി, അത്യാഹിത വിഭാഗത്തിലായി ചികിത്സ തേടിയെത്തിയത്. ‍ ആശുപത്രിയുടെ ഓഫിസ് പ്രവർത്തിച്ചില്ല.ടൗണിലെ കടകളും തുറന്നില്ല. എന്നാൽ ഗ്രാമ പ്രദേശങ്ങളിലെ കടകൾ തുറന്നു. സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പേട്ട കവലയിൽ ധർണ നടത്തി. കേരള എൻജിഒ യൂണിയൻ, ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (സിഐടിയു), ഡിവൈഎഫ്ഐ, എസ്എഫ്ഐ എന്നിവയുടെ നേതൃത്വത്തിൽ പ്രകടനമായി പന്തലിലെത്തി അഭിവാദ്യമർപ്പിച്ചു.

സിഐടിയു ജില്ലാ പ്രസിഡന്റ് റെജി സഖറിയ ധർണ ഉദ്ഘാടനം ചെയ്തു.സിജോ പ്ലാത്തോട്ടം അധ്യക്ഷത വഹിച്ചു. ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, സിഐടിയു ജില്ലാ ട്രഷറർ വി.പി.ഇബ്രാഹിം, ജോയിന്റ് സെക്രട്ടറി വി.പി.ഇസ്മായിൽ, ഏരിയ പ്രസിഡന്റ് പി.കെ.നസീർ, സെക്രട്ടറി പി.എസ്. സുരേന്ദ്രൻ, സിപിഎം ജില്ലാ കമ്മിറ്റിയംഗം ഷമീം അഹമ്മദ്, ഏരിയ സെക്രട്ടറി കെ.രാജേഷ്, കെ.എൻ.ദാമോദരൻ, കെ.എസ്.ഷാനവാസ്, ബ്ലോക്ക് പഞ്ചായത്തംഗം ഷക്കീല നസീർ, എം.എ റിബിൻ ഷാ, ആർ. രാജേഷ്, പ്രദീപ് കുമാർ, സന്തോഷ് കുമാർ, അജാസ് റഷീദ്, ജോബി കേളിയംപറമ്പിൽ എന്നിവർ പ്രസംഗിച്ചു. പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട്, എരുമേലി എന്നിവിടങ്ങളിലും ധർണ നടത്തി.

error: Content is protected !!