തോമാച്ചൻ സാറിന്റെ ലോകത്തേക്കു ഇന്ദു ടീച്ചറും യാത്രയായി

കാഞ്ഞിരപ്പള്ളി∙ തോമാച്ചൻ സാറിന്റെ ലോകത്തേക്കു ഇന്ദു ടീച്ചറും യാത്രയായി. ആയിരങ്ങൾ നിറകണ്ണുകളോടെ ഇന്ദു ജോ‍ർജിനു യാത്രാമൊഴിയേകി. ജീവിതത്തിലും ജോലിയിലും മാതൃകയായിരുന്നു ഇല്ലിക്കമുറിയിൽ തോമസ് സെബാസ്റ്റ്യനും (തോമാച്ചൻ) ഭാര്യ കരിപ്പാപ്പറമ്പിൽ ഇന്ദുവും. ഇരുവരും 1998ൽ കാഞ്ഞിരപ്പള്ളി രൂപതാ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലെ സെന്റ് ഡൊമിനിക്സ് സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ അധ്യാപകരായി ജോലിയിൽ പ്രവേശിച്ചു. എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി സ്കൂളിലെത്തുന്ന ഗണിത ശാസ്ത്ര അധ്യാപകനും ഇംഗ്ലിഷ് അധ്യാപികയും വിദ്യാർഥികൾക്കും സഹപ്രവർത്തകർക്കും പ്രിയങ്കരരായിരുന്നു. സ്നേഹവും സൗഹൃദവും നിറച്ച് പാഠ്യവിഷയങ്ങൾ അവതരിപ്പിക്കുന്ന ഇരുവരും വിദ്യാർഥികൾക്ക് പഠനത്തിനു പ്രചോദനവും പ്രോത്സഹനവുമേകി.  2001 ഏപ്രിൽ ‍30നായിരുന്നു ഇവരുടെ വിവാഹം.

പിന്നീട് രൂപതയുടെ കീഴിലെ വിവിധ സ്കൂളുകളിൽ സേവനം ചെയ്ത തോമസ് എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ‍ പ്രിൻസിപ്പലായിരിക്കെ അർബുദ രോഗത്തെ തുടർന്ന് 2019 ഏപ്രിലിൽ 46-ാം വയസ്സിൽ മരിച്ചു. ഭർത്താവിന്റെ വേർപാട് മാനസികമായി തളർത്തിയെങ്കിലും 2പെൺമക്കളുടെ അമ്മയായ ഇവർ സങ്കടം ഉള്ളിലൊതുക്കി ജീവിതം മുന്നോട്ടു നയിക്കാൻ ശ്രമിച്ചെങ്കിലും വിധി അനുവദിച്ചില്ല. 

എരുമേലി സെന്റ് തോമസ് സ്കൂളിൽ അധ്യാപികയായിരിക്കെ 2020 ഫെബ്രുവരി 17നു ഇന്ദു ടീച്ചർ വീട്ടിൽ തലചുറ്റി വീണു. തലച്ചോറിലെ രക്തക്കുഴലിനു വീക്കമുണ്ടായി പൊട്ടിയതായിരുന്നു കാരണം.  2 ശസ്ത്രക്രിയകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. 2 വർഷമായി അബോധാവസ്ഥയിൽ ഇടപ്പള്ളിയിലെ സ്വന്തം വീട്ടിലായിരുന്നു. 47ാം വയസ്സിൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ നടന്ന സംസ്കാരച്ചചടങ്ങിൽ ബന്ധുക്കളും സഹപ്രവർത്തകരും സുഹൃത്തുക്കളും ശിഷ്യരും ഉൾപ്പെടെ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു.

error: Content is protected !!