പുലിപ്പേടി വിട്ടുമാറാതെ ടിആർ ആൻഡ് ടീ എസ്റ്റേറ്റ്
മുണ്ടക്കയം ഈസ്റ്റ്: പുലിപ്പേടി വിട്ടുമാറാതെ ടി ആർ ആൻഡ് ടീ എസ്റ്റേറ്റ്. ഇന്നലെ രാവിലെ എസ്റ്റേറ്റിലെ ഇഡികെ ഡിവിഷനിൽ ഒന്നാം ഭാഗത്ത് ഇടംപാടത്ത് ഷൈനിയുടെ പശുവിനെയാണ് എസ്റ്റേറ്റിനുള്ളിൽ കടിച്ചു കീറി കൊന്ന നിലയിൽ കാണപ്പെട്ടത്. പശുക്കിടാവിന്റെ കഴുത്തിൽ ആഴത്തിൽ പല്ലുകളും നഖവും ഇറങ്ങി പാട് കണ്ടതോടെ ഇത് പുലിതന്നെയാകാമെന്ന നിഗമനത്തിലാണ് വനംവകുപ്പ്.
കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ ഈ പ്രദേശത്ത് മാത്രം മൂന്നോളം പശുക്കളെയാണ് വന്യജീവി കടിച്ചു കൊന്ന നിലയിൽ കാണപ്പെട്ടത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇഡികെ, കൊമ്പുകുത്തി, ചെന്നാപ്പാറ, കടമാൻകുളം തുടങ്ങിയ മേഖലകളിലായി വളർത്തുനായ്ക്കളും പശുക്കൾ ഉൾപ്പെടെ ഇരുപതോളം മൃഗങ്ങളെയാണ് വന്യജീവി ആക്രമിച്ച് കൊലപ്പെടുത്തിയത്.
ഒരുമാസം മുമ്പ് ഇഡികെ രണ്ടാം ഡിവിഷനിൽ പശുക്കിടാവിനെ സമാനമായ രീതിയിൽ ചത്തനിലയിൽ കണ്ടെത്തിയതോടെ വനംവകുപ്പ് മേഖലയിൽ കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടികൂടാനായില്ല.
പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാനായി പ്രദേശത്ത് വിവിധ ഭാഗങ്ങളിൽ വനംവകുപ്പ് കാമറ സ്ഥാപിച്ചെങ്കിലും ഇതിലും പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ലയങ്ങളുടെ മുൻവശത്തുവരെ പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയതോടെ എസ്റ്റേറ്റ് മേഖല കടുത്ത ഭീതിയിലാണ്. ഇന്നലെ പശുവിനെ ചത്തനിലയിൽ കണ്ടെത്തിയത് ഇഡികെ പോസ്റ്റ് ഓഫീസിനു പിന്നിലായി തൊഴിലാളികൾ പാൽ അളക്കുന്ന സ്റ്റോറിന് സമീപമാണ്.
ഇത് തൊഴിലാളികളെ കൂടുതൽ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. അടിയന്തരമായി മേഖലയിൽ കൂടുതൽ കൂട് സ്ഥാപിച്ച് പുലിയെ പിടികൂടാൻ വനംവകുപ്പ് തയാറാകണമെന്നും വന്യജീവികൾ ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ വൈദ്യുതിവേലി അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.