പോലീസ് വകുപ്പിന്റെ അഭിമാനമായി എസ്. ഐ. അൻസൽ
January 27, 2018
കോടതിവിധിയെ തുടർന്നു വീടുവിട്ട് ഇറങ്ങേണ്ടി വന്ന ബബിതയ്ക്കും മകൾ സൈബയ്ക്കും സ്വപ്നഭവനം നിർമ്മിച്ച് നൽകിയതിൽ മുഖ്യപങ്കു വഹിച്ചത് കാഞ്ഞിരപ്പള്ളി എസ് എ അൻസൽ അബ്ദുൾ എന്ന എ. എസ് അൻസൽ. മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഉത്തമ പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ അൻസൽ കേരള പോലീസിന്‍റെ മുഴുവൻ അഭിമാനമായി. തന്റെ ഔദ്യോഗിക ജോലി സമയത്തു വളരെ കർശനമായി പെരുമാറുന്ന അൻസൽ, ജോലി സമയം കഴിയുമ്പോൾ കാരുണ്യം നിറഞ്ഞുകവിയുന്ന മനുഷ്യസ്നേഹിയായ മാറുന്ന കാഴ്ച കാഞ്ഞിരപ്പള്ളിയിലെ ജനങ്ങൾ നിറഞ്ഞ മനസ്സോടെയാണ് നോക്കികണ്ടത് .
കാഞ്ഞിരപ്പള്ളി : നിയമപാലനത്തിൽ വിട്ടുവീഴ്‌ചയില്ലാതെ, സഹജീവികൾക്ക് എങ്ങനെ തണലായി മാറുവാൻ പോലീസിന് സാധിക്കും എന്ന് ബബിതയ്ക്ക് സ്നേഹഭവനം നിർമ്മിച്ചതിലൂടെ തെളിയിച്ചിരിക്കുകയാണെന്നു കാഞ്ഞിരപ്പള്ളി സി ഐ ഷാജു ജോസ് പറഞ്ഞു. അതിൽ മുഖ്യ പങ്കു വഹിച്ചത് കാഞ്ഞിരപ്പള്ളി എസ് ഐ എ എസ് അൻസൽ ആണെന്നും അദ്ദേഹം പറഞ്ഞു.
നിരാലബയ ഒരു സ്ത്രീയെ കുടിയൊഴിപ്പിക്കേണ്ടിവന്ന സാഹചര്യത്തിൽ പോലീസിന് സമൂഹമധ്യത്തിൽ ഉണ്ടായ പ്രതിച്ഛായ ശോഷണത്തിനു പരിഹാരമായാണ് ബബിതയ്ക്കു പുതിയ ഒരു വീട് പോലീസിന്റെ മേൽനോട്ടത്തിൽ ഉണ്ടാക്കുവാൻ മുന്നിട്ടിറങ്ങിയതെന്നു കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി ഇമ്മാനുവേൽ പോൾ പറഞ്ഞു. ബബിതയ്ക്കു പുതിയ വീട് പണിതു കൊടുക്കണം എന്നത് എസ് ഐ അൻസലിന്റെ നിശ്ചയദാർഢ്യം ആയിരുന്നുവെന്നു അദ്ദേഹം പറഞ്ഞു.
കാക്കിക്കുള്ളിലും മനസാക്ഷിയുള്ള ഒരു മനസുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് കാഞ്ഞിരപ്പള്ളി എസ്ഐ എ.എസ്.അൻസൽ. തന്‍റെ ഒൗദ്യോഗിക കൃത്യനിർവഹണത്തിന്‍റെ ഭാഗമായി രോഗിയായ അമ്മയെയും സ്കൂൾ വിദ്യാർഥിനിയായ മകളെയും ഒറ്റമുറി വീട്ടിൽ നിന്നും അൻസൽ ഒഴിപ്പിച്ചത് മനസില്ലാ മനസോടെയാണ്. കോടതി ഉത്തരവ് നടപ്പാക്കാതെ അദ്ദേഹത്തിന് മറ്റ് നിർവാഹമില്ലായിരുന്നു.
എന്നാൽ ഉത്തരവ് നടപ്പാക്കി പൊടിതട്ടി പോകാൻ അദ്ദേഹം തയാറായില്ല. അനാഥരായ ആ അമ്മയെയും മകളെയും തന്നാൽ കഴിയുന്ന രീതിയിൽ സഹായിക്കാൻ അൻസൽ എന്ന മനുഷ്യസ്നേഹി മുന്നിട്ടിറങ്ങിയതോടെ ഒരുപാട് സുമനസുകൾ സഹായവുമായി എത്തി. മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഉത്തമ പോലീസുകാരൻ എന്ന നിലയിൽ അൻസൽ കേരള പോലീസിന്‍റെ മുഴുവൻ അഭിമാനമായി.
കോടതി ഉത്തരവിനെ തുടർന്നാണ് കാഞ്ഞിരപ്പള്ളി പൂതക്കുഴി സ്വദേശിനിയായ ബബിതയ്ക്കും മകൾ സൈബയ്ക്കും വീട് നഷ്ടപ്പെട്ട് പെരുവഴിയിൽ ഇറങ്ങേണ്ടിവന്നത്. രോഗിയായ ബബിതയെ എസ്ഐയും സംഘവും കിടക്കയോടെ വീട്ടിൽ നിന്ന് ഒഴിപ്പിക്കുകയായിരുന്നു. എസ്ഐ അൻസലിന്‍റെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടി. ആരോരും ആശ്രയമില്ലാത്ത ആ അമ്മയും മകൾക്കും പിന്നീട് അൻസലിന്‍റെ നേതൃത്വത്തിൽ നൽകിയ സഹായം ചെറുതൊന്നുമല്ല.
വീട്ടിൽ നിന്നും ഇറക്കിവിട്ട അന്നു മുതൽ അവരുടെ എല്ലാ ആവശ്യങ്ങൾക്കും അൻസൽ ഒപ്പം നിന്നു. കാഞ്ഞിരപ്പള്ളി ജനമൈത്രി പോലീസും ജമാ അത്ത് ഭാരവാഹികളും സഹായത്തിന് എത്തിയതോടെ ബബിതയും മകളും സനാഥരായി. പിന്നീട് പലരെയും സമീപിച്ചു വീട് നിർമ്മിക്കുന്നതിനാവശ്യമായ പണവും സാധന സാമഗ്രികളും സംഘടിപ്പിക്കുന്നതിൽ എസ് ഐ അൻസൽ മുഖ്യപങ്കു വഹിച്ചു. അദ്ദേഹത്തിന്റെ മേലധികാരികൾ പൂർണമായ സഹകരണം നൽകിയതോടെ പോലീസിന്റെ കാരുണ്യം നിറഞ്ഞ മുഖം പൊതുജനങ്ങൾക്ക് ദർശിക്കുവാൻ സാധിച്ചു.
ബബിതയുടെ വീട് ഒഴിപ്പിച്ചിട്ടു, പത്തുമാസവും ആറു ദിവസവും കഴിഞ്ഞപ്പോൾ , ബബിതയ്ക്കു സ്വപ്ന ഭവനം നിർമ്മിച്ച് നൽകിയത് അൻസൽ അബ്ദുൾ എന്ന എസ് ഐ എ എസ് അൻസലിന്റെ നിശ്ചയദാർഢ്യം ഒന്നുമാത്രമാണ് .
കോടതിവിധിയെ തുടർന്നു വീടുവിട്ട് ഇറങ്ങേണ്ടി വന്ന ബബിതയ്ക്കും മകൾ സൈബയ്ക്കും സ്വപ്നഭവനം നിർമ്മിച്ച് നൽകിയതിൽ മുഖ്യപങ്കു വഹിച്ചത് കാഞ്ഞിരപ്പള്ളി എസ് എ അൻസൽ.
വാർത്ത വിശദമായി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക : goo.gl/n8Gx4v