കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ നസ്രാണി മങ്ക
December 22, 2017
കാഞ്ഞിരപ്പള്ളി: സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ ക്രിസ്മസ് ആഘോഷം അവിസ്മരണീയമായി. ഇത്തവണ വ്യത്യസ്‍തമായ മത്സരങ്ങളാണ് അരങ്ങേറിയത്. നസ്രാണി മങ്ക, ക്രിസ്മസ് പപ്പ, കാരൾ ഗാനം മുതലായ മത്സരങ്ങൾക്കു കുട്ടികൾ ആവേശത്തോടെ പങ്കെടുത്തതോടെ ആവേശം ഇരട്ടിയായി. ആവേശം അതിരുകടന്നതോടെ കുട്ടികൾക്കൊപ്പം അധ്യാപകരും സിസ്റേഴ്സും ഡാൻസിന് ചുവടുവച്ചു.
നസ്രാണിമങ്ക മത്സരത്തിന് അറുപത്തി നാല് വിദ്യാർത്ഥിനികൾ പങ്കെടുത്തു. ചട്ടയും, മുണ്ടും, കുണുക്കും, ധരിച്ചു കാലൻകുടയും പിടിച്ചു തനി നസ്രാണിമങ്കമാരായി കുട്ടികൾ അരങ്ങ് വാണു. സെന്റ് മേരീസ് സ്‌കൂളിലെ നസ്രാണി പെൺകുട്ടികളെ ബഹുദൂരം പിന്നിലാക്കികൊണ്ടു മുസ്ലിം പെൺകുട്ടിയായ, വെള്ളാരം കണ്ണുകളുള്ള കൊച്ചു സുന്ദരിക്കുട്ടി ഫാത്തിമ സുനിൽ നസ്രാണി മങ്കമാരിൽ ഒന്നാം സമ്മാനം നേടിയെടുത്തു .
കടുത്ത മത്സരമാണ് മങ്കമാർ നടത്തിയത്. അഞ്ച് മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥിനികൾ മത്സരത്തിൽ പങ്കാളികളായി. വേഷത്തിനും, മേക്കപ്പിനും, ആഭരണത്തിനും, നടപ്പിനും, സംസാരത്തിനും ജഡ്ജസ് സൂക്ഷമതയോടെ മാർക്കിട്ടു. അവസാന മത്സരത്തിന് കുട്ടികളോട് വിവിധ ചോദ്യങ്ങൾ ചോദിച്ചു അവരുടെ പൗരബോധവും വിലയിരുത്തി. പെൺകുട്ടികൾ മാത്രമുള്ള സ്കൂഒളിൽ പഠിക്കുന്നതുകൊണ്ടു എന്താണ് പ്രയോജനം എന്ന ചോദ്യത്തിന് , ആൺകുട്ടികൾ ഇല്ലാത്തതിനാൽ പെൺകുട്ടികളോട് അവരുടെ സ്വകാര്യ പ്രശനങ്ങളെപ്പറ്റിയും, സമൂഹത്തിൽ സുരക്ഷിതരായി ജീവിക്കുന്നതിനെക്കുറിച്ചും അധ്യാപികമാർക്കു കൂടുതൽ നന്നായി തുറന്നു ചർച്ച ചെയ്യുവാൻ സാധിക്കുന്നുണ്ട് എന്ന മത്സരാർഥിയുടെ ഉത്തരത്തെ കുട്ടികൾ നിറഞ്ഞ കൈയടികളോടെയാണ് പ്രോത്സാഹിപ്പിച്ചത്.
ക്രിസ്മസ് ആഘോഷങ്ങൾ കോർപ്പറേറ്റ് മാനേജർ ഫാ. സഖറിയാസ് ഇല്ലിക്കമുറിയിൽ ഉദ്ഘാടനം ചെയ്തു. കെസിഎസ്എൽ ഡയറക്ടർ ഫാ. ജിൻസ് കിഴക്കേൽ, മാനേജർ സിസ്റ്റർ സാലി സിഎംസി, ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോവാൻ സിഎംസി, പിടിഎ പ്രസിഡന്റ് സെബാസ്റ്റ്യൻ ജോർജ് എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ ആലീസ് സെൻ, നിസ സുനിൽ തുടങ്ങിയവർ നേതൃത്വം നൽകി.
ചടങ്ങുകൾക്ക് മുന്നോടിയായി വാദ്യമേളങ്ങളോടെ ക്രിസ്സ്മസ് പാപ്പാമാരും, നസ്രാണി മങ്കമാരും മറ്റു കുട്ടികളും ചേർന്ന് വാദ്യമേളങ്ങളോടെ ക്രിസ്മസ് റാലിയും നടത്തി.