കെഎസ്ഇബി ഓഫീസ് എക്സ്റ്റൻഷൻ കൗണ്ടർ സിവിൽ സ്റ്റേഷനിൽ ആരംഭിക്കണം
കാഞ്ഞിരപ്പള്ളി: കെഎസ്ഇബി ഓഫീസ് കാഞ്ഞിരപ്പള്ളി പുത്തനങ്ങാടിയിൽ നിന്നും മണ്ണാറക്കയം ടിബി റോഡിലേക്ക് മാറ്റിയതുമൂലം വൈദ്യുതി ബില്ലുകൾ അടക്കാൻ വരുന്ന സാധാരണക്കാരായ ആളുകൾ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നതായി കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. ദിവസേന കാഞ്ഞിരപ്പള്ളിയിൽ വൈദ്യുതി ബില്ലുകൾ അടക്കാൻ എത്തിച്ചേരുന്ന വാഹന സൗകര്യമില്ലാത്ത സാധാരണക്കാർക്ക് കാൽനടയായോ ഓട്ടോക്കൂലി നൽകിയോ മണ്ണാറക്കയത്ത് എത്തേണ്ട സാഹചര്യമാണുള്ളത്. പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷനിൽ ഇലക്ട്രിസിറ്റി ബില്ലുകൾ സ്വീകരിക്കുന്നതിന് കെഎസ്ഇബിയുടെ എക്സ്റ്റൻഷൻ കൗണ്ടർ തുറക്കുന്നതിനു ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു വൈദ്യുതിമന്ത്രിക്ക് നിവേദനം നൽകുന്നതിന് മണ്ഡലം കമ്മിറ്റി തീരുമാനിച്ചതായി പ്രസിഡന്റ് റോണി കെ. ബേബി അറിയിച്ചു.