ചിറ്റാർപുഴ പുനർജനി പദ്ധതിക്ക് ഏപ്രിൽ 18 ന് തുടക്കം കുറിക്കും
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ടൗൺ ചുറ്റിയൊഴുകുന്ന, ചിറ്റാർപുഴ വൃത്തിയാക്കൽ പദ്ധതിയായ ‘ ചിറ്റാർപുഴ പുനർജനി പദ്ധതിക്ക്’ ഏപ്രിൽ 18 ന് തുടക്കം കുറിക്കുവാൻ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം തീരുമാനിച്ചു.
കാഞ്ഞിരപ്പള്ളി പേട്ടക്കവല, ആനക്കല്ല് എന്നിവിടങ്ങളിലാണു് ആദ്യ ദിവസം മണ്ണമാന്തി യന്ത്രം ഉപയോഗിച്ച്, ചിറ്റാർപുഴയിലെ മാലിന്യങ്ങളും മണലും ചെളിയും നീക്കം ചെയ്യുക.
പദ്ധതിയുടെ ആലോചനായോഗം ഗവ.ചീഫ് വിപ്പ് ഡോ: എൻ ജയരാജ് ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് റോസമ്മ തോമസ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ വി എൻ രാജേഷ്, ശ്യാമള ഗംഗാധരൻ, ജില്ലാ പഞ്ചായത്ത് അംഗം ജസി ഷാജൻ, പഞ്ചായത്ത് സെക്രട്ടരി ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.
തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, ഹരിതകർമ്മ സേന, ജനപ്രതിനിധികൾ, വളണ്ടിയർമാർ, സന്നദ്ധസംഘടന അംഗങ്ങൾ, ഇറിഗേഷൻ വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് ചിറ്റാർപുഴ വൃത്തിയാക്കുന്നത് .