സ്കൂൾ വിദ്യാർത്ഥികളായ സഹോദരങ്ങൾക്ക് പുരസ്‌കാരം
പൊൻകുന്നം : തിരുവനന്തപുരം ആസ്ഥാനമായി വിവിധ രാജ്യങ്ങളിൽ ചാപ്റ്ററുകളുള്ള സത്യജിത്ത് റേ ഫിലിം സൊസൈറ്റിയുടെ പുരസ്‌കാരം പൊൻകുന്നം സ്വദേശികളായ സഹോദരങ്ങൾക്ക്. പൊൻകുന്നം നന്ദനം വീട്ടിൽ പ്രദീപ് ഗോപിയുടെയും സ്മിതയുടെയും മക്കളായ നന്ദൻ, നിള, നളന്ദ എന്നിവർക്കാണ് പുരസ്‌കാരം. കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം.സ്‌കൂളിലെ വിദ്യാർഥികളാണ് മൂവരും. നന്ദൻ ഏഴാംക്ലാസിലും നിള അഞ്ചാംക്ലാസിലും നളന്ദ രണ്ടാംക്ലാസിലുമാണ് പഠിക്കുന്നത്.
സത്യജിത്ത് റേ ഫിലിം സൊസൈറ്റിയുടെ ഫിലിം, മിനി സ്‌ക്രീൻ, ഷോർട്ട് ഫിലിം, ഡോക്യുമെന്ററി അവാർഡ് 2021-ൽ സോഷ്യൽ മീഡിയ വിഭാഗത്തിൽ ബെസ്റ്റ് ആർട്ടിസ്റ്റിക് പ്രസന്റേഷനിലാണ് പുരസ്‌കാരം.
പത്താം തീയതി തിരുവനന്തപുരം ഭാരത് ഭവനിൽ നടക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുരസ്‌കാരം സമ്മാനിക്കുമെന്ന് രക്ഷാധികാരി ബാലു കിരിയത്ത്, ജനറൽ സെക്രട്ടറി അഡ്വ.ബിന്ദു, വർക്കിങ്‌സെക്രട്ടറി എസ്.ശ്രീകുമാർ എന്നിവർ അറിയിച്ചു.
സിനിമ സംവിധായകൻ സാജൻ ജൂറി ചെയർമാനും മോഹൻ ശർമ, കല്ലിയൂർ ശശി, ഡോ.രാജാ വാര്യർ, ബീന രഞ്ജിനി, കലാമണ്ഡലം ശ്രീദേവി, അഡ്വ.എച്ച്.കെ. രാധാകൃഷ്ണൻ, ഡോ.സൗമ്യ സനാതനം എന്നീ ജൂറി അംഗങ്ങളും ചേർന്നാണ് ജേതാക്കളെ കണ്ടെത്തിയത്.