60 ലക്ഷം രൂപ മുടക്കി കന്റീനു വേണ്ടി നിർമിച്ച കെട്ടിടത്തിൽ അടുക്കള പോലുമില്ല

കാഞ്ഞിരപ്പള്ളി ∙ ദുരവസ്ഥയിലാണ് ജനറൽ ആശുപത്രിയിലെ കന്റീൻ. നിലവിൽ പ്രവർത്തിക്കുന്ന വർഷങ്ങൾ പഴക്കമുള്ള കെട്ടിടം അതീവ ശോചനീയ സ്ഥിതിയിലായി‍. എന്നാൽ കന്റീനു വേണ്ടി പുതിയതായി പണിത കെട്ടിടത്തിലോ അടുക്കള പോലുമില്ല. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ മുടക്കി കന്റീനു വേണ്ടി നിർമിച്ച പുതിയ കെട്ടിടത്തിലും‍ ആവശ്യമായ സൗകര്യമില്ലാത്തതിനാൽ വീണ്ടും പഴയ കെട്ടിടത്തിൽ പ്രവൃത്തിക്കുകയാണ് ഇപ്പോൾ കന്റീൻ. ഇവിടെ നിന്നുള്ള മലിന ജലം എക്സ്റേ യൂണിറ്റിനു പിന്നിൽ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്.

പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടത്തിന്റെ ചോർച്ച തടയാൻ മേൽക്കൂരയിൽ ടാർപോളിൻ ഇട്ടു മൂടിയിരിക്കുകയാണ്.കെട്ടിടം ശോച്യാവസ്ഥയിലായതോടെയാണ് പുതിയ കെട്ടിടം നിർമിച്ചത്. എന്നാൽ നിർമാണം പൂർത്തിയാക്കിയ പുതിയ കെട്ടിടത്തിൽ അടുക്കളയ്ക്കു സൗകര്യമില്ല. കടമുറികൾ പോലെ ഷട്ടറുകളിട്ടു പണിത കെട്ടിടത്തിൽ പൈപ്പ് കണക്‌ഷൻ ഇല്ല,‍ മാലിന്യ നിർമാർജനത്തിനും സൗകര്യമില്ല. പോസ്റ്റ്മോർട്ടം മുറിയുടെ സമീപത്ത് നിർമിച്ച പുതിയ കെട്ടിടത്തിൽ കന്റീൻ തുടങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് പഴയ കന്റീൻ വീണ്ടും ലേലം ചെയ്തു നൽകിയത്. 

പുതിയ കെട്ടിടത്തിൽ കന്റീൻ പ്രവർത്തിപ്പിക്കാൻ ഇനിയും ഒട്ടേറെ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. ഇതിനു കാലതാമസം ഉണ്ടാകുമെന്നതിനാലാണ് പഴയ കെട്ടിടം വീണ്ടും ഉപയോഗപ്പെടുത്തി കന്റീൻ പ്രവർത്തിപ്പിക്കാൻ ആശുപത്രി വികസന സമിതി തീരുമാനിച്ചത്. പുതിയ കെട്ടിടത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതു വരെ പഴയ കെട്ടിടത്തിൽ മാർച്ച് മാസം വരെ പ്രവർത്തിപ്പിക്കാനുള്ള അനുമതിയാണ് നൽകിയത്. എന്നാൽ മാർച്ച് മാസം കഴിഞ്ഞിട്ടും പുതിയ കെട്ടിടത്തിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. 

error: Content is protected !!